ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് യാത്രക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്പ് ആണ് ഐആർസിടിസി റെയിൽ കണക്ട്. റെയിൽവേയുടെ വിവിധ സൗകര്യങ്ങൾ ഇന്ത്യൻ റെയിൽവേയുടെ ഈ ഔദ്യോഗിക ആപ്പിൽ പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും. കൃത്യമായി ഉപയോഗപ്പെടുത്തിയാൽ തത്കാൽ ടിക്കറ്റ് വരെ ഉറപ്പാക്കാൻ സഹായിക്കുന്നതാണ് ഈ ആപ്പ്.
ഐആർസിടിസി റെയിൽ കണക്ട് ഉപയോഗിച്ച് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇ-വാലറ്റ് സൗകര്യം പ്രയോജനപ്പെടുത്തിയാൽ മാത്രമേ തത്കാൽ ടിക്കറ്റിങ്ങിലെ സ്ഥിരം പ്രശ്നമായ സമയം വെല്ലുവിളിയാകാതെ ബുക്കിങ് പൂർത്തിയാക്കാൻ സാധിക്കൂ. നിങ്ങളുടെ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ ഐആർസിടിസി ഇ-വാലറ്റ് സൗകര്യം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നോക്കാം.

എന്താണ് ഐആർസിടിസി ഇ-വാലറ്റ്
ഇ-വാലറ്റ് സൗകര്യം എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന് മുൻപ് എന്താണ് ഐ ആർ സി ടി സി ഇ-വാലറ്റ് സേവനം എന്നു നോക്കാം. ഐആർസിടിസി നല്കുന്ന പേയ്മെന്‍റ് സംവിധാനമാണ് ഐആർസിടിസി ഇ-വാലറ്റ്. ഈ വാലറ്റിൽ പണം മുൻകൂട്ടി നിക്ഷേപിക്കുവാനും റെയിൽ കണക്ട് ആപ്പ് വഴി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വാലറ്റ് ഉപയോഗിച്ച് ടിക്കറ്റിന്‍റെ പൈസ നല്കാം. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഐആർസിടിസി ഇ-വാലറ്റിലെ പണം റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിനായി മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്നതാണ്.
തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ
സാധാരണക്കാരായ ട്രെയിൻ യാത്രികർക്ക് ഐആർസിടിസി ഇ-വാലറ്റ് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോളാണ് ഉപകാരപ്പെടുന്നത്. തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ എത്രയും പെട്ടന്ന് വിവരങ്ങൾ പൂരിപ്പിച്ച് പണമിടപാട് പൂർത്തിയാക്കാനാണ് നമ്മൾ ശ്രമിക്കുക. നിങ്ങളുടെ ഇ-വാലറ്റിൽ പണമുണ്ടെങ്കിൽ വലിയ കാലതാമസമില്ലാതെ ഇടപാട് പൂർത്തിയാക്കി ടിക്കറ്റ് ഉറപ്പാക്കാൻ സാധിക്കും.
പൊതുവേ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യുപിഐ പേയ്മെന്‍റ്, കാർഡ് പേയ്മെന്‍റ്, നെറ്റ് ബാങ്കിങ് തുടങ്ങിയവ വഴിയാണ് നമ്മൾ പണമടയ്ക്കുന്നത്. ഇത് പേയ്മെന്‍റ് പ്രോസസിനും അപ്രൂവലിനും കാലതാമസമുണ്ടാക്കും. അതേസമയം ഐആർസിടിസി ഇ-വാലറ്റ് ഉപയോഗിക്കുകയാണെങ്കിൽ കുറഞ്ഞ സമയത്തിൽ പേയ്മെന്‍റ് പൂർത്തിയാക്കി ടിക്കറ്റ് ഉറപ്പാക്കാം
ഐആർസിടിസി ഇ-വാലറ്റ് ലോഗിൻ
തത്കാൽ ടിക്കറ്റ് ബുക്കിങ് കൂടുതൽ എളുപ്പവും ടിക്കറ്റ് ബുക്കിങ് ഉറപ്പാക്കുവാൻ സഹായിക്കുന്നതുമായ ഐആർസിടിസി ഇ-വാലറ്റ് ഉപയോഗിക്കുവാൻ ഇതിൽ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. ഇതിനായി നിങ്ങൾക്ക് ഐആർസിടിസി അക്കൗണ്ട് ഉണ്ടായിരിക്കണം. ഐആർസിടിസി അക്കൗണ്ട് ഇല്ലെങ്കിൽ അതാണ് ആദ്യം ക്രിയേറ്റ് ചെയ്യേണ്ടത്. ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ലോഗിൻ ചെയ്ത ശേഷം അക്കൗണ്ട് എന്ന ഭാഗത്ത് ഐആർസിടിസി ഇ-വാലറ്റ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കാണാം.
ഇ-വാലറ്റ് ഉപയോഗിക്കാൻ നിങ്ങൾക്ക് ആധാർ നമ്പറോ പാൻ നമ്പറോ ഉപയോഗിച്ചുള്ള രജിസട്രേഷൻ വേണം. ഐആര്‌സിടിസി അക്കൗണ്ടിൽ നേരത്തെ തന്നെ ആധാർ നമ്പറോ പാൻ നമ്പറോ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ അതുവഴി തന്നെ വെരിഫൈ ചെയ്യാം. ഇ-വാലറ്റ് ലോഗിൻ ചെയ്തു കഴിഞ്ഞാൽ പിന്നെ അടുത്തത് ഇതിൽ പണം ഇടുകയാണ്. ഏറ്റവും കുറഞ്ഞത് 100 രൂപയും പരമാവധി പരിധി 10,000 രൂപയുമാണ് ഇതിൽ നിറയ്ക്കാവുന്നത്. . ഭീം യുപിഐ വഴി പേടിഎം, ആമസോണ്‍ പേ യുപിഐ, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ വഴി വാലറ്റില്‍ നിക്ഷേപിക്കാം.
ഐആർസിടിസി ഇ-വാലറ്റ് പ്രത്യേകതകൾ
ഐആർസിടി വഴിയുള്ള പണമിടപാടുകൾ വേഗത്തിൽ സാധ്യമാക്കും എന്നതാണ് ഇതിന്റെ ഗുണം. സാധാരണ പേയ്മെന്‍റുകൾക്ക് വേണ്ടി വരുന്ന പേയ്‌മെൻ്റ് ഗേറ്റ്‌വേ നിരക്കുകൾ ഇതില് ബാധകമല്ല. ഇ വാലറ്റിലെ പണം ഉപയോഗിച്ച് എടുത്ത ടിക്കറ്റ് റദ്ദാക്കേണ്ടി വന്നാല് തൊട്ടടുത്ത ദിവസം തന്നെ റീഫണ്ട് ലഭിക്കും. പക്ഷേ, ഈ തുക. ഐആർസിടിസി ഇ-വാലറ്റ് അക്കൗണ്ടിലേക്ക് തന്നെയാണ് വരിക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












