കേരളം കാത്തിരുന്ന വിനോദ സഞ്ചാര കേന്ദ്രം
കേരളത്തിലെ സഞ്ചാരികളും സാഹസികരും ഇത്രയധികം എന്തിനുവേണ്ടിയെങ്കിലും കാത്തിരുന്നിട്ടുണ്ടോ എന്നു സംശയമാണ്. പത്തു വര്‍ഷത്തെ കാത്തിരിപ്പുകൊണ്ട് കേരളീയര്‍ സ്വന്തമാക്കിയ സമ്മാനമാണിത്.
PC: Official Site
65 ഏക്കറിലെ വിസ്മയം
ജഡായു എര്‍ത്‌സ് സെന്റര്‍ ടൂറിയം പ്രോജക്ട് എന്നു പേരിട്ടിരിക്കുന്ന ഇത് 65 ഏക്കര്‍ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്നും 1000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ വിവിധ തരത്തിലുള്ള ഭൂപ്രകൃതികള്‍ കാണാന്‍ സാധിക്കും. താഴ്‌വരകളും മലകളും കുന്നുകളും കല്ലുകള്‍ നിറഞ്ഞ ഭൂമിയും ഗുഹകളുമൊക്കെയാണ് ഇവിടെയുള്ളത്.
PC:Youtube
ജഡായു അവസാന ശ്വാസമെടുത്ത സ്ഥലത്തെ ശില്പം
പുരാണമനുസരിച്ച് സീതയെ അപഹരിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തില്‍ നിന്ന് രാവണനെ തടഞ്ഞപ്പോള്‍ രാവണന്റെ ചന്ദ്രഹാസമേറ്റ് ചിറകുകള്‍ അരിയപ്പെട്ടു ജഡായു നിലം പതിച്ച സ്ഥലമാണ് ജടായുപ്പാറ എന്നാണ് വിശ്വാസം. തനിക്കുവേണ്ടി പൊരുതിയ പക്ഷിശ്രേഷ്ഠനു രാമ ദര്‍ശനവും മോക്ഷവും സീതാദേവി അനുഗ്രഹമായി നല്കി. രാമനെത്തുന്നതുവരെ ജീവന്‍ നിലനിര്‍ത്താന്‍ ജടായു പാറയില്‍ ചുണ്ട് ഉരസി ജലപ്രവാഹമുണ്ടാക്കിയത്രെ. അവസാനം രാമദര്‍ശനത്തിനു ശേഷം ജഡായു ഇവിടെക്കിടന്ന് ജീവന്‍ വെടിയുകയായിരുന്നുവത്രെ. ജഡായു ജീവന്‍ വെടിഞ്ഞ അതേ സ്ഥലത്താണ് ഇന്ന് കാണുന്ന ജഡായുവിന്റെ കൂറ്റന്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.
PC: Raja Ravi Varma
പ്രതിമയ്ക്കുള്ളിലെ 6ഡി തിയേറ്റര്‍
ഒരു ചിറക് അറ്റ്, മറു ചിറക് വിടര്‍ത്തി കാല്‍നഖങ്ങളും കൊക്കും ഉയര്‍ത്തി കിടക്കുന്ന ജഡായുവിന്റെ ഭീമാകാരമായ പ്രതിമയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. വിസ്മയങ്ങള്‍ ഇവിടെ തീരുന്നില്ല. പ്രതിമയാണെങ്കിലും ഇതിനുള്ളില്‍ ഒരു കിടിലന്‍ തിയേറ്ററുണ്ട്. അതും സിക്‌സ് ഡി തിയേറ്റര്‍. കൂടാതെ ഓഡിയോ വിഷ്വല്‍ മ്യൂസിയം, സഞ്ചാരികളെ പ്രതിമയ്ക്കരികിലേക്കെത്തിക്കാന്‍ കേബിള്‍ കാറുകള്‍ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്.
PC:Youtube
ഭീമാകാരന്‍ ഈ ജടായു
250 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുള്ള ഈ ശില്പം നിര്‍മ്മാണ കലയിലെ ഒരു പ്രതിഭാസമായി വാഴ്ത്തപ്പെടും എന്നതില്‍ തര്‍ക്കമില്ല. പതിനയ്യായിരം ചതുരശ്ര അടി നിലത്താണ് ശില്പം സ്ഥിതി ചെയ്യുന്നത്.
PC:Youtube
സാഹസികര്‍ക്ക് സ്വാഗതം
കൂടുതലായും സാഹസികര്‍ക്ക് ഇഷ്ടമാകുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണങ്ങള്‍. പര്‍വ്വതാരോഹണവും പാറയുടെ മുകളിലേക്ക് കയറുപയോഗിച്ച് കയറുന്ന റാപ്പെ്‌ലലിങ്, ഒളിപ്പോര് ഷൂട്ടിങ് ഗെയിമായ പെയിന്റെ ബോള്‍, സിപ്‌ലൈന്‍, ഫ്രീ ക്ലൈംബിങ്, ജൂമെറിങ്ങ്, കമാന്‍ഡോ നെറ്റ് തുടങ്ങി നിരവധി കളികളും സാഹസിക ഇനങ്ങളും ഇവിടെയുണ്ട്.
PC: Official Site
പറന്നെത്താന്‍ റോപ്പ് വേ, നടന്നെത്താന്‍ വാക്ക് വേ
പക്ഷിഭീമന്റെ കൂറ്റന്‍ ശില്പത്തിനു മുന്നിലെത്താന്‍ രണ്ടു തരത്തിലുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആകാശത്തിലൂടെ പറന്നു വരാനായി റോപ് വേ സിസ്റ്റവും ഒന്നര കിലോമീറ്റര്‍ ദൂരം വരുന്ന നടപ്പാതയുമാണത്. കാടും കല്‍പ്പടവുകളും മലയിടുക്കുകളുമെല്ലാം ഈ നടപ്പാതയില്‍ കടന്നു വരുന്നുണ്ട് .
PC: Official Site
ശില്പത്തിന്റെ മലയാളിപ്പെരുമ
ലോകം മുഴുവന്റെയും ശ്രദ്ധാകേന്ദ്രമായ ജഡായു പ്രതിമയ്ക്കു പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ എന്നു പറയുന്നത് മലയാളിയായ കലാസംവിധായകന്‍ രാജീവ് അഞ്ചലാണ്. അദ്ദേഹത്തിന്റെ പത്തു വര്‍ഷത്തോളം നീണ്ട അധ്വാനമാണ് ഇന്ന് കാണുന്ന ജഡായുപ്പാറ.
PC: Youtube
എത്തിച്ചേരാന്‍
കൊല്ലം ജില്ലയിലെ ചടയമംഗലത്തിനു സമീപമാണ് ജടായുപ്പാറ സ്ഥിതി ചെയ്യുന്നത്. കൊല്ലം തിരുവനന്തപുരം റോഡില്‍ പാരിപ്പള്ളി എന്ന സ്ഥലത്തു നിന്നുമാണ് ഇവിടേക്ക് തിരിയേണ്ടത്. ചടയമംഗലത്തു നിന്നും രണ്ടു കിലോമീറ്ററില്‍ താഴെ മാത്രമേ ജടായുപ്പാറയിലേക്ക് ദൂരമുള്ളു. തിരുവനന്തപുരത്തു നിന്നും 53 കിലോമീറ്ററും കൊട്ടാരക്കരയില്‍ നിന്ന് 20.5 കിലോമീറ്റര്‍ ദൂരവും സഞ്ചരിച്ചാല്‍ ഇവിടെയെത്താം.