ഹാലെർബോസ്, ബെൽജിയം
ഹാലെർബോസ് അഥവാ "ദ ബ്ലൂ ഫോറസ്റ്റ്" ബെൽജിയത്തിലെ സവിശേഷമായ കാഴ്ചകളില്‍ ഒന്നാണ്. എല്ലാ വര്‍ഷവും ഏപ്രില്‍ പകുതി ആകുമ്പോഴേയ്ക്കും ഈ കാട് മുഴുവന്‍ നീലനിറത്തിനു വഴിമാറും, ബെൽജിയൻ നഗരമായ ഹാലെയ്‌ക്ക് സമീപമുള്ള ഹാലെർബോസ് എന്ന ഈ വനത്തില്‍ വൈല്‍ഡ് ബ്ലൂ ബെല്‍ എന്ന കാട്ടുചെടിയിലെ പൂക്കള്‍ ആണ് നീല നിറം സമ്മാനിക്കുന്നത്. ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന സെക്വോയ മരങ്ങളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം, "ബ്ലൂബെൽ വാക്ക്" ഇവിടുത്തെ പ്രധാനപ്പെട്ട ഒരു നടപ്പാതയാണ്.
PC:David Edgar
ജര്‍മനിയിലെ കറുത്ത കാട്
വളരെ പ്രത്യേകതകള്‍ നിറഞ്ഞ മറ്റൊരു കാടാണ് ജര്‍മനിയിലെ കറുത്ത കാട് അഥവാ ബ്ലാക്ക് ഫോറസ്റ്റ്. ധാരാളം കഥകള്‍ ഈ പ്രദേശവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രേതകഥകളും പേടിപ്പിക്കുന്ന ആളുകളുമെല്ലാം ഈ പ്രദേശത്തിന്‍റെ ഭാഗമാണ്. തെക്കു പടിഞ്ഞാറന്‍ ജര്‍മനിയുടെ ഭാഗമായ ഇവിടം അതിമനോഹരങ്ങളായ ഗ്രാമകാഴ്ചകളാലും ഹൈക്കിങ് റൂട്ടുകളാലും സമ്പന്നമാണ്.
PC:MWolf89
ക്രൂക്കഡ് ഫോറസ്റ്റ്, പോളണ്ട്
വളഞ്ഞു നില്‍ക്കുന്ന, കണ്ടാല്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കുകയാണോ എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള വനമാണ് പോളണ്ടിലെ ക്രൂക്കഡ് ഫോറസ്റ്റ്,വെസ്റ്റ് പോമറേനിയയിലെ നൗ സാർനോവോയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ഇത്തരത്തിലുള്ള 400 മരങ്ങളുണ്ട്. പൈന്‍ വിഭാഗത്തില്‍പെട്ട ഈ മരങ്ങളെക്കുറിച്ച് നിരവധി കഥകള് പ്രദേശത്ത് പ്രാചാരത്തിലുണ്ട്. ഇവിടെ മരങ്ങളുടെ താഴെഭാഗം മാത്രമാണ് വളഞ്ഞിരിക്കുന്നത്. മുകളിലോട്ടുള്ല വളര്‍ച്ച നേരേയാണ്. എന്തുകൊണ്ടാണ് ഇവിടെ മാത്രം മരങ്ങളിങ്ങനെ വളഞ്ഞു വരുന്നത് എന്നതിന് പ്രത്യേകിച്ച് ഒരുത്തരം ശാസ്ത്രലോകത്തിന് നല്കുവാന്‍ സാധിച്ചിട്ടില്ല.
കാഡോ തടാകത്തിലെ ഫ്ലഡഡ് വനം
അമേരിക്കയിലെ ടെക്സസിലെ ഏറ്റവും രസകരവും വിചിത്രവുമായ ഇടങ്ങളില്‍ ഒന്നാണ് കാഡോ തടാകത്തിലെ ഫ്ലഡഡ് വനം, കാഡോ തടാകം ലോകത്തിലെ ഏറ്റവും വലിയ സൈപ്രസ് വനങ്ങളിൽ ഒന്നാണ് . 400 വർഷത്തിലേറെ പഴക്കമുള്ള സ്പാനിഷ് പായൽ നിറഞ്ഞു നില്‍ക്കുന്ന സൈപ്രസ് മരങ്ങളെയാണ് ഫ്ലഡ്ഡ് വനം എന്നു വിളിക്കുന്നത്. ഏകദേശം 26,810 സ്ഥലത്തായാണ് വനവും ചതുപ്പു നിലങ്ങളും വ്യാപിച്ചു കിടക്കുന്നത്. ഇവിടുത്തെ ജൈവവൈവിധ്യം എടുത്തു പറയേണ്ടതാണ്.
PC:Jay Carriker
ഡെഡ്‌വ്‌ലി ഫോറസ്റ്റ്, നമീബിയ
മരണപ്പെട്ട മരങ്ങളുടെ കാട് എന്നാണ് നമീബിയയിലെ ഡെഡ്‌വ്‌ലി ഫോറസ്റ്റ് അറിയപ്പെടുന്നത്. നമീബ്-നൗക്‌ലഫ്റ്റ് നാച്ചുറൽ പാർക്കിലെ ഈ കാട് യഥാര്‍ത്ഥത്തില്‍ ചുവന്ന നിറത്തിലുള്ള മണ്‍കൂനകളാല്‍ ചുറ്റപ്പെട്ടു കിടക്കുയാണ്. വരണ്ടുണങ്ങിയ വെളുത്ത കളിമൺ മണ്ണിൽ 900 വർഷത്തിലേറെ പഴക്കമുള്ള, കരിഞ്ഞുണങ്ങിയ, ചത്ത മരങ്ങൾ നിൽക്കുന്നു. എന്നോ പച്ചപ്പും ജീവനും നഷ്ടപ്പെട്ടു പോയ ഇവിടുത്തെ മരങ്ങള്‍ വരണ്ട കാലാവസ്ഥ കാരണം ജീർണിക്കുന്നില്ല. അതാണ് ഇവിടം മരണപ്പെട്ട മരങ്ങളുടെ കാട് എന്നറിയപ്പെടുവാന്‍ കാരണം.
PC:Ikiwaner
ബോട്ടിൽ ട്രീ റാഞ്ച്, ഓറോ ഗ്രാൻഡെ, കാലിഫോർണിയ
കുപ്പി മരങ്ങളുടെ വനമാണ് കാലിഫോര്‍ണിയയിലെ ഓറോ ഗ്രാൻഡെയിലുള്ള ബോട്ടിൽ ട്രീ റാഞ്ച് കാലിഫോർണിയയിലെ മൊജാവെ കൗണ്ടിയിലെ എൽമർ ലോങ്ങിന്റെ ബോട്ടിൽ ട്രീ റാഞ്ച് പ്രകൃതിദത്തമായ ഒരു കാഴ്ചയല്ല. ഇത് മനുഷ്യ നിര്‍മ്മിതമായ ഒരു വനമെന്നു പറയാം. റൂട്ട് 66 റോഡ് യാത്രക്കാരാണ് ഇവിടം സന്ദര്‍ശിക്കുന്നവരില്‍ അധികവും.
PC:Kārlis Dambrāns
'സങ്കൺ' ഫോറസ്റ്റ്, കൈൻഡി തടാകം, കസാഖ്സ്ഥാൻ
മുങ്ങിപ്പോയ വനമാണ് കസാഖ്സ്ഥാനിലെ കൈൻഡി തടാകത്തില്‍ സ്ഥിതി ചെയ്യുന്ന സങ്കണ്‍ ഫോറസ്റ്റ്. ടിയാൻ ഷാൻ പർവതനിരകളുടെ ഭാഗമായ ഇവിടെ വെള്ളത്തിൽ നിന്ന് ഉയർന്നുവരുന്ന കൂറ്റൻ സ്പ്രൂസ് മരങ്ങൾ കാണാം. 1911-ലെ കെബിൻ ഭൂകമ്പത്തെ തുടർന്നുണ്ടായ ഒരു വലിയ ചുണ്ണാമ്പുകല്ല് മണ്ണിടിച്ചിലിന്റെ ഫലമായാണ് 1,300 അടി നീളമുള്ള കൈണ്ടി തടാകം സൃഷ്ടിക്കപ്പെട്ടത്. ഉരുൾപൊട്ടൽ മലയിടുക്കിനെ തടയുകയും പ്രകൃതിദത്ത അണക്കെട്ട് രൂപപ്പെടുകയും ചെയ്തു, മഴവെള്ളം താഴ്‌വരയിൽ നിറയുകയും തടാകം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വെള്ളത്തിനടിയിലെ കാഴ്ചകള്‍ക്കാണ് ഇവിടെ കൂടുതലും ആരാധകരുള്ളത്.
PC:Jonas Satkauskas
സിംഗി ഫോറസ്റ്റ്, മഡഗാസ്കർ
കത്തികളുടെ വനം എന്നറിയപ്പെടുന്ന സിംഗി വനം പേരുപോലെ തന്നെ അല്‍പം മൂര്‍ച്ചയുള്ളതാണ്. ഭൂനിരപ്പില്‍ നിന്നും ഏകദേശം 70 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മൂർച്ചയുള്ള ചുണ്ണാമ്പുകല്ലുകൾ കൊണ്ട് നിർമ്മിച്ച അവിശ്വസനീയമായ ഒരു പ്രദേശമാണ് ഇത്. അല്പം അപകടം പിടിച്ചതും സാഹസികവുമാണ് ഇവിടുത്തെ യാത്രയെങ്കില്‍ പോലും വളരെ വ്യത്യസ്തമായ ഒരനുഭവമാണ് ഇവിടം നല്കുന്നത്.
PC:Rod Waddington