ഒറ്റ ദിവസത്തിൽ മുംബൈയിൽ.. അതും ഇന്ത്യയിലെ ഏറ്റവും മനോഹരമായ റെയിൽ റൂട്ടുകളിൽ ഒന്നിലൂടെ, പ്രകൃതിഭംഗി ആസ്വദിച്ച് പുതിയ നാടുകൾ കണ്ട് ക്ഷീണമറിയാതെ ട്രെയിനിൽ സുഖകരമായ യാത്ര... ഇതൊക്കെ ഇവിടെ നടക്കണമെങ്കിൽ കൊല്ലങ്ങൾ എടുക്കും എന്നായിരിക്കും പലരും ചിന്തിക്കുന്നത്. എന്നാൽ വെറും ഒരു ദിവസത്തിൽ മുംബൈയിൽ നിങ്ങൾക്ക് എത്താം. അതും വന്ദേ ഭാരത് എക്സ്പ്രസിൽ. എങ്ങനെയാണെന്നല്ലേ...
മലയാളികൾക്കുൾപ്പെടെ ഉപകാരപ്പെടുത്താൻ പറ്റിയ ട്രെയിൻ സർവീസായ മംഗലാപുരം-ഗോവ വന്ദേ ഭാരതും ഗോവ-മുംബൈ വന്ദേഭാരത് സർവീസും ആണ് ഈ യാത്രയിൽ നിങ്ങളെ സഹായിക്കുന്നത്. മംഗലാപുരത്തു നിന്നു നിന്ന് ഗോവയിലെത്തി അവിടുന്ന് ഒരൂണ് ഒക്കെ കഴിച്ച് അടുത്ത വന്ദേ ഭാരതിൽ കയറി മുംബൈയിലെത്തുന്ന യാത്ര എങ്ങനെ പ്ലാൻ ചെയ്യാമെന്ന് നോക്കാം.

മംഗലാപുരം-മുംബൈ വന്ദേ ഭാരത് യാത്ര
കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത മംഗലാപുരം-മഡ്ഗാവോൺ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ സമയക്രമം മഡ്ഗാവോണിൽ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് കിട്ടുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അങ്ങനെ രാവിലെ മംഗലാപുരത്ത് നിന്നാരംഭിക്കുന്ന യാത്ര രാത്രിയോടെ മുംബൈയിൽ എത്തിച്ചേരാൻ സഹായിക്കും.
മംഗലാപുരം-ഗോവ വന്ദേ ഭാരത് (20646)
മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ 8.30ന് ആരംഭിക്കുന്ന വന്ദേ ഭാരത് യാത്ര 4 മണിക്കൂർ 45 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഉച്ചയ്ക്ക് 1.15ന് മഡ്ഗാവോണിൽ എത്തിച്ചേരും. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. എസി ചെയർ കാറിൽ 1330 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2350 രൂപയുമാണ് നിരക്ക്.ഉഡുപ്പി, കർവാർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
ഉച്ചയ്ക്ക് 1.15ന് മഡ്ഗാവോണിൽ എത്തിയാൽ ഒന്നു വിശ്രമിച്ച് ഉച്ചയൂണോ അല്ലെങ്കിൽ ഒരു ചായയോ കുടിച്ച് വിശ്രമിക്കാനുള്ള സമയമേ കിട്ടൂ. അപ്പോഴേയ്ക്കും ഗോവ- മുംബൈ വന്ദേ ഭാരത് ട്രെയിൻ പുറപ്പെടാൻ തയ്യാറായി ട്രാക്കിലേക്കെത്തും. ഇനി മുംബൈയുടെ കാഴ്ചകളാണ്.
ഗോവ-മുംബൈ വന്ദേ ഭാരത് (22230)
മഡ്ഗാവോണില്‍ നിന്നും ഉച്ചകഴിഞ്ഞ് 2.40ന് ഗോവ-മുംബൈ വന്ദേ ഭാരത് ട്രെയിൻ പുറപ്പെടും. 7 മണിക്കൂർ 45 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാത്രി 10.25ന് ട്രെയിൻ ഛത്രപതി ശിവജി ടെർമിനസ് റെയിൽവേ സ്റ്റേഷനിലെത്തും. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. എസി ചെയർ കാറിൽ 1745 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3295 രൂപയുമാണ് നിരക്ക്.
കൻകാവാലി, രത്നഗിരി, പൻവേൽ, താനെ, തുടങ്ങയവയാണ് പ്രധാന സ്റ്റോപ്പുകൾ. പിന്നെ നിങ്ങളുടെ സൗകര്യത്തിൽ മുംബൈ കറങ്ങി മടങ്ങാം

മുംബൈയിൽ നിന്ന് തിരികെ വന്ദേ ഭാരത് ട്രെയിനു തന്നെയാണ് വരുന്നതെങ്കിൽ യാത്ര ഇങ്ങനെ പ്ലാൻ ചെയ്യാം.
മുംബൈ-ഗോവ വന്ദേ ഭാരത് (22229)
ഛത്രപതി ശിവജി ടെർമിനസ് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 5.25ന് പുറപ്പെടുന്ന ട്രെയിൻ 7 മണിക്കൂർ 45 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഉച്ചയ്ക്ക് 1.10ന് മഡ്ഗാവോൺ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. എസി ചെയർ കാറിൽ 1745 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3295 രൂപയുമാണ് നിരക്ക്.
മഡ്ഗാവോൺ-മംഗലാപുരം വന്ദേ ഭാരത് 20645
മഡ്ഗാവോണിൽ നിന്നും മംഗലാപുരത്തേയ്ക്ക് വൈകിട്ട് 6.10ന് എടുക്കുന്ന ട്രെയിൻ രാത്രി 10.45 ന് മംഗളുരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും, 4 മണിക്കൂർ 35 മിനിറ്റാണ് യാത്രാ സമയം.
കേരളത്തിൽ നിന്നും പോകാം
കേരളത്തിൽ നിന്നും അതിരാവിലെ മംഗലാപുരത്തെത്തിയാൽ മേല്‌പ്പറഞ്ഞ പോലെ ഗോവയിലെത്തി അവിടുന്ന് മുംബൈയ്ക്ക് പോകാം. കേരളത്തിൽ നിന്നും മംഗലാപുരത്തേയ്ക്ക് നിരവധി ട്രെയിനുകൾ സർവീസ് നടത്തുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













