മഹാകുംഭമേളയുടെ ദിവസങ്ങളാണ് ഇനി വരുന്നത്. പ്രാർത്ഥനയും ആഘോഷങ്ങളും ലോകം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ആത്മീയ കൂടിച്ചേരലും കൂടിയാണിത്. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ മഹാ കുംഭമേള ജില്ലയിലാണ് ഇത് നടക്കുന്നത്. 12 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന മഹാകുംഭമേളയിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി സന്യസിമാരും ജനങ്ങളും സന്ദർശകരുമടക്കം ലക്ഷക്കണക്കിന് ആളുകളെയാണ് പ്രതീക്ഷിക്കുന്നത്.
കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നായി യാത്രക്കാർക്ക് പ്രത്യേക ട്രെയിനുകളടക്കം കുംഭമേള കാണാൻ പോകാന്‍ ഒരുക്കുന്നുണ്ട്. ജനുവരി 13ന് തുടങ്ങി ഫെബ്രുവരി 26ന് അവസാനിക്കുന്ന കുംഭമേളയിൽ എങ്ങനെ പ്രയഗ്രാജിലെത്താം എന്നാണ് ഏറ്റവും കൂടുതൽ ആളുകൾ തിരയുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് വളരെ മികച്ച കണക്ടിവിറ്റിയാണ് പ്രയാഗ്രാജിനുള്ളത്. റോഡ് മാര്‍ഗം വേണമെങ്കിലും സുഖമായി പോകാം.

വിമാനമാർഗം പ്രയാഗ്രാജിലെത്താൻ
ഏറ്റവും എളുപ്പത്തിൽ പ്രയാഗ്രാജിലെത്താൻ ഉള്ള വഴി വിമാന മാർഗ്ഗമാണ്. മുൻപ് അലഹബാദ് എയർപോർട്ട് എന്നറിയപ്പെട്ടിരുന്ന പ്രയാഗ്‌രാജ് എയർപോർട്ട് ആണ് മഹാകുംഭമേള നടക്കുന്നതിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ആഭ്യന്തര വിമാനത്താവളമായതിനാൽ രാജ്യത്തിനുള്ളിലെ സർവീസുകൾ മാത്രമേ ഇവിടെയുള്ളൂ. ഡൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത, ലഖ്‌നൗ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് വിമാന സർവീസുകൾ ലഭ്യമാണ്.
ബംറൗലി എന്ന സ്ഥലത്താണ് പ്രയാഗ്‌രാജ് എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ എയർഫോഴ്സിന്റെയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും സംയുക്ത മേൽനോട്ടത്തിലാണ് ഇത് പ്രവർത്തിക്കുന്നത് പ്രയാഗ്രാജ് വിമാനത്താവളത്തിൽ നിന്ന് ടാക്സി സേവനങ്ങൾ, ബസുകൾ, തുടങ്ങിയവ കുംഭമേള നടക്കുന്ന മഹാ കുംഭമേള ജില്ലയിലേക്ക് ഉണ്ട്.
പ്രയാഗ്രാജിനടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം
വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് പ്രയാഗ്രാജിലെത്താൻ രണ്ട് വിമാനത്താവളങ്ങൾ ആണുള്ളത്. വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്‌ട്ര വിമാനത്താവളം അല്ലെങ്കിൽ ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് ഇൻ്റർനാഷണൽ എയർപോർട്ട് എന്നിവയാണവ. ലോകത്തിലെ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം ഇവിടേക്ക് സർവീസുകളുണ്ട്.
ഈ വിമാനത്താവളങ്ങളിലേക്ക് നേരിട്ട് സർവീസ് ഇല്ലെങ്കിൽ ബെംഗളൂരു, ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് പ്രയാഗ്‌രാജ് എയർപോർട്ടിലേക്ക് വരുന്ന വിധത്തിൽ പ്ലാൻ ചെയ്യാം. ഇല്ലാതെ, ബസ്, ട്രെയിൻ, കാർ തുടങ്ങിയ രീതിയിലും പ്രയാഗ്രാജിലെത്താം.
ട്രെയിൻ മാർഗം പ്രയാഗ്രാജിലെത്താൻ
നേരത്തെ അലഹബാദ് ജംഗ്ഷൻ എന്നറിയപ്പെട്ടിരുന്ന പ്രയാഗ്‌രാജ് ജംഗ്ഷൻ (PRYJ) ആണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടേക്ക് ട്രെയിനുകൾ സർവീസ് നടത്തുന്നു. നോർത്ത് സെൻട്രൽ റെയിൽവേ സോണിൻ്റെ ആസ്ഥാനമാണ് പ്രയാഗ്രാജ്. എട്ട് റെയിൽവേ സ്റ്റേഷനുകളുണ്ട്, ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ഭോപ്പാൽ, ഗ്വാളിയോർ, ജയ്പൂർ തുടങ്ങിയ പ്രധാന നഗരങ്ങള്‍ റെയിൽവേ വഴി പ്രയാഗ്രാജ് ബന്ധിക്കപ്പെട്ടിരിക്കുന്നു, രാജധാനി എക്സ്പ്രസ്, വന്ദേ ഭാരത് എക്സ്പ്രസ്, ഹൗറ-പ്രയാഗ്രാജ് എക്സ്പ്രസ്, സംഘമിത്ര എക്സ്പ്രസ് എന്നിവയാണ് പ്രയാഗ്രാജിലേക്കുള്ള ചില ജനപ്രിയ ട്രെയിനുകൾ.
കേരള- പ്രയാഗ്രാജ് ട്രെയിനുകൾ
എറണാകുളം- പാട്ന ജംങ്ഷൻ 22669 ERS- PNBE സൂപ്പർഫാസ്റ്റ് എക്പ്രസ് കേരളത്തിൽ നിന്നുള്ള പ്രയാഗ്രാജ് ട്രെയിനാണ്. ശനിയാഴ്ചകളിൽ രാത്രി 11.55 ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന എറണാകുളം- പാട്ന സൂപ്പർഫാസ്റ്റ് എക്പ്രസ് 46 മണിക്കൂര്‍ യാത്രയ്ക്കൊടുവിൽ തിങ്കളാഴ്ച രാത്രി 9.45 ന് പ്രയാഗ്രാജിലെത്തും.
മംഗളൂരു സെൻട്രൽ- വാരണാസി ജംങ്ഷൻ പ്രത്യേക ട്രെയിനും കേരളത്തിൽ നിന്നും പ്രയാഗ്രാജ് പോകാൻ പറ്റിയതാണ്. കാസർകോഡ് മുതൽ പാലക്കാട് വരെയുള്ളവർക്ക് ഇതിൽ നേരിട്ട് പ്രയാഗ്രാജിലെത്താം. കുംഭമേളയോട് അനുബന്ധിച്ച് പ്രത്യേക സർവീസ് നടത്തുന്ന ട്രെയിനാണിത്. ശനിയാഴ്ച പുലർച്ചെ 4.15ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 10.25 ന് പ്രയാഗ്രാജിലെത്തും.
കൂടാതെ, ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ട്രെയിനുകൾ ലഭ്യമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













