കാശ്മീരിലേക്ക് ഒരു യാത്ര ഒരിക്കലെങ്കിലും സ്വപ്നം കാണാത്തവരായി നമ്മളിലാരും കാണില്ല, അവിടുത്തെ താഴ്വാരങ്ങളും പർവ്വതങ്ങളും ശിക്കാര വള്ളവും പൗരാണിക ഗ്രാമങ്ങളും എല്ലാം കണ്ടുമടങ്ങുന്ന ഒരു സുന്ദര യാത്ര. അങ്ങനെ വലിയ ചിലവില്ലാതെ, പോക്കറ്റ് കാലിയാക്കാതെ, കാശ്മീരിലേക്ക് പോകണമെങ്കിൽ ഇതാ ഈ മേയ് മാസം വരെ കാത്തിരുന്നാൽ മതി. കാശ്മീര്‍ മാത്രമല്ല, താജ്മഹലും ആഗ്രയും സുവർണ്ണ ക്ഷേത്രവും ഒക്കെ കണ്ട, ഈ മധ്യവേനലവധി കുറേ ഓർമ്മകളുള്ള ഒരു യാത്രയാക്കി മാറ്റാം...

ഭാരത് ഗൗരവ് ട്രെയിനിൽ കാശ്മീരിലേക്ക്
11 രാത്രിയും 12 പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും ഭംഗിയാർന്ന, കുറേയധികം കാഴ്ചകൾ കണ്ട് കാശ്മീരിലെത്തുന്ന വിധത്തിലാണ് ഈ യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. കോയമ്പത്തൂരിൽ നിന്നാരംഭിച്ച് ശ്രീനഗർ , കാശ്മീർ വാലി, ഗാർഡനുകൾ, സോനാമാർഗ്, ഗുൽമാർഗ്, സുവർണ്ണ ക്ഷേത്രം, താജ്മഹൽ തുടങ്ങിയ പ്രധാന ഇടങ്ങളെല്ലാം യാത്രയിൽ കടന്നു പോകുന്നു.
ഇന്ത്യന്‍ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിൻ പോളിസിക്ക് കീഴിൽ സർവീസ് നടത്തുന്ന ഉലാ റെയിൽ ആണ് യാത്രാ പാക്കേജ് സംഘടിപ്പിക്കുന്നത്. അവധിക്കാലത്ത് കുറച്ചു ദിവസങ്ങൾ യാത്രകൾക്കായി മാറ്റിവയ്ക്കുവാനും കാശ്മീരും ആഗ്രയും പോലുള്ള ഇടങ്ങൾ സന്ദർശിക്കുവാനും ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കുവാൻ സാധിക്കുന്ന ഒരു പാക്കേജാണിത്. മേയ്പ 11ന് ആരംഭിക്കുന്ന യാത്ര 14-ാം തിയതി ഉദ്ദംപൂരിലെത്തിയ ശേഷം റോഡ് മാർഗ്ഗത്തിലേക്ക് മാറും. അവിടുന്ന് കാശ്മീരും സോനാമാര്‍ഗും ഉൾപ്പെടെയുള്ള ഇടങ്ങൾ സന്ദര്‍ശിച്ച ശേഷം തിരികെ ഉദ്ദംപൂരിലെത്തി ട്രെയിനിൽ അമൃത്സറിലേക്ക് പോകും. അവിടുന്ന സുവർണ്ണ ക്ഷേത്രവും അതിർത്തിയും സന്ദര്‍ശിച്ച് ആഗ്രയിലേക്ക് വരും. 20-ാം തിയതി താജ്മഹൽ സന്ദർശിച്ച് രാത്രിയോടു കൂടി മടക്കയാത്ര ആരംഭിക്കും. 22ന് തിരികെ കോയമ്പത്തൂരിൽ മടങ്ങിയെത്തും.

ആറായിരം കിലോമീറ്റർ യാത്ര
ട്രെയിൻ മാര്‍ഗ്ഗവും റോഡ് മാർഗ്ഗവും പോകുന്ന യാത്രയിൽ ആകെ സഞ്ചരിക്കുന്നത് ആറായിരത്തോളം കിലോമീറ്റർ ദൂരമാണ്. കോയമ്പത്തൂരിൽ നിന്ന് ഈറോഡ്, സേലം, ധർമ്മപുരി, ഹൊസൂർ, യെലഹങ്ക, പെരമ്പൂർ, വിജയവാഡ, വാറംഗൽ എന്നീ സ്റ്റേഷനുകളിൽ ബോർഡിങ്ങിനും ഡീ ബോർഡിങ്ങിനും സൗകര്യമുണ്ട്.
സന്ദർശിക്കുന്ന സ്ഥലങ്ങൾ
കാശ്മീരിൽ ശ്രീനഗർ, കാശ്മീര്‍ വാലി, ദാല്‍ തടാകം, ശിക്കാര ബോട്ട് യാത്ര, മുഗൾ ഗാർഡനുകൾ, സോനാ മാർഗ്, സിന്ധ് വാലി, ഗുൽമാര്‍ഗ്, അമൃത്സർ, സുവർണ്ണ ക്ഷേത്രം, ഇന്ത്യ-പാക്ക് അതിർത്തി, ആഗ്രാ കന്‍റോൺമെന്‍റ്, താജ്മഹൽ എന്നിവിടങ്ങളാണ് ഈ യാത്രയില്‍ കാണുവാൻ സാധിക്കുന്ന ഇടങ്ങൾ.

ടിക്കറ്റ് നിരക്ക്
തേഡ് ക്ലാസ് എസി, 1 എസി, 2 എസി എന്നീ കോച്ചുകളിലായാണ് യാത്ര നടത്തുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന സൗകര്യത്തിനനുസരിച്ചാണ് ടിക്കറ്റ് നിരക്ക്. തേഡ് ക്ലാസ് എസിയിലാണ് ഏറ്റവും കുറഞ്ഞ നിരക്ക്, ₹41,950 രൂപ. സെക്കൻഡ് ക്ലാസ് എസിയിൽ 54,780 രൂപയും ഫസ്റ്റ് ക്ലാസ് എസിയിൽ 64,990 രൂപയും ടിക്കറ്റ് നിരക്ക് വരും.
ഇതിൽ ട്രെയിൻ ടിക്കറ്റ്, വിവിധ ഇടങ്ങളിലേക്കുള്ള യാത്രകൾ, അമൃത്സറിൽ ഫ്രഷ് ആകുവാനുള്ള റൂം സൗകര്യം, ശ്രീ നഗറില്‍ റൂം സൗകര്യം, യാത്രയിലുടനീളം വെജിറ്റേറിയൻ ഭക്ഷണം, ഓരോ ദിവസവയും 2 ലിറ്റർ വീതം കുടിവെള്ളം, സെക്യൂരിറ്റി സർവീസ്, കോഡിനേറ്റർ സർവീസ് എന്നിവ പൊതുവായി ഉൾപ്പെട്ടിരിക്കുന്നു.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന യാത്രയിൽ എട്ട് 3 എസി കോച്ചുകൾ, മൂന്ന് 2 എസി-3 കോച്ചുകൾ, ഒരു -01 എസി കോച്ചുകൾ, 2 - പാൻട്രി കാർ, എന്നിവയുണ്ടായിരിക്കും. 986 പേർക്കാണ് ഈ ട്രെയിനിൽ യാത്ര ചെയ്യുവാൻ അവസരമുള്ളത്. ദക്ഷിണേന്ത്യൻ ഭക്ഷണം യാത്രയിലൂടനീളം ലഭിക്കും.
കേരളത്തിൽ നിന്നുള്ളവർക്ക് പാലക്കാട് വഴി കോയമ്പത്തൂരിലെത്തി ഈ യാത്രയിൽ പങ്കെടുക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















