കാഴ്ചകളുടെ ഒരു സ്വർഗ്ഗലോകമാണ് മലപ്പുറം. നിലമ്പൂരും തേക്കിൻ തോട്ടങ്ങളും ചാലിയാറും നീലഗിരിയും വെള്ളച്ചാട്ടങ്ങളും ഒക്കെ ചേർന്ന ഒരു നാട്. കുളിരിൽ പൊതിഞ്ഞ് മരങ്ങളുടെ തണലും തണുപ്പുമേറ്റ്, പുഴയുടെ കഥകൾക്കൊപ്പം സഞ്ചരിക്കുന്ന മലപ്പുറത്തു നിന്നും ഒരു യാത്ര പോയാലോ? അതും വെറും 200 കിലോമീറ്ററിനുള്ളില് നിൽക്കുന്ന, അതിമനോഹരമായ കാഴ്ചകളുടെ കുറേ ഇടങ്ങൾ.
അതേ, ഈ യാത്രയിൽ നമ്മൾ മലപ്പുറത്തിന്‍റെ അതിർത്തി കടക്കുകയാണ്. നാടുകാണിയും ഗൂഡല്ലൂരും പിന്നിട്ട് കാന്തം പോലെ കാഴ്ചകളാൽ ആകർഷിക്കുന്ന കുറച്ചിടങ്ങൾ തേടി ഒരു യാത്ര. മടുപ്പിക്കാത്ത യാത്രകളാണിതെന്നു മാത്രമല്ല, പുത്തൻ കാഴ്ചകളും രസങ്ങളും കൗതുകവുമെല്ലാം ഇതിലുണ്ട്. സഞ്ചാരികളുടെ പ്രിയപ്പെട്ട മസിനഗുഡിയും സ്ഥലങ്ങളുടെ ലിസ്റ്റിൽ ഉണ്ട് കേട്ടോ...

മസിനഗുഡി
തുടക്കം മസിനഗുഡിയിലേക്ക് തന്നെയാവാം. മലപ്പുറത്തു നിന്നും സഞ്ചാരികളുടെ ശ്രദ്ധയേറ്റുവാങ്ങിയ മസിനഗുഡിയിലേക്ക് വെറും 113 കിലോമീറ്റർ മാത്രമേയുള്ളൂ. കാടിനുള്ളിലെ കാഴ്ചകൾക്കാണ് ഇവിടം പ്രസിദ്ധമെങ്കിലും റോഡിലൂടെയുള്ള യാത്രയും ഒട്ടും നിരാശപ്പെടുത്തില്ല. ആനക്കൂട്ടങ്ങളും മാൻ കൂട്ടങ്ങളും മയിലും ഒക്കെ വഴിയുടെ ഇരുവശങ്ങളിലുായി കാണാം.ഊട്ടി- മൈസൂർ പാതയിലെ ഒരു സ്ഥലമാണ് മസിനഗുഡിയെങ്കിലും ഒരു പ്രസിദ്ധ ലക്ഷ്യസ്ഥാനമായി ഇവിടം മാറിക്കഴിഞ്ഞു.
എന്നാൽ ഈ യാത്രയിൽ കാടിനുള്ളിലേക്ക് കടക്കണമെങ്കിൽ ജീപ്പ് സഫാരി മാത്രമാണ് ശരണം. പോയാൽ പക്ഷേ, സംഗതി വേറേ ലെവലാണ്. കാട്ടുവഴികളും മനോഹരമായ പച്ചപ്പും മരങ്ങളും ഒക്കെ ഈ വഴിയിൽ നിങ്ങളെ കാത്തിരിപ്പുണ്ട്. മോയാർ ഡാമും ഈ വഴി തന്നെയാണ്. എന്നാൽ വഴി കൃത്യമായി മനസ്സിലാക്കി വേണം യാത്ര ചെയ്യുവാന്‍.
ഗുണ്ടൽപ്പേട്ട്
കർണ്ണാടകയുടെ ഭാഗമായ ഗുണ്ടൽപ്പേട്ടിലേക്ക് മലപ്പുറത്തു നിന്നും വേഗത്തിലെത്താം. ഒരു കിടിലൻ വണ്ടേ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് 114 കിമീ സഞ്ചരിക്കാൻ താല്പര്യമുണ്ടെങ്കിൽ ഗുണ്ടൽപ്പേട്ട് എന്ന് സെറ്റ് ചെയ്ത് ഇറങ്ങിക്കോളൂ. പച്ചക്കറി തോട്ടങ്ങളും കൃഷിയിടങ്ങളും ആണ് ഇവിടെ കാണാനുള്ളത്. ഓണസമയത്താണ് വരുന്നതെങ്കിൽ ഇവിടെ നിറയെ വിവിധതരം പൂക്കൾ കാണാം. പൂത്തു നിൽക്കുന്ന പൂപ്പാടങ്ങൽ തേടി ഇഷ്ടംപോലെ ആളുകൾ ഇവിടേക്കെത്തും.
സമയമുണ്ടെങ്കിൽ കോടമഞ്ഞും നിർത്താതെ വീശിയടിക്കുന്ന കാറ്റും ഉള്ള ഗോപാലസ്വാമിബേട്ടയും കാണാം. മലകൾക്കു മുകളിലെ ക്ഷേത്രമാണിവിടെ. ഇവിടുത്തെ പച്ചപ്പും ജൈവവൈവിധ്യവും കർണ്ണാടക ബസിലുള്ള യാത്രയും വ്യത്യസ്തമായ ഒരനുഭവം നല്കും. വേണമെങ്കിൽ മൈസൂർ വരെ യാത്ര നീട്ടുകയും ചെയ്യാം.
കോത്തഗിരി
മലപ്പുറത്തു നിന്നും 166 കിലോമീറ്റർ ദൂരത്തിലാണ് കോത്തഗിരിയുള്ളത്. ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നു വിളിച്ച ഇവിടെ അപ്പോള് കാര്യമായെന്തെങ്കിലും കാണാനുണ്ട് എന്നു തോന്നുന്നില്ലേ. ഊട്ടിയോട് ചേർന്നാണെങ്കിലും ഊട്ടിയുടെ തിരക്കും പ്രസിദ്ധിയും കോത്താഗിരിക്കില്ല. പക്ഷേ, ഊട്ടിയേക്കാൾ ഭംഗിയും കാഴ്ചരളും ഈ സ്ഥലത്തിനുണ്ട്. കോടനാട് വ്യൂ പോയിന്‍റ്, കാതറീൻ വെള്ളച്ചാട്ടം, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.
മഞ്ചൂര്‍
മലപ്പുറത്തു നിന്നും 140 കിലോമീറ്റർ അകലെയാണ് മഞ്ചൂര്‍ സ്ഥിതി ചെയ്യുന്നത്. കോടമഞ്ഞും വളവുകളും താണ്ടി പോകുന്ന യാത്ര പ്രകൃതിസൗന്ദര്യം മുറ്റി നിൽക്കുന്ന വഴികളിലൂടെയാണ് പോകുന്നത്. മഞ്ഞുപെയ്യുന്ന വഴികളിലൂടെയുള്ള ട്രിപ്പ് മലപ്പുറത്തു നിന്നും പോകാവുന്ന യാത്രകളിൽ മനോഹരമായ മറ്റൊരിടമാക്കി ഇതിനെ മാറ്റുന്നു. നട്ടുച്ചയ്ക്കു പോലും കോടമഞ്ഞു പൊതിഞ്ഞു നിൽക്കുന്ന ഇടമായതുകൊണ്ടു തന്നെ എത്ര വെയിലത്തു പോയാലും ഈ യാത്ര നമ്മളെ ബുദ്ധിമുട്ടിപ്പിക്കില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















