റെയിൽവേ എക്സിക്യൂട്ടീവ് ലോഞ്ച്: ട്രെയിന്‍ യാത്രകളിലെ ഏറ്റവും മടുപ്പ് ട്രെയിനിനായുള്ള കാത്തിരിപ്പാണ്. ദീർഘദൂര യാത്രകളൊക്കെയാണെങ്കിൽ കൂടുതൽ വിശദീകരണം വേണ്ടിവരില്ല. മണിക്കൂറുകളൊക്കെ ട്രെയിനിന്റെ വരവ് നോക്കി റെയിൽവേ സ്റ്റേഷനിലിരിക്കേണ്ടി വരുമ്പോൾ നന്നായി ഇരിക്കാനും ഒരു ചായ കുടിക്കാനും ഒക്കെ സൗകര്യമുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടില്ലേ? ഇതിനായി റെയിൽവേ തിരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്ന സൗകര്യമാണ് എക്സിക്യൂട്ടീവ് ലോഞ്ചുകൾ.
ട്രെയിൻ കാത്തിരിപ്പിന്‍റെ വിരസത ഒഴിവാക്കുവാനും വൈ-ഫൈ, ടിവി, പത്രം, മാഗസിനുകൾ, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ സമയം ചിലവഴിക്കുവാൻ സഹായിക്കുന്ന എക്സിക്യൂട്ടീവ് ലോഞ്ചുകൾ യാത്രക്കാർക്ക് വളരെ ഉപകാരപ്രദമാണ്. ഇതാ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിലെ എക്സിക്യൂട്ടീവ് ലോഞ്ച് എവിടെയാണെന്നും എങ്ങനെയൊക്കെ യാത്രയിൽ പ്രയോജനപ്പെടുത്താം എന്നും നോക്കാം.

എന്താണ് റെയിൽവേയുടെ എക്സിക്യൂട്ടീവ് ലോഞ്ച്
ഐആർസിടിസി ട്രെയിൻ യാത്രക്കാർക്ക് അവരുടെ കാത്തിരിപ്പ് സമയം മികച്ച രീതിയിൽ ചെലവഴിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന ഏറ്റവും നല്ല സൗകര്യമാണ് എക്സിക്യൂട്ടീവ് ലോഞ്ച്. തെരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളിൽ മാത്രമാണ് ഈ സൗകര്യമുള്ളത്. പത്രം വായിച്ചും ടിവി കണ്ടും ഭക്ഷണം കഴിച്ചും ഇവിടെയിരിക്കുന്ന സമയം പ്രയോജനപ്പെടുത്താം. കാത്തിരിപ്പ് സമയം മടുപ്പിക്കാതിരിക്കാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. വിമാനത്താവളത്തിലെ ലോഞ്ചുകൾക്ക് സമാനമായ സൗകര്യങ്ങളാണ് റെയിൽവേ ലോഞ്ചുകളിലുള്ളത്.
ന്യൂ ഡൽഹി എക്സിക്യൂട്ടീവ് ലോഞ്ച്
ഡല്‍ഹി റെയിൽവേ സ്റ്റേഷൻ പോലെ, ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള റെയില്‍വേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുന്ന സമയത്ത് യാത്രക്കാർക്ക് എക്സിക്യൂട്ടീവ് ലോഞ്ചിൽ സമയം ചെലവഴിക്കാം. ഡല്‍ഹി റെയിൽവേ സ്റ്റേഷനിൽ രണ്ട് ലോഞ്ചുകളാണുള്ളത്. പ്ലാറ്റ്ഫോം 1 ലും പ്ലാറ്റ്ഫോം 16ലും. യാത്രക്കാര്‍ക്ക് തങ്ങളുടെ പ്ലാറ്റ്ഫോമും ട്രെയിന്‍ സമയവും കണക്കിലെടുത്ത് സൗകര്യപ്രദമായ ഏതെങ്കിലും ഒരിടം തിരഞ്ഞെടുക്കാം.
പ്ലാറ്റ്ഫോം ഒന്നിലെ എക്സിക്യൂട്ടീവ് ലോഞ്ച് പഹർഗഞ്ച് സൈഡിൽ ഐടിബി ഓഫീസിന് സമീപമുള്ള ഒന്നാം നിലയിലും പ്ലാറ്റ്ഫോം 16 ലെ എക്സിക്യൂട്ടീവ് ലോഞ്ച് അജ്മേരി ഗേറ്റ് സൈഡിൽ ന്യൂ സ്റ്റേഷൻ ബിൽഡിങ്ങിലും ആണ് സ്ഥിതി ചെയ്യുന്നത്. അജ്മേരി ഗേറ്റ് സൈഡ് എൻട്രിയിൽ നിന്നും ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ പഹർഗഞ്ച് സൈഡ് എൻട്രിയിൽ നിന്നും എക്സിക്യൂട്ടീവ് ലോഞ്ചിൽ എത്തിച്ചേരാം. അജ്മേരി ഗേറ്റ് വശത്തുള്ള സ്റ്റേഷൻ കെട്ടിടത്തിനു മുന്നിലേക്ക് വന്നാൽ പ്ലാറ്റ്ഫോം 16ൽ എളുപ്പത്തിലെത്താം.
എക്സിക്യൂട്ടീവ് ലോഞ്ച്
യാത്രക്കാർക്ക് അവരുടെ ക്രെഡിറ്റ് കാർഡ് വഴിയോ അല്ലെങ്കിൽ ഓണ്‍ലൈൻ ആയി ബുക്ക് ചെയ്തോ നേരിട്ട് ബുക്കിങ് നടത്തിയോ എക്സിക്യൂട്ടീവ് ലോഞ്ച് ഉപയോഗിക്കാം ഡൽഹിയിലെ രണ്ട് ലോഞ്ചുകൾക്കും ഫീസ് നിരക്കിൽ വ്യത്യാസമുണ്ട്. നിരവധി ക്രെഡിറ്റ് കാർഡുകൾ വളരെ കുറഞ്ഞ നിരക്കിൽ ഡൽഹി ലോഞ്ചിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്.
എക്സിക്യൂട്ടീവ് ലോഞ്ച് 1- പ്ലാറ്റ്ഫോം നമ്പർ 1-നിരക്ക്
ആദ്യ ഒരു മണിക്കൂർ നേരത്തേയ്ക്ക് 150 രൂപയാണ് ഒരാള്‍ക്കുള്ള നിരക്ക്. ഇതിൽ വൈ-ഫൈ സൗകര്യം, ചായ കാപ്പി അല്ലെങ്കില്ഡ ശീതളപാനീയം പോലുള്ള ഡ്രിങ്കുകൾ,വായിക്കാൻ പത്രവും മാസീകകളും, ബാഗുകള്‍ സൂക്ഷിക്കാൻ ലഗേജ് റാക്ക്. ടിവി, ശുചിമുറി സൗകര്യങ്ങൾ, ട്രെയിൻ അറിയിപ്പുകൾ എന്നിവ ഉൾപ്പെടുന്നു. ആദ്യത്തെ ഒരു മണിക്കൂറിന് ശേഷം തുടർന്ന് ചെലവഴിക്കുന്ന ഓരോ മണിക്കൂറിനും ഒരാൾക്ക് 99 രൂപ വീതം വരും.

ഭക്ഷണത്തിനും പ്രത്യേക ചാർജ് നല്കണം. ബുഫെ സൗകര്യമാണ് ലഭ്യം. ഇതിന് 250 രൂപ മുതൽ 385 വരെ വ്യത്യസ്തമായ നിരക്കില് ലഭിക്കും. ഫ്രഷ് ആകണമെങ്കിൽ അധികമായി 200 രൂപ നല്കണം. ബിസിനസ് സെന്‍ററിൽ നിങ്ങൾക്ക് കംപ്യൂട്ടറും ഇന്‍റർനെറ്റും ഉപയോഗിക്കാം. അരമണിക്കൂർ നേരത്തേയ്ക്ക് 100 രൂപയും ഒരു മണിക്കൂറിന് 175 രൂപയുമാണ് നിരക്ക്. പ്രിന്‍റ് ഔട്ട്, ഫോട്ടോ കോപ്പി തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. ഡീലക്സ് റെസ്റ്റിങ് സ്യൂട്ടും ലഭ്യമാണ്. 500 രൂപയാണ് രണ്ട് മണിക്കൂര് സമയത്തിനുള്ള ഫീസ്, അധിമായി ഉപയോഗിക്കുന്നതിന് ഓരോ മണിക്കൂറിനും 250 രൂപ വീതം നല്കണം.
എക്സിക്യൂട്ടീവ് ലോഞ്ച് 2- പ്ലാറ്റ്ഫോം നമ്പർ 16
ഐആർസിടിസിയുടെ ഡൽഹിയിലെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ലോഞ്ച് ആണ് പ്ലാറ്റ്ഫോം 16 ല്‍ ഉള്ളത്. ഇവിടെ ആദ്യ രണ്ടു മണിക്കൂർ ചെലവഴിക്കുന്നതിന് ഒരാൾക്ക് 200 രൂപയാണ് നിരക്ക്. ആദ്യ രണ്ടു മണിക്കൂർ കഴിഞ്ഞുള്ള ഓരോ മണിക്കൂറിനും 70 രൂപാ വീതം നല്കണം. പ്ലാറ്റ്ഫോം ഒന്നിലെ അതേ സൗകര്യങ്ങൾ തന്നെയാണ് ഇവിടെയും ലഭ്യമായിട്ടുള്ളത്. ഇവിടുത്തെ ബുഫെ മീൽസ് പ്ലാൻ 190 രൂപയിൽ ആരംഭിക്കുന്നു. ഏറ്റവും കൂടിയ നിരക്ക് 360 രൂപയാണ്.
കംപ്യൂട്ടർ, ഇന്‍റർനെറ്റ് സൗകര്യം, സ്കാനിങ്, ഫോട്ടോ കോപ്പി, പ്രിന്‍റ് ഔട്ട് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ലഭിക്കും. കൂടാതെ രണ്ട് മണിക്കൂർ ഡീലക്സ് റെസ്റ്റിങ്ങിന് 510 രൂപയും തുടർന്ന് ഓരോ മണിക്കൂറിനും 258 രൂപാ വിതവുമാണ് നിരക്ക്. ഫ്രോപ്കോൺ സിനിമാ ഡൗണ്‍ലോഡിങ്, സുവനീർ ഷോപ്പ്, മസാജ് ചെയർ തുടങ്ങിയ സേവനങ്ങളും ഇവിടെയുണ്ട്.
റെയിൽവേ ലോഞ്ച്- ആവശ്യമായ രേഖകൾ
റിസർവ് ചെയ്തതോ അല്ലാത്തതോ ആയ ട്രെയിൻ ടിക്കറ്റിനൊപ്പം ഫോട്ടോ പതിപ്പിച്ച തിരിച്ചറിയിൽ കാർഡ്- പാൻ കാർഡ്,വോട്ടർ ഐഡി, പാസ്പോർട്ട്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയിലേതെങ്കിലും ഒന്നും യാത്രക്കാർ കരുതണം. ഏതു ട്രെയിൻ യാത്രക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. എല്ലാ വിസ/മാസ്റ്റർ/മാസ്ട്രോ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളും എക്സിക്യൂട്ടീവ് ലോഞ്ചിൽ സ്വീകരിക്കും.

ഏതൊക്കെ റെയിൽവേ സ്റ്റേഷനുകളിൽ എക്സിക്യൂട്ടീവ് ലോഞ്ച് ഉണ്ട്?
ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം-1, പ്ലാറ്റ്ഫോം-16 എന്നിവയിലെ എക്സിക്യൂട്ടീവ് ലോഞ്ച് കൂടാതെ ആഗ്ര, ജയ്പൂർ, സീൽദാ, മധുരൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഐആർസിടിസി എക്സിക്യൂട്ടീവ് ലോഞ്ച് പ്രവർത്തിക്കുന്നു.
മൂന്ന് അടിയിൽ താഴെ ഉയരമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. അല്ലാത്ത കുട്ടികൾക്ക് മുതിർന്നവർക്ക് സമാനമായ നിരക്ക് നല്കണം. ഒറ്റയ്ക്കും ഗ്രൂപ്പ് ആയും യാത്ര ചെയ്യുന്നവർക്കും നിരക്കുകൾ നല്കി ലോഞ്ച് പ്രയോജനപ്പെടുത്താം. ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും ലോഞ്ചുകൾ പ്രവർത്തിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











