എറണാകുളം തൃപ്പൂണിത്തുറയിലെ ഹിൽ പാലസ്, ചരിത്രപ്രേമികള്‍ക്കിത് കൊച്ചി രാജാക്കന്മാരുടെ ഭരണകേന്ദ്രവും കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും ഒക്കെയാണെങ്കിൽ സിനിമാ പ്രേമികള്‍ക്കിത് നാഗവല്ലി ആടിത്തിമിർത്ത ഇടമാണ്. മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെ മലയാളികളുടെ ഓർമ്മയിലിടം നേടിയ ആ തെക്കിനിയും തറവാട്ട് വീടും തന്നെ.
ഹിൽ പാലസിനു മുന്നിൻ ചെന്നു നിൽക്കുമ്പോൾ അന്നു കണ്ടതിൽ നിന്നും വലിയ മാറ്റങ്ങളൊന്നും തോന്നില്ല, മാത്രമല്ല, ഭംഗി കുറച്ചു കൂടിയില്ലേ എന്നൊരു സംശയവും. കാലമിത്ര കഴിഞ്ഞാലും ഹിൽ പാലസ് തേടിയെത്തുന്നവരുടെ എണ്ണത്തിൽ ഒരു കുറവുമില്ല. നാനാദിക്കുകളിൽ നിന്നും ആളുകൾ ഈ ചരിത്രനിർമ്മിതി തേടിയെത്തുന്നു. കുട്ടികൾക്ക് കൗതുക ഇവിടുത്തെ മാൻ പാർക്ക് ആണെങ്കിൽ മുതിര്‍ന്നവരെ ആകർഷിക്കുന്നത് ഇതിന്റെ നിർമ്മിതിയും കാഴ്ചകളും ചന്നെയാണ്. എന്തായാലും കൊച്ചി യാത്രയിൽ ഒരിക്കലും ഒഴിവാക്കുവാൻ പറ്റാത്ത ഇടമായി ഹില്‍ പാലസ് മാറിയിട്ടുണ്ട്.

തൃപ്പുണിത്തുറ ഹിൽ പാലസ്
കൊച്ചിയിലെ പഴക്കം ചെന്ന ചരിത്രനിർമ്മിതികളിലൊന്നായ ഇവിടം പരമ്പരാഗത വാസ്തു വിദ്യയിലാണ് നിർമ്മിച്ചിട്ടുള്ളത്, 1865-ൽ ആണിത് പണികളിപ്പിക്കുന്നത്. കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ തന്‍റെ സ്വന്തം പണമുപയോഗിച്ച് നിർമ്മിച്ചതാണ് ഹിൽ പാലസെന്നാണ് ചരിത്രം. കൊച്ചി രാജാക്കന്മാരുടെ ഔദ്യോഗിക വസതിയും ഭരണകേന്ദ്രവും എല്ലാമായി കാലങ്ങളോളം ഇത് പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനപാതയിൽ നിന്നും അല്പം മുകളിൽ, ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാലാണ് ഇതിന് ഹിൽ പാലസ് എന്ന പേരുവന്നത്.
കൊച്ചി രാജ്യത്തിന്‍റെയും പിന്നീട് കേരളത്തിന്‍റെയും ചരിത്രത്തെ സ്വാധീനിച്ച ഇവിടം രാജകുടുംബം കേരള സർക്കാരിന് കൈമാറി, 1980 ല് പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. പിന്നീട് മ്യൂസിയമാക്കി മാറ്റിയ ഇത് 1986- ലാണ് പൊതുജനങ്ങള്‍ക്കായി തുറക്കുന്നത്.

പടികൾ കയറിച്ചെല്ലുമ്പോൾ വിളക്കേന്തി നിൽക്കുന്ന രണ്ടു സ്ത്രീ പ്രതിമകളോടെ ഇവിടുത്തെ കാഴ്ചകൾ ആരംഭിക്കുകയാണ്. കേരളീയ മാതൃകയിലാണ് ഇതിനുള്ളിലെ കെട്ടിടങ്ങളെല്ലാം നിർമ്മിച്ചിരിക്കുന്നത്. ഇന്നും ഇതിന്റെ ഭംഗി അതേപടി നിലനിർത്തിയിരിക്കുന്നു. 54 ഏക്കർ സ്ഥലത്തായി 49 കെട്ടിടങ്ങൾ ഇവിടെ കാണാം. അതിനുള്ളിൽ കൊച്ചി രാജവംശത്തിൽ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ പ്രദർശിപ്പിച്ചിരിക്കുന്നു. കൊി മഹാരാജാവിന്‍റെ സ്വർണ്ണക്കിരീടം മുതൽ സിംഹാസനം. അക്കാലത്തെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ചുവർചിത്രങ്ങൾ, പെയിന്‍റിംഗുകൾ, പാത്രങ്ങൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ കാണാം.
ഇവിടുത്തെ കെട്ടിടങ്ങളിൽ അമ്മത്തമ്പുരാൻ കോവിലകം, ഊട്ടുപുര, ഡച്ചുകാരുടെ കാലത്ത് നിർമ്മിച്ച കളിക്കോട്ട പാലസ്, മണിമാണിക, പുരാസ്തു മ്യൂലിയം, ചരിത്രപാർക്ക്, മാൻ പാർക്ക്, ഉദ്യാനം, ഔഷധതോട്ടം എന്നിവയും കാണാം. ഹിൽ പാലസ് മ്യൂസിയത്തിൽ 18 ഗാലറികളാണ് കേരള പുരാവസ്തു വകുപ്പ് പരിപാലിക്കുന്നത്. ഇവിടെയാണ് കിരീടങ്ങൾ ഉൾപ്പെടെയുള്ളവ സൂക്ഷിച്ചിട്ടുള്ളത്.

ഷൂട്ടിങ് ലൊക്കേഷൻ
മണിച്ചിത്രത്താഴ് മാത്രമല്ലസ മലയാളത്തിലെ നിരവദി സിനിമകൾക്ക് ഹിൽ പാലസ് ചിത്രീകരണ വേദിയായിട്ടുണ്ട്. കളിയൂഞ്ഞാൽ, ഡ്രീംസ്, മൂന്നാം മുറ, പിന്‍ഗാമി, ഛോട്ടാ മുംബൈ തുടങ്ങിയവ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ ഫോട്ടോ ഷൂട്ടുകളും ഇവിടെ നടക്കുന്നു. കുറഞ്ഞ തുകയിൽ മികച്ച പശ്ചാത്തലത്തില്‍ ചിത്രങ്ങളെടുക്കാം എന്നതാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഷൂട്ടുകൾക്കായും ആളുകൾ ഇവിടേക്ക് വരുന്നു.

തിങ്കളാഴ്ച ഒഴികെ ബാക്കിയെല്ലാ ദിവസങ്ങളിലും ഇവിടെ രാവിലെ 9.30 മുതൽ വൈകുന്നേരം 4.00 മണി വരെ സന്ദർശിക്കാം. മുതിർന്നവർക്ക് 35 രൂപ, 7-12 വരെ പ്രായത്തിലുള്ള കുട്ടികൾക്ക് 10 രൂപ, കർ പാർക്കിങ്ങിന് 30 രൂപ, ഇരുചക്ര വാഹനങ്ങൾക്ക് 10 രൂപ, സാധാരണ ക്യാമറയ്ക്ക് 60 രൂപ, വീഡിയോ ക്യാമറയ്ക്ക് 2100 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ചിത്രങ്ങൾക്ക് കടപ്പാട്:വിക്കിപീഡിയ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












