കുളു, മണാലി... ഊട്ടിയും കൊടൈക്കനാലും എന്നപോലെ സഞ്ചാരികളുടെ മനസ്സിൽ പതിഞ്ഞയിടം. ഇന്ത്യയുടെ ഹണിമൂൺ കാപിറ്റൽ എന്നു വിളിക്കപ്പെടുന്ന ഇവിടെ ഒന്നു വരണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത സഞ്ചാരികൾ കാണില്ല. ഒപ്പം പണ്ടുമുതലേ കേൾക്കുന്ന ഷിംലയും ചണ്ഡീഗഡും കൂടി കണ്ടാലോ... സെറ്റ് പ്ലാൻ അല്ലേ..
അപ്പോൾ യാത്ര കൊച്ചിയിൽ നിന്നാണെങ്കിലോ.. അതെ വലിയ ബുദ്ധിമുട്ടില്ലാതെ ഷിംലയും മണാലിയും കണ്ട് കോടമഞ്ഞും പർവ്വതങ്ങളും ആവോളെ ആസ്വദിച്ച് തിരികെ കൊച്ചിയിൽ വന്നിറങ്ങുന്ന ഒരു യാത്ര ഐആർസിടിസി അവതരിപ്പിച്ചിട്ടുണ്ട്. ഏഴ് രാത്രിയും എട്ട് പകലും നീണ്ടു നിൽക്കുന്ന പാക്കേജ് നിങ്ങളുടെ കുളു-മണാലി യാത്രാ മോഹങ്ങൾ പൂർത്തിയാക്കാൻ പറ്റിയ അവസരമാണ്.

മാർച്ച് 1-ാം തിയതി കൊച്ചിയിൽ നിന്നും രാവിലെ 9.10ന് പുറപ്പെടുന്ന വിമാനം ഡൽഹി വഴി ചണ്ഡിഗഡിൽ വൈകിട്ട് 4.00 മണിക്ക് എത്തിച്ചേരും. അന്ന് ഹോട്ടലിൽ വിശ്രമിച്ച് പിറ്റേന്നത്തെ യാത്രയ്ക്ക് വേണ്ട ഊർജത്തോടെ എണീക്കുകയാണ് ലക്ഷ്യം. രണ്ടാം തിയതി മുതലാണ് യാത്ര ആരംഭിക്കുന്നത്. രാവിലെ ഭക്ഷണത്തിന് ശേഷം ചണ്ഡിഗഢിലെ പ്രധാന കാഴ്ചകളായ റോക്ക് ഗാർഡൻ, റോസ് ഗാർഡൻ, സുഖ്ന തടാകം എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. രാത്രി താമസം ഷിംലയിൽ ആയിരിക്കും.
മൂന്നാമത്തെ ദിവസം കുഫ്രിയാണ് ലക്ഷ്യസ്ഥാനം. ഷിംലയിലെ റിസോർട്ട് ഹിൽ സ്റ്റേഷനാണ് കുഫ്രി. ദേവതാരു മരങ്ങളും മഞ്ഞുസ്പോർട്സുകളും ഒക്കെയായി ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട്. നാലാമത്തെ ദിവസം ഷിംലയിൽ നിന്നും മണാലിയിലേക്കാണ് പോകുന്നത്. വൈകിട്ടോടെ മണാലിയിൽ എത്തുമെങ്കിലും അന്ന് പ്രത്യേക കാഴ്ചകളോ യാത്രകളോ ഒന്നും പ്ലാൻ ചെയ്തിട്ടില്ല.
അഞ്ചാമത്തെ ദിവസം മണാലിയിലെ പ്രാദേശിക കാഴ്ചകളാണ് കാണാനിറങ്ങുന്നത്. ഹിഡിംബ ക്ഷേത്രം, മനു ക്ഷേത്രം, വസിഷ്ഠ ക്ഷേത്രം ബാത്ത്, വാൻ വിഹാർ, ടിബറ്റൻ മൊണാസ്ട്രി, ക്ലബ് ഹൗസ് എന്നിവിടങ്ങൾ കാണും. രാത്രി മണാലിയിൽ തന്നെ താമസം. ആറാമത്തെ ദിവസം യാത്രയിലെ സാഹസികത നിറഞ്ഞ ദിനമാണ്. അതിരാവിലെ റോഹ്താങ് പാസ് കാണാനായി പോകും. അടൽ ടണലിലൂടെയുള്ള യാത്ര തീർത്തും വ്യത്യസ്തമായ ഒരനുഭവമായിരിക്കും. മടക്കയാത്രയിൽ സോളാങ് വാലി സന്ദർശിക്കും.
ഏഴാം ദിവസം മണാലിയിൽ നിന്നും ചണ്ഡിഗഡിലേക്ക് മടങ്ങും. അന്ന് രാത്രി ഇവിടെ ചെലവഴിച്ച് എട്ടാം തിയതി പ്രഭാത ഭക്ഷണത്തിന് ശേഷം ഉച്ചകഴിഞ്ഞ് 2.30ന് കയറി രാത്രി 11.30ന് കൊച്ചിയിൽ മടങ്ങിയെത്തും.
49680 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്കുള്ള നിരക്കാണിത്. ഡബിൾ ഒക്യുപൻസിയിൽ ഒരാൾക് 52030 രൂപയും സിംഗിള് ഒക്യുപൻസിയിൽ 66060 രൂപയുമാണ് നിരക്ക്. കുട്ടികൾക്ക് 44980 രൂപയ്ക്കും 32380 രൂപയ്ക്കും ഇടയിലാണ് നിരക്ക്.
കൊച്ചി-ചണ്ഡീഗഢ്-കൊച്ചി റൂട്ടില്‍ ഇക്കണോമി ക്ലാസിൽ ഇൻഡിഗോ എയർലൈൻസിന്റെ വിമാന ടിക്കറ്റ്, 2 രാത്രി ഷിംലയിലും 03 രാത്രി മണാലിയിലും 02 രാത്രി ചണ്ഡീഗഢിലും ഹോട്ടലിൽ രാത്രി താമസം, IRCTC ടൂർ എസ്കോർട്ടിന്റെ സേവനങ്ങൾ, വാഹനത്തില്‍ മറ്റ് ഇടങ്ങളിലേക്കുള്ള യാത്രകൾ തുടങ്ങിയ നിരക്കുകൾ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുന്നു. യാത്രയെക്കുറിച്ച് കൂടുതൽ അറിയുവാൻ 0484-2382991 എന്ന നമ്പറില് ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













