മഴ നനഞ്ഞ്, കിടിലൻ കാഴ്ചകൾ കണ്ട്, കാടിറങ്ങി വരുന്ന മഞ്ഞിന്‍റെ വഴിയിലൂടെ യാത്ര പോകണമെന്ന് ഒരാഗ്രഹമില്ലേ.. അതും ഈ മഴക്കാലത്ത് ദക്ഷിണേന്ത്യയിൽ നിങ്ങൾക്ക് കാണാൻ പറ്റുന്ന ഏറ്റവും രസകരമായ കാഴ്ചകളിലൂടെ, പച്ചപ്പിന്‍റെ ഇടനാഴിയിലൂടെ, കോടമഞ്ഞിൽ പൊതിഞ്ഞൊരു ട്രെയിൻ യാത്രയാണെങ്കിലോ.. പോരാത്തതിന് വഴിനീളെ വെള്ളച്ചാട്ടങ്ങളും! എങ്ങോട്ടാണ് ഈ യാത്രയെന്നല്ലേ, നമ്മുടെ സ്വന്തം മംഗലാപുരത്തു നിന്നും ബാംഗ്ലൂരിലേക്കാണ് ഈ യാത്ര!
സമയം പോലെ ശനിയോ ഞായറോ, ഇനി തിരക്കില്ലാതെ പോകണമെന്നാണെങ്കിൽ ഒരിടദിവസമോ തിരഞ്ഞെടുത്ത് മംഗലാപുരത്തു നിന്നും ബാംഗ്ലൂരിലേക്ക് പോകാം. മഴയൊക്കെ പെയ്തുതുടങ്ങിയതോടെ വഴിനീളെ പച്ചപ്പ് നിറഞ്ഞ കാഴ്ചകളായിരിക്കും. എങ്ങനെയാണ് പോകേണ്ടതെന്നല്ലേ. നോക്കാം..

PC:Iamg
മംഗലാപുരത്തു നിന്നും ബാംഗ്ലൂരിലേക്കുള്ള യാത്രയിലാണ് മൺസൂൺ മനോഹരമാക്കിയിരിക്കുന്ന പ്രകൃതിയുടെ കാഴ്ചകൾ കാണാൻ സാധിക്കുക. സഹ്യാദ്രിയുടെ ഭംഗി പല ആംഗിളുകളിൽ, വ്യത്യസ്ത ഫ്രെയിമുകളിൽ, കർണ്ണാടകയുടെ മണ്ണിലൂടെയുള്ള ഈ യാത്രയിൽ ആസ്വദിക്കാം. മൺസൂണിൽ മാത്രമല്ല, ഏതു സമയത്തു പോയാലും നിറത്തിൽ വ്യത്യാസങ്ങളുമായി ഈ കാഴ്ചകൾ ഇവിടെത്തന്നെയുണ്ടാകും.
ഇന്ത്യൻ റെയിൽവേയുടെ ഗ്രീന്‍ റൂട്ട്
ഈ മംഗലാപുരം-ബാംഗ്ലൂർ റെയിൽപാതയിൽ കുക്കെ സുബ്രഹ്മണ്യ മുതൽ സകലേശ്പുര വരെയുള്ള ഭാഗം ഇന്ത്യൻ റെയിൽവേയുടെ ഗ്രീന്‍ റൂട്ട് എന്നാണ് അറിയപ്പെടുന്നത്. 52 കിലോമീറ്റർ ദൂരത്തിൽ ചെറുതായി പേടിപ്പെടുത്തുന്ന ടണലുകൾ മുതൽ വെള്ളച്ചാട്ടങ്ങളും പച്ചപ്പുമെല്ലാം ഇവിടെ ആവശ്യത്തിലധികം കാണാം. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തിലെ വ്യത്യാസമാണ് ഇവിടുത്തെ മറ്റൊരാകർഷണം. 906 മീറ്റർ ഉയരത്തിലൂടെ പൊയ്ക്കൊണ്ടിരുന്ന യാത്ര സുബ്രഹ്മണ്യയാകുമ്പോഴേക്കും വെറും 120 മീറ്റർ ഉയരത്തിലെത്തും. 57 ടണലുകൾ, 109 പാലങ്ങള്‍ എന്നിങ്ങനെ അതിശയം മാറാത്ത കാഴ്ചകൾ ഇവിടെ കാണാം.
മഴയും കാറ്റും മാറിമാറി വരുന്ന സമയത്താണ് യാത്രയെന്നതുകൊണ്ടുതന്നെ അതിനുള്ള തയ്യാറെടുപ്പുകളും നടത്തിയിരിക്കണം. രസകരവും പേടിപ്പെടുത്തുന്നതും അതേസമയം കൗതുകം തോന്നിക്കുന്നതുമായ കാഴ്ചകൾ ഈ റൂട്ടിലങ്ങോളം കാണാം. വെള്ളച്ചാട്ടങ്ങളും കാടിനകത്തെ മഴയിൽ കുത്തിയൊലിക്കുന്ന അരുവികളും മാത്രമല്ല, കാടിനുള്ളിലൂടെയുള്ള യാത്രകളും കയറ്റിറക്കങ്ങളും ഒക്കെയുണ്ട്. മണ്ണിടിച്ചിലും പാളത്തിൽ പാറകൾ വീഴുന്നതുമെല്ലാം ഇവിടെ സാധാരണമാണ്.

PC:Enzipp
മംഗലാപുരത്തു നിന്നു ബാംഗ്ലൂരിലേക്ക് മാത്രമല്ല, ബാംഗ്ലൂരിൽ നിന്നു തിരിച്ചു വരുമ്പോഴും ഈ കാഴ്ചകളത്രയും കാണാം. ഗ്രീൻ റൂട്ട് എന്ന് പറയുന്നത് സക്ലേഷ്പൂരിനും സുബ്രഹ്മണ്യയ്ക്കും ഇടയിലായാണ്. ഈ റൂട്ടിൽ രണ്ടു വശത്തേയ്ക്കും പകൽ നേരത്ത് മൂന്നു ട്രെയിനുകൾ വീതമുണ്ട്. ഇവയിലെല്ലാം വിസ്റ്റാഡോം കോച്ചുകളും ഉണ്ട്. സെക്കൻഡ് ക്ലാസ് ടിക്കറ്റെടുത്താൽ വെറും 155 രൂപയ്ക്ക് ബാംഗ്ലൂരിലെത്താം. തുറന്നിട്ട ജനലിലൂടെ, മഴയും കാറ്റും കൊണ്ട് വിസ്റ്റാഡോം കാഴ്ചകളേക്കാൾ മോഹരമായി പുറത്തെ കാഴ്ചകൾ കാണുകയും ചെയ്യാം.
മംഗളുരു-ബാംഗ്ലൂർ പകൽ ട്രെയിനുകൾ
1. മംഗളൂരു - യശ്വന്ത്പൂർ എക്സ്പ്രസ് (16540)
സെക്കൻഡ് സിറ്റിങ്ങിൽ 155 രൂപ എസി ചെയർ കാറിൽ 560 രൂപ, വിസ്റ്റാഡോം എസിയിൽ 1525 രൂപ എന്നിങ്ങനെയാണ് നിരക്ക്. രാവിലെ 9.15ന് മംഗലാപുരത്തു നിന്നുമെടുക്കുന്ന ട്രെയിൻ രാത്രി 8.20ന് യശ്വന്ത്പൂർ ജംങ്ഷനിലെത്തും. 11 മണിക്കൂർ 05 മിനിറ്റാണ് യാത്രാ സമയം. ഞായറാഴ്ച മാത്രമാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.
2. മംഗളൂരു - യശ്വന്ത്പൂർ എക്സ്പ്രസ് ( 16576)
രാവിലെ 11.30ന് മംഗലാപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.45ന് യശ്വന്ത്പൂർ ജംങ്ഷനിലെത്തും. 9 മണിക്കൂർ 15 മിനിറ്റാണ് യാത്രാ സമയം. സെക്കൻഡ് സിറ്റിങ്ങിൽ 155 രൂപ എസി ചെയർ കാറിൽ 560 രൂപ, വിസ്റ്റാഡോം എസിയിൽ 1525 രൂപ എന്നിങ്ങനെയാണ് നിരക്ക്. - തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.
3. കർവാർ - യശ്വന്ത്പൂർ എക്സ്പ്രസ് (16516)
രാവിലെ 11.30ന് മംഗലാപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.45ന് യശ്വന്ത്പൂർ ജംങ്ഷനിലെത്തും. 9 മണിക്കൂർ 15 മിനിറ്റാണ് യാത്രാ സമയം. സെക്കൻഡ് സിറ്റിങ്ങിൽ 155 രൂപ എസി ചെയർ കാറിൽ 560 രൂപ, വിസ്റ്റാഡോം എസിയിൽ 1525 രൂപ എന്നിങ്ങനെയാണ് നിരക്ക്. -ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.
ബാംഗ്ലൂർ-മംഗളുരു പകൽ ട്രെയിനുകൾ
1. യശ്വന്ത്പൂർ - മംഗളൂരു എക്സ്പ്രസ്(16539)
എല്ലാ ശനിയാഴ്ചകളിലും രാവിലെ 7.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ 4.40ന് മംഗലാപുരത്തെത്തും. സെക്കൻഡ് സിറ്റിങ്ങിൽ 155 രൂപ എസി ചെയർ കാറിൽ 560 രൂപ, വിസ്റ്റാഡോം എസിയിൽ 1525 രൂപ എന്നിങ്ങനെയാണ് നിരക്ക്.
2. യശ്വന്ത്പൂർ - കർവാർ, കർവാർ എക്സ്പ്രസ് (16515) -
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ യശ്വന്ത്പൂരിൽ നിന്ന് രാവിലെ 7.00 മണിക്ക് പുറപ്പെടുന്ന കർവാർ എക്സ്പ്രസ് 4.35ന് മംഗലാപുരത്തെത്തും. സെക്കൻഡ് സിറ്റിങ്ങിൽ 155 രൂപ എസി ചെയർ കാറിൽ 560 രൂപ, വിസ്റ്റാഡോം എസിയിൽ 1525 രൂപ എന്നിങ്ങനെയാണ് നിരക്ക്.
3. യശ്വന്ത്പൂർ - മംഗളൂരു ഗോമതേശ്വര എക്സ്പ്രസ്- (16575)
ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ യശ്വന്ത്പൂരിൽ നിന്ന് രാവിലെ 7.00 7.00 മണിക്ക് പുറപ്പെടുന്ന ഗോമതേശ്വര എക്സ്പ്രസ് വൈകിട്ട് 4.40ന് മംഗലാപുരത്തെത്തും. 9 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം. സെക്കൻഡ് സിറ്റിങ്ങിൽ 155 രൂപ എസി ചെയർ കാറിൽ 560 രൂപ, വിസ്റ്റാഡോം എസിയിൽ 1525 രൂപ എന്നിങ്ങനെയാണ് നിരക്ക്.
Cover Image PC:Shameersh
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














