തിരുവനന്തപുരത്തു നിന്നും ഇന്ത്യയിൽ ഏറ്റവും അധികം തീർത്ഥാടകരെത്തുന്ന വൈഷ്ണോദേവി ക്ഷേത്രം വരെ.. ലോകത്തിലെ ഏറ്റവും വലിയ പ്രതിമകളിലൊന്നായ ഏകതാ പ്രതിമ കണ്ട് ജയ്പൂരിലിറങ്ങി പിന്നെ അമൃത്സറും കണ്ട് മടങ്ങാം. കേട്ടിട്ട് ഇതൊരു ചെറിയ പ്ലാനും യാത്രയും അല്ല എന്നു തോന്നുന്നില്ലേ.. സംഗതി ശരിയാണെങ്കിലും ആർക്കും പോയി വരാൻ കഴിയുന്ന വിധത്തിൽ ഒരു 'ഓൾ ഇന്ത്യാ പാക്കേജ്' അവതരിപ്പിച്ചിരിക്കുകയാണ് ഐഐർസിടിസി.
ഭാരത് ഗൗരസ് സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിനിൽ കൊച്ചുവേളിയിൽ നിന്നാരംഭിക്കുന്ന യാത്ര ഒരു ഒന്നൊന്നര അനുഭവമായിരിക്കും. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള് കണ്ടുവരുന്ന ഈ യാത്ര തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള ആര്‍ക്കും സുഖമായി പങ്കെടുക്കാൻ സാധിക്കുന്ന ഒന്നും കൂടിയാണ്.

12 രാത്രിയും 13 പകലും നീണ്ടു നിൽക്കുന്ന ഈ വിനോദ യാത്രാ പാക്കേജിന്റെ പേര് നോർത്ത് വെസ്റ്റേൺ ഡിലൈറ്റ് വിത്ത് വൈഷ്ണോദേവി (North Western Delight with Vaishnodevi Rail Tour Package-SZBG10)എന്നാണ്.യാത്രക്കാർക്ക് ഏറ്റവും മികച്ച സൗകര്യങ്ങളൊരുക്കിയിരിക്കുന്ന യാത്രയെക്കുറിച്ചറിയാം.
കൊച്ചുവേളിയിൽ നിന്നാരംഭിക്കുന്ന യാത്ര അഹമ്മദാബാദ്-സ്റ്റാച്യു ഓഫ് യൂണിറ്റി-ജയ്പൂർ-വൈഷ്ണോദേവി-അമൃത്സർ എന്നീ സ്ഥലങ്ങൾ ഇതേ ക്രമത്തിൽ ആണ് സന്ദര്‍ശിക്കുന്നത്. നവംബർ 19ന് കൊച്ചുവേളിയിൽ നിന്നെടുക്കുന്ന ഭാരത് ഗൗരസ് സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിനിന് കൊച്ചുവേളി-കൊല്ലം-ചെങ്ങന്നൂർ-കോട്ടയം-എറങ്കുളം ടൗൺ-തൃശൂർ-ഷൊർണൂർ ജങ്ഷൻ-കോഴിക്കോട്-കണ്ണൂർ-മംഗളൂരു എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്. യാത്രക്കാർക്ക് അവരുടെ സൗകര്യത്തിനുസരിച്ച് ട്രെയിനില്‍ കയറാം.

ആദ്യ രണ്ടു ദിവസങ്ങളിൽ ട്രെയിൽ യാത്രയാണ്. മൂന്നാമത്തെ ദിവസം രാവിലെ അഹ്മദാബാദ് എത്തിച്ചേരും. താമസസ്ഥലത്തേയ്ക്ക് പോയി ഫ്രഷ് ആയ ശേഷം അക്ഷർധാം ക്ഷേത്രം കാണാനായി പോകും. പിറ്റേന്ന് മൊധേര സൂര്യ ക്ഷേത്രം, സബർമതി ആശ്രമം, അദ്ലജ് പടവ് കിണർ എന്നിവിടങ്ങൾ കാണും. 23-ാം തിയതി സ്റ്റാച്യൂ ഓഫ് യൂണിറ്റി അഥവാ ഏകതാ പ്രതിമ കാണാൻ ഏകതാ നഗറിലേക്ക് പോകും. അവിടുന്ന് രാത്രിയോടെ ജയ്പൂരിലേക്ക് പോകും.
24ന് ഉച്ചകഴിഞ്ഞ് ജയ്പൂരിലെത്തും. ഈ ദിവസം നിങ്ങളുടെ ഇഷ്ടം പോലെ ചെലവഴിക്കാം. 25ന് പ്രഭാതഭക്ഷണത്തിന് ശേഷം സിറ്റി പാലസ്, അമർ ഫോർട്ട്, ഹവ മഹൽ എന്നിവ സന്ദർശിക്കും. അന്ന് വൈകിട്ട് വൈഷ്ണോദേവി യിലേക്കുള്ള യാത്ര ആരംഭിക്കും. 26ന് വൈകിട്ട് കത്രയിലെത്തും. അന്ന് രാത്രി കത്രയിൽ ചെലവഴിച്ച് പിറ്റേന്ന് രാവിലെ സ്വന്തം ക്രമീകരണത്തിൽ വൈഷ്ണോദേവിയിലേക്ക് പോകാം. 28ന് അമൃത്സറിലേക്ക് യാത്ര തുടരും.

29ന് രാത്രിയോടെ അമൃത്സറിലെത്തും. പിറ്റേന്ന് പ്രഭാതഭക്ഷണത്തിന് ശേഷം ജാലിയൻവാലാബാഗിലേക്കും തുടർന്ന് സുവർണ്ണ ക്ഷേത്രത്തിലേക്കും പോകും. തുടർന്ന് ഉച്ചകഴിഞ്ഞ് വാഗാ ബോർഡറിലേക്ക് പോകും. അന്ന് രാത്രിയോടെ കൊച്ചുവേളിയിലേക്ക് മടങ്ങും. 30-ാം തിയതി മുഴുവന് ട്രെയിൻ യാത്ര ആയിരിക്കും. ഡിസംബർ 1-ാം തിയതി രാത്രിയോടെ കൊച്ചുവേളിയിൽ മടങ്ങിയെത്തും.
ആകെ 754 ( സ്റ്റാൻഡേർഡ് 544 & കംഫർട്ട് 210) പേർക്കാണ് യാത്രയിൽ പങ്കെടുക്കുവാൻ സാധിക്കുക. സ്റ്റാൻഡേർഡ് ക്ലാസിൽ മുതിർന്നവർക്ക് 26,310 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 24,600 രൂപയുമാണ് നിരക്ക്. കംഫോർട്ട് ക്ലാസിൽ മുതിർന്നവർക്ക് 39,240 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 37,530 രൂപയുമാണ് നിരക്ക്. സ്റ്റാൻഡേർഡ് സ്ലീപ്പർ ക്ലാസും കംഫോർട്ട് തേർഡ് എസിയും ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും- 8287932095, 8287932098 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














