യാത്രകളിലെ പുത്തന്‍വഴികൾ എന്നും സഞ്ചാരികൾക്കൊരു ഹരമാണ്. ചോദിച്ചു ചോദിച്ചു പോകുമ്പോൾ വഴി തെറ്റുന്നതും അവിചാരിതമായി പുതിയ കാഴ്ചകളിലേക്ക് ചെന്നെത്തുവാൻ സാധ്യതയുള്ളതുമായ വഴികളാണെങ്കിൽ പറയുകയും വേണ്ട. അങ്ങനെ നോക്കുമ്പോൾ എങ്ങനെ പോയാലും കൗതുകയും രസവും പുതിയ കാഴ്ചകളും അനുഭവങ്ങളും നല്കുന്ന പാതകള്‍ നമ്മുടെ നാട്ടിൽത്തന്നെ കാണാം. എന്നാൽ ഇന്നത്തെ യാത്ര ഇവിടേക്കൊന്നുമല്ല.. 'കിണ്ണക്കോരെ'യെന്ന തമിഴ്നാടൻ ഗ്രാമത്തിലേക്കാണ്. അട്ടപ്പാടിയും മുള്ളിയും കടന്ന്, വഴിയേത് കാടേത് എന്നുപോലും തോന്നിക്കുന്ന ഇടങ്ങളിലൂടെ സഞ്ചരിച്ച് കയറിച്ചെല്ലുന്ന സ്വർഗ്ഗത്തിലേക്ക്
യാത്രാഗ്രൂപ്പുകളിലും വീഡിയോകളിലുമൊക്കെ കിണ്ണക്കോരെ എന്ന അതിമനോഹരമായ ഇടത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇന്നും പലർക്കും അപരിചിതമാണ് ഈ നാട്. പാലക്കാട് നിന്നും ഊട്ടിയിൽ നിന്നും എളുപ്പത്തിൽ എത്തുവാൻ സാധിക്കുന്ന, ഒരു സാഹസിക റൈഡിന്‍റെ എല്ലാ സുഖവും സാധ്യതകളും നല്കുന്ന, കോടമഞ്ഞും കാടും പിന്നിട്ട് പോകേണ്ടുന്ന അതിമനോഹരമായ കിണ്ണക്കോരെ അമിത പ്രതീക്ഷകളുമായി പോകേണ്ട ഒരിടമല്ലെങ്കിലും ഒരുതരി പോലും നിങ്ങളെ നിരാശരാക്കില്ലാത്ത സ്ഥലമാണ്, പ്രകൃതി ഒളിപ്പിച്ച ഒരു നാടിന്‍റെ സൗന്ദര്യം അറിയണമെങ്കിൽ തീർച്ചയായും കിണ്ണക്കോരെയിലേക്ക് പോയിരിക്കണം.

നട്ടുച്ചയ്ക്ക് സൂര്യനുദിക്കുന്ന നാട്
ഒരുപക്ഷേ,കിണ്ണക്കോരെയെക്കുറിച്ച് ഏറ്റവുമധികം കേട്ടിട്ടുള്ള കാര്യങ്ങളിലൊന്നായിരിക്കും ഉച്ചയ്ക്ക് സൂര്യനുദിക്കുന്ന ഇടം എന്നത്. കോടമഞ്ഞു നിറഞ്ഞു നിൽക്കുന്ന പകലുകളും അരിച്ചരിച്ച് മെല്ലെ മാത്രം ഇറങ്ങിവരുന്ന സൂര്യവെളിച്ചവും ഈ പേരിന് സാക്ഷ്യം നല്കുന്നു. തേയിലത്തോട്ടങ്ങളും കാടും നിറഞ്ഞു നിൽക്കുന്ന വഴിയിലൂടെ സഞ്ചരിച്ച് എത്തിച്ചേരുന്നത് ഒരു സ്വര്‍ഗ്ഗരാജ്യത്തേയ്ക്കാണ്. അപ്രതീക്ഷിതമായി ഏതു സമയത്തു വേണമെങ്കിലും കോടമഞ്ഞ് വന്നുപൊതിയുന്ന ഈ കിണ്ണക്കോരെ ഒരു ചെറിയ തനി തമിഴ്നാടൻ ഗ്രാമമാണ്. അധികം വികസനങ്ങളോ സഞ്ചാരികളോ വന്നു ചേർന്നിട്ടില്ലാത്ത ഒരു ഗ്രാമം.
ഊട്ടി യാത്രയിൽ വ്യത്യസ്തത തിരയുന്നവർക്കും കേരളത്തിൽ നിന്ന് റോഡ് ട്രിപ്പ് ആഗ്രഹിക്കുന്നവർക്കുമെല്ലാം ധൈര്യമായി തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണ് കിണ്ണക്കോരെ. കേട്ടറിഞ്ഞ് നിരവധി യാത്രികർ ഇവിടെ വന്നുപോയിട്ടുണ്ടെങ്കിലും അതിന്‍റെ തനിമയും ഭംഗിയും സ്വല്പം പോലും മാറാതെ ഇന്നും സംരക്ഷിക്കപ്പെടുന്ന ഇവിടെ എത്തുന്നതിനേക്കാൾ അതിന്‍റെ വഴിയോരക്കാഴ്ചകൾക്കാണ് പേരുകേട്ടിരിക്കുന്നത്.

PC:sudheer meduri
കിണ്ണക്കോരെയിലേക്ക് ഒരു റോഡ് ട്രിപ്പ്
കേരളത്തിൽ നിന്നു പോകുമ്പോൾ പാലക്കാട് നിന്ന് മണ്ണാർക്കാട് വഴി അട്ടപ്പാടിയിലെത്തി അവിടുന്ന് താവളം എന്ന സ്ഥലത്തെത്തണം. ഇവിടെ നിന്നും അതിർത്തി ഗ്രാമമായ മുള്ളിയിൽ എത്തണം. ഗ്രാമീണകാഴ്ചകൾ കടന്നുള്ള ഈ റൂട്ട് നിങ്ങൾ ചെന്നുകയറുന്ന ഇടത്തിന്‍റെ ചെറിയൊരു മുഖവുര നല്കും. മുള്ളി ചെക്ക് പോസ്റ്റിൽ നിന്നാണ് തമിഴ്നാട്ടിലേക്ക് കയറേണ്ടത്. രാവിലെ ആറ് മണിക്ക് തുറക്കുന്ന ചെക്പോസ്റ്റ് കയറി ഏകദേശം 50 മീറ്റർ എത്തുമ്പോൾ കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും അതിർത്തി കാണിക്കുന്ന ഒരു മൈൽകുറ്റി കാണാം. കേരള അതിർത്തി കടന്ന് വഴിയില്ലാത്ത ഒരുവഴിയേ പോയി തമിഴ്നാടിന്റെ ചെക്ക്പോസ്റ്റിലെത്തും. രേഖകളൊക്കെ കാണിച്ച് ഇവിടുന്ന് നേരെ മാഞ്ചൂർ റോഡിലേക്ക് കടക്കാം.

PC:Abdullah Ahmad
മുള്ളി-മാഞ്ചൂർ റോഡിൽ കാഴ്ചകളുടെ വിസ്മയം തന്നെയാണ് കാത്തിരിക്കുന്നത്. ആദ്യമെത്തുന്നത് കാനഡ പവർ ഹൗസാണ്. പിന്നെ വെള്ളച്ചാട്ടങ്ങളും കാടും പ്രകൃതിസൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കാഴ്ചകളും മാറിമാറി വരും. അങ്ങനെ മുന്നോട്ടുപോകുന്ന യാത്ര ഗദ എന്ന സ്ഥലത്തെത്തും. ഇവിടെ നിന്നുമാണ് മാഞ്ചൂരിലേക്ക് കയറുന്നത്. 43 വളവുകളുള്ള ഒരൊന്നൊന്നര ഹെയർപിൻ റോഡാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. അതുകയറിയാൽ മാഞ്ചൂരിലെത്താം. ഇവിടെ നിന്നുമാണ് നമ്മുടെ ലക്ഷ്യസ്ഥാനമായ കിണ്ണക്കോരയിലേക്ക് പോകണ്ടത്. താഴ്ശോലൈ എന്ന ഗ്രാമത്തിലൂടെ പോകുമ്പോൾ വഴി രണ്ടായി പിരിയുന്നിടത്തെത്താം, ഒന്ന് അപ്പർ ഭവാനിയിലേക്കും മറ്റത് കിണ്ണക്കോരെയിലേക്കും.

കിണ്ണക്കോരയിൽ ചെന്നാൽ ഒരുതരി പോലും കൃത്രിമത്വം കലരാത്ത ഗ്രാമീണകാഴ്ചകളാണുള്ളത്. ഇവിടുത്തെ കിണ്ണക്കോരെ വ്യൂ പോയിന്‍റ് കൂടി യാത്രയിൽ മറക്കാതെ കാണണം. ഇവിടെ അടുത്തുള്ള ഹെറിയസെഗൈ എന്ന ഗ്രാമത്തിലെത്തി അവിടെനിന്ന് 15 മിനിറ്റ് നടന്നാൽ കിണ്ണക്കോരെ വ്യൂ പോയിന്‍റ് കാണാം. കേരളത്തിലെ മലനിരകളുടെയും കാനഡ പവർഹൗസിന്‍റെയും കാഴ്ചകളും മലകൾക്കുതാഴെയുള്ള ഗർത്തങ്ങളുടെയും അതിശയിപ്പക്കുന്ന, കണ്ണെടുക്കുവാൻ തോന്നിപ്പിക്കാത്ത വിധത്തിൽ മനോഹരമായ കാഴ്ചകൾ കാണാം. മുന്നറിയിപ്പില്ലാതെ മഞ്ഞുവന്നു പൊതിയുന്ന കാലാവസ്ഥയാണ് ഇവിടുത്തേത്. 7 ഗ്രാമങ്ങൾ ചേരുന്ന ഇടമാണ് കിണ്ണക്കോരെ.
മാഞ്ചൂരിൽ നിന്നും മേൽകുണ്ടെ- തായ്ശോല വഴി രണ്ട് മണിക്കൂർ യാത്രയുടെ കിണ്ണക്കോരയിലേക്ക്. ഊട്ടിയിൽ നിന്ന് 60 കിലോമീറ്റർ ദൂരമുണ്ട് കിണ്ണക്കോരയിലേക്ക്, ഏകദേശം 3 മണിക്കൂറാണ് യാത്ര സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













