ഗവി ഏകദിന യാത്ര: കണ്ണെത്തുന്നിടത്തെല്ലാം പച്ചപ്പ്.. ഇരുവശവും നിറഞ്ഞു നിൽക്കുന്ന മരങ്ങൾക്കു നടുവിലെ ടാറിട്ട വഴിയിലൂടെ യാത്ര.. പെട്ടന്നു വന്ന് കുറച്ചുനേരം കൂട്ടുകൂടി നിന്ന് കോടമഞ്ഞിന് വഴിമാറുന്ന കാറ്റ്. മുന്നോട്ടു പോകുംതോറും മാറിവരുന്ന കാലാവസ്ഥ. മഴക്കാലമാണെങ്കിൽ പെയ്യാൻ കൊതിച്ചു നിൽക്കുന്ന മഴ മേഘങ്ങളും യാത്രയിൽ കൂട്ടുവരും. ഇങ്ങനെ ആരും കൊതിക്കുന്ന കുറേ കാഴ്ചകളിലേക്ക് സഞ്ചാരികളെ വിളിക്കുന്ന ഇടമാണ് പത്തനംതിട്ടയിലെ ഗവി.
മഴയുണ്ടോ ഇല്ലയോ എന്നത് ഗവിയുടെ ഭംഗി അല്പംപോലും കുറയ്ക്കുന്നില്ലെങ്കിലും ഭംഗി ഇത്തരി കൂടുന്നത് മഴക്കാലത്ത് തന്നെയാണ്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഗവി പാക്കേജുകൾ കൊണ്ടുവന്നതോടെയാണ് ഗവിയിലേക്ക് സഞ്ചാരികൾ ഇത്രയധികം വന്നുതുടങ്ങിയത്. എല്ലാ ജില്ലകളിൽ നിന്നുമുള്ള പാക്കേജ് ഇന്നും വൻ വിജയമായി തുടരുകയാണ്.

PC: KFDC Eco Tourism
ഇവിടേക്ക് സന്ദർശകരായി എത്തിച്ചേരാവുന്ന ആളുകളുടെ എണ്ണത്തിൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്നു തരത്തിലാണ് നിങ്ങൾക്ക് ഗവി സന്ദർശിക്കുവാൻ സാധിക്കുക. ഒന്ന് പത്തനംതിട്ട-ഗവി-കുമളി റൂട്ടിലും തിരിച്ചും സർവീസ് നടത്തുന്ന കെഎസ്ആര്‍ടിസി ഗവി ഓർഡിനറി ബസ് സർവീസ്, അല്ലെങ്കിൽ കെഎസ്ആർടിസിയുടെ ഗവി പാക്കേജ് ടൂർ, അതുമല്ലെങ്കിൽ നിങ്ങളുടെ സ്വന്തം വാഹനത്തിൽ.
സ്വന്തം വാഹനത്തിൽ ഗവിയിലേക്കുള്ള യാത്രയെങ്കിൽ ഓർത്തിരിക്കേണ്ട കാര്യം ഒരു ദിവസം 60 വാഹനങ്ങൾക്കു മാത്രമാണ് ഗവിയിലൂടെ കടന്നു പോകാൻ അനുമതിയുള്ളത്. അതുകൊണ്ടുതന്നെ മുൻകൂട്ടി അനുമതിയില്ലാതെ ഇവിടേക്ക് വരിക എന്നത് സാധ്യമായേക്കില്ല.

PC: KFDC Eco Tourism
ഒരു പകൽ ഗവിയിൽ
കുട്ടികൾക്കും കുടുംബക്കാർക്കും അല്ലെങ്കിൽ കൂട്ടുകാർക്കൊപ്പമോ ഗവിയിൽ ഒരു പകൽ മുഴുവന്‍ ചെലവഴിക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ കെഎസ്ഡിസിയുടെ പാക്കേജ് ലഭ്യമാണ്. Day Trip At Gavi- ഡേ ട്രിപ്പ് അറ്റ് ഗവി എന്നു പേരിട്ടിരിക്കുന്ന പാക്കേജിൽ ഒരു ദിവസം 50 ടിക്കറ്റുകളാണ് ലഭ്യമായിട്ടുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഒരു ഗവി യാത്രയായിരിക്കുമിത്.
ഗവി ഏകദിന യാത്രാ പാക്കേജ്
രാവിലെ 8.00 മണിക്കും 8.30നും ഇടയിൽ ഗവിയിൽ എത്തിച്ചേര്‍ന്ന് ആരംഭിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ യാത്ര. പ്രഭാദ ഭക്ഷണത്തിനു ശേഷം യാത്ര ആരംഭിക്കുന്നത് ഗവിയിലെ പ്ലാന്‍റേഷൻ തോട്ടങ്ങളിലൂടെയുള്ള യാത്രയിലൂടെയാണ്. ഗവിയുടെ പ്രകൃതി ഭംഗി പൂർണ്ണമായും ആസ്വദിക്കാൻ സാധിക്കുന്ന ഈ യാത്രയില് നിങ്ങളുടെ സഹായത്തിനായി പരിശീലനം ലഭിച്ച ഒരു ഗൈഡും ഒപ്പമുണ്ടായിരിക്കും.
നടത്തത്തിനു ശേഷം തിരികെയെത്തി വിഭവസമൃദ്ധമായ ഒരു ഉച്ചയൂണും ഇവിടെ ഒരുക്കിയിട്ടുണ്ട്. അതിനു ശേഷം കുറച്ചു നേരം വിശ്രമിച്ച് അടുത്ത അങ്കത്തിനായി ഒരുങ്ങാം. ഗവിയിലെ തടാകത്തിലൂടെയുള്ള ബോട്ടിങ് ശാന്തവും അത് നല്കുന്ന കാഴ്ചകൾ നോക്കിയാൽ ത്രില്ലിങ്ങും ആണ്. ഏലത്തോട്ടങ്ങളുടെ സുഗന്ധം ആസ്വദിച്ച് തോട്ടത്തിലേക്ക് കടക്കുന്നതോടെ നിങ്ങൾ വേറൊരു ലോകത്തെത്തും.

അവിടുന്ന് ഗവി ടൂറിസ്റ്റ് സ്ഥലങ്ങളിൽ പ്രസിദ്ധമായ ശബരിമല വ്യൂ പോയിന്‍റ് സന്ദർശിക്കും. ഇവിടെ നിന്നും ശബരിമല തീർത്ഥാടന കേന്ദ്രത്തിന്‍റെ വിദൂരമായ കാഴ്ച കാണാം. ശേഷം മൃഗങ്ങളുടെ അസ്ഥികൂടങ്ങളും മറ്റും സൂക്ഷിച്ചിരിക്കുന്ന മ്യൂസിയവും സന്ദർശിക്കും. ഇത്രയും കാഴ്ചകളും ഇടങ്ങളുമാണ് ഗവി ഡേ ട്രിപ്പിൽ നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്.
ശേഷം രജിസ്ട്രേഷൻ സ്പോട്ടിലേക്ക് മടങ്ങിയെത്താം. ഇവിടുന്ന് രുചികരമായ ഒരു ചായ കൂടി കുടിച്ച് ജീവിതത്തിലെ യാത്രകളിൽ ഏറ്റവും മികച്ച ഒന്ന് പൂർത്തിയാക്കി എന്ന സന്തോഷത്തോടെ മടങ്ങാം.
കുട്ടികൾക്ക് 830 രൂപയും മുതിർന്നവർക്ക് 1659 രൂപയുമാണ് പാക്കേജ് നിരക്ക്. https://gavi.kfdcecotourism.com/ എന്ന വെബ്സൈറ്റ് അഡ്രസിൽ ലോഗ് ഇൻ ചെയ്ത ശേഷം നിങ്ങൾ യാത്ര പോകാനുദ്ദേശിക്കുന്ന തിയതി നോക്കി ബുക്കിങ് നടത്താം. യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾക്ക് കെഎസ്ഡിസിയുടെ ടൂറിസ്റ്റ് ഫസിലിറ്റേഷൻ സെന്‍ററുമായി ബന്ധപ്പെടാം. ഫോൺ:
04869 253270 , +91 9947492399, +91 8289821306.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












