മഹാശിവരാത്രിയുടെ പുണ്യത്തിലേക്കുള്ള കാത്തിരിപ്പിലാണ് വിശ്വാസികൾ. മഹാദേവനെ ഭജിച്ച് അനുഗ്രഹങ്ങൾ നേടിയെടുക്കാനുള്ള ദിവസം. വ്രതങ്ങളും അനുഷ്ഠാനങ്ങളും പ്രാർത്ഥനകളും പൂജകളും ചേർന്ന് സമ്പന്നമാക്കുന്ന രാവും പകലുമാണ് ശിവരാത്രിക്കുള്ളത്. ശിവക്ഷേത്രങ്ങൾ സന്ദർശിച്ചുള്ള പ്രാര്‍ത്ഥനകളാണ് ഈ ദിവസത്തിന്‍റെ പ്രത്യേകത. കേരളത്തിലെ ശിവക്ഷേത്രങ്ങളിൽ ഈ ദിവസം വിശ്വാസികൾ ധാരാളമായി എത്തും.
ശിവരാത്രിയുമായി ബന്ധപ്പെട്ട് ഏറ്റവും വ്യത്യസ്തമായ ചടങ്ങുകൾ നടക്കുന്ന ഇടങ്ങളിലൊന്നാണ് കന്യാകുമാരി. ആരാധനയ്ക്കും പ്രാർത്ഥനകൾക്കും അപ്പുറം ആത്മീയതയുടെ ആഘോഷമാണ് ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കുക. പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങള്‍ എല്ലാം സന്ദർശിക്കുന്ന ശിവാലയ ഓട്ടം ആണ് കന്യാകുമാരിയിലെ ശിവരാത്രി ആഘോഷങ്ങളുടെ പ്രത്യേകത.

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ മാത്രം കണ്ടുവരുന്ന ആചാരമാണ് ശിവാലയ ഓട്ടം. ജില്ലയുടെ വിവിധ ഭാഗങ്ങളിലായുള്ള ശിവക്ഷേത്രങ്ങളിലേക്ക് ഓടി ദർശനം നടത്തുന്ന രീതിയാണ് ഇത്. ശിവരാത്രിക്ക് തലേന്ന് ആരംഭിക്കുന്ന ശിവാലയ ഓട്ടം ശിവരാത്രി ദിവസം സമാപിക്കുന്ന രീതിയിലാണ് ആചരിക്കുന്നത്.
ഈ വർഷത്തെ ശിവരാത്രി മാർച്ച് എട്ട് വെള്ളിയാഴ്ചയാണ് ആഘോഷിക്കുന്നത്. ശിവാലയ ഓട്ടം ഏഴാ തിയതി വ്യാഴാഴ്ച ആരംഭിക്കും. വിളവന്‍കോട്, കല്‍ക്കുളം എന്നീ താലൂക്കുകളിലായുള്ള 12 ശിവക്ഷേത്രങ്ങൾ തൊഴുത് പോകുന്ന വിധത്തിലാണ് ചടങ്ങ്.ശിവരാത്രിയുടെ തലേന്ന് ആരംഭിക്കുന്ന ഓട്ടം ശിവരാത്രിയുടെ അന്ന് വൈകുന്നേരത്തോടുകൂടി പൂർത്തിയാക്കണം. ഇത്രയും ദൂരം നടന്ന് പോകണമെന്നാണ് വിശ്വാസം.
ശിവാലയ ഓട്ടം 2024- ക്ഷേത്രങ്ങൾ
മുഞ്ചിറ തിരുമല ക്ഷേത്രത്തിൽ നിന്നാണ് ശിവാലയ ഓട്ടത്തിന് തുടക്കമാകുന്നത്. ഇവിടെ ശിവൻ ശൂലപാണിയാണ്.
താമ്രപര്‍ണി നദിയുടെ തീരത്തെ തിക്കുറുശ്ശി മഹാദേവ ക്ഷേത്രം ആണ് രണ്ടാമത്തേത്. ദക്ഷനെ വധിച്ച ഭാവത്തിൽ ശിവനുള്ള തൃപ്പരപ്പ് ക്ഷേത്രമാണ് മൂന്നാമത് സന്ദർശിക്കുന്നത്. തിരുനന്തിക്കരയിൽ ആണ് നാലാമതായി എത്തിച്ചേരുന്നത്.
അഞ്ചാം ക്ഷേത്രം തിരുനന്തിക്കരയിൽ നിന്നും എട്ടു കിലോമീറ്റർ അകലെയുള്ള പൊന്മന ക്ഷേത്രം ആണ്. ഇവിടുന്ന് 10 കിലോമീറ്റർ അകലെയാണ് ആറാമത്തെ ശിവക്ഷേത്രമായ പന്നിപ്പാകം സ്ഥിതി ചെയ്യുന്നത്. ശിവാലയ ക്ഷേത്രങ്ങളിൽ പാർവ്വതി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം ആണ് ഏഴാമത്തെ ക്ഷേത്രമായ കല്‍ക്കുളം ശിവക്ഷേത്രം
മേലാങ്കോട് ശശിവക്ഷേത്രത്തിലാണ് എട്ടാമത് എത്തുന്നത്. തുടർന്ന് ചടയപ്പൻ രൂപത്തിൽ ശിവനെ ആരാധിക്കുന്ന തിരുവിടൈക്കോട് എത്തും. ശിവാലയ ഓട്ടത്തിലെ പത്താമത്തെ ക്ഷേത്രമാണ് തിരുവിതാംകോട് ശിവക്ഷേത്രം. പതിനൊന്നാമത് തൃപ്പന്നിക്കോട് ശിവക്ഷേത്രം തുടർന്ന് ശിവരാത്രി നാളിൽ വൈകിട്ടോടുകൂടി 12-ാമത്തെ ക്ഷേത്രമായ തിരുനട്ടാലം ശിവക്ഷേത്രത്തിൽ എത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












