ഡാര്‍ക്ക് സ്‌കൈ റിസര്‍വ്
ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് ഡാര്‍ക്ക് സ്‌കൈ റിസര്‍വ് ആയാണ് ഹാൻലെ അറിയപ്പെടുന്നത്. പ്രകാശത്തെ മലിനീകരിക്കുവാൻ ഒന്നുമില്ലാത്ത ഇവിടെ രാത്രികളില് തെളിഞ്ഞ ആകാശം കാണേണ്ട കാഴ്ച തന്നെയാണ്. ചാങ്‌താങ് വന്യജീവി സങ്കേതത്തിനുള്ളിലെ ഭോക്, ഷാഡോ, പുങ്കുക്ക്, ഖുൽദോ, നാഗ, ടിബറ്റൻ അഭയാർഥി ആവാസകേന്ദ്രങ്ങൾ എന്നിങ്ങനെ ആറ് ഗ്രാമങ്ങൾ ചേരുന്നതാണ് ഇപ്പോൾ ഹാൻലെ ഡാർക്ക് സ്കൈ റിസർവ് ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ് വാന നിരീക്ഷണ കേന്ദ്രം
ഈ പ്രദേശത്തിന്‍റെ പ്രാധാന്യം ഏറ്റവുമാദ്യം തിരിച്ചറിഞ്ഞത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ് തന്നെയായിരുന്നു. വർഷങ്ങൾക്കു മുൻപേ തന്നെ അവർ ഇവെ ഒരു ഒബ്സർവേറ്ററി സ്ഥാപിച്ചിരുന്നു. വരണ്ടതും വളരെ തണുപ്പുള്ളതുമായ ഇവിടുത്തെ കാലാവസ്ഥ തന്നെയാണ് അതിനു നിമിത്തമായതും. ഈർപ്പം നിറഞ്ഞ അന്തരീക്ഷമാണെങ്കിൽ പ്രകാശത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽ ആഗിരണം ചെയ്യപ്പെടുന്നു,. എന്നാൽ ഹാൻലെയിൽ നക്ഷത്രങ്ങളില്‍ നിന്നുള്ള വെളിച്ചം പൂർണ്ണമായും ഇവിടേക്ക് വരുന്നു.
PC:Harikrishnank123
കൂടുതൽ തെളിഞ്ഞ രാത്രികൾ
രാജ്യത്തെ മറ്റിടങ്ങളിൽ നിന്നു വ്യത്യസ്തമായി കൂടുതൽ തെളിഞ്ഞ രാത്രികൾ ഈ പ്രദേശത്തു ലഭിക്കുന്നു. ഹാൻലെയിലെ ദൂരദർശിനി സ്ഥിതി ചെയ്യുന്നത് സരസ്വതി പർവതത്തിലാണ്. ഇത് സമുദ്രനിരപ്പിൽ നിന്നും 4,500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന നിരീക്ഷണ കേന്ദ്രങ്ങളിലൊന്ന് എന്ന പ്രത്യേകതയും ഉണ്ട്. വാന നിരീക്ഷണ കേന്ദ്രത്തിന് ചുറ്റുമുള്ള 1073 കിലോമീറ്റര്‍ പ്രദേശമാണ് ഹാന്‍ലേ ഡാര്‍ക് സ്‌കൈ റിസര്‍വായി പ്രഖ്യാപിച്ചിട്ടുള്ളത്.
നിയന്ത്രണങ്ങളിങ്ങനെ
പല നിയന്ത്രണങ്ങളും രാജ്യത്തെ ആദ്യത്തെ ഡാർക്ക് സ്കൈ റിസർവ് ആയ ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. പ്രകാശമലിനീകരണം ഇല്ലാതാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. ജനലുകളിലും വാതിലുകളിലും കർട്ടനുകൾ സ്ഥാപിക്കുക, വീടിനകത്തും വാഹനങ്ങളിലും കൃത്രിമ പ്രകാശത്തിന്റെ ഉപയോഗം നിയന്ത്രിക്കുക തുടങ്ങിയവ കാര്യങ്ങളാണ് ഇവിടെ പാലിച്ചുപോരുന്നത്. വർഷത്തിലെപ്പോൾ വേണമെങ്കിലും എത്തിച്ചേരുവാൻ സാധിക്കുന്ന ഇടം കൂടി ആയിരിക്കണം ഒരു ഡാർക്ക് സ്കൈ റിസർവ് ആയി യോഗ്യത നേടുന്നതിന് എന്ന നിബന്ധനയും ഹാൽലെ പിന്നിട്ടിരുന്നു.
PC:Vinay Goyal, Ludhiana
പ്രദേശവാസികൾക്കൊപ്പം
ഇവിടുത്തെ നാട്ടുകാരെക്കൂടി ഒപ്പം കൂട്ടിക്കൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെയാണ് ഇവിടുത്തെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. ഈ പങ്കാളിത്തം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 25 വർഷങ്ങൾക്കു മുൻപ് ഹാൻലേയിൽ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിക്കുവാനായി അധികൃതർ എത്തിയപ്പോൾ ആദ്യം ഇവിടുത്തുകാർ തങ്ങളെ സംശയത്തോടെയാണ് നോക്കിയിരുന്നതെന്ന് 25 വര്‍ഷമായി ഹാന്‍ലേയിലെ വാന നിരീക്ഷണ കേന്ദ്രത്തിലുള്ള ശാസ്ത്രജ്ഞനായ ഡോര്‍ജെ ആങ്ചുക് പറയുന്നു. എന്നാൽ അവർകൂടി ഉൾപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയത് അവരെ മാറിച്ചിന്തിക്കുവാൻ പ്രേരിപ്പിച്ചു. പിന്നീട് തിരഞ്ഞെടുത്ത24 പ്രദേശവാസികളെ ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനം പഠിപ്പിക്കുകയും തുടർന്നവർ ഇവിടെയെത്തുന്നവരുടെ ഗൈഡുകളായി പ്രവര്‍ത്തിക്കുവാൻ തുടങ്ങുകയും ചെയ്തു.
PC:Alin Dev
എത്തിച്ചേരുവാൻ
ലേയിൽ നിന്നു പിന്നെയും പോകണം ഹാൻലെയിൽ എത്തുവാൻ. ലേയിൽ നിന്ന് ഏകദേശം 270 കിലോമീറ്റർ തെക്ക് കിഴക്കായി ഹാൻലെ സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും 14,700 അടി ഉയരത്തിലാണ് ഇവിടമുള്ളത്. ലേയാകട്ടെ സമുദ്ര നിരപ്പിൽ നിന്നും 11,480 അടി ഉയരത്തിൽ ആണുള്ളത്. ഇതുകൊണ്ടുതന്നെ ലേയിലെത്തി കുറഞ്ഞത് 2 ദിവസം ചിലവഴിച്ച് കാലാവസ്ഥയുമായി സമരസപ്പെട്ടിട്ടു വേണം ഹാന്‍ലേയിലേക്കു പോകുവാൻ.താമസസൗകര്യങ്ങൾ വളരെ പരിമിതമായതിനാൽ മുൻകൂട്ടി ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
PC:Indiajoe
സന്ദർശിക്കുവാൻ പറ്റിയ സമയം
വര്ഷത്തിൽ എപ്പോൾ വേണമെങ്കിലും കാണുവാൻ സാധിക്കും എന്നതു തന്നെയാണ് ഹാൻലെയുടെ പ്രത്യേകതയെങ്കിലും തണുപ്പ് ഒരു വില്ലൻ തന്നെയാണ്. രാത്രികാലങ്ങളിൽ മൈനസ് 20 വരെ താപനില താഴാറുണ്ട്. എന്നിരുന്നാലും മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള സമയം ഇവിടം സന്ദർശിക്കുവാൻ യോജിച്ചതാണ്.