എപ്പോൾ വേണമെങ്കിലും താഴേക്ക് പതിച്ചേക്കാം എന്ന ഭീഷണിയുമായി നിൽക്കുന്ന മഴമേഘങ്ങൾ ഒരുവശത്തു നിൽക്കുമ്പോൾ മലയുടെ അങ്ങേ ചെരിവിൽ മഴ തകർത്തു പെയ്യുകയായിരിക്കും. പിന്നെ പറയാതെയെത്തുന്ന കോടമഞ്ഞും നൂൽമഴയും. തെളിഞ്ഞുനിൽക്കുന്ന വെയിലിനിടയിലൂടെ പെട്ടന്നു വന്നു ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ പെയ്തുതീർത്തു പോകുന്ന മഴയാണ് മറ്റൊരു താരം.
മൂന്നാറിലാണ് മഴക്കാലമെങ്കില്‍ ഒരു ദിവസം തന്നെ ഇത്തരം പല കാഴ്ചകൾ കാണാം. അതുകൊണ്ടുതന്നെ ഈ സമയത്ത് ഇവിടെ സഞ്ചാരികൾക്ക് ആഘോഷത്തിന്‍റെ സമയമാണ്. തിരിച്ചു കയറുവാൻ തോന്നിപ്പിക്കാതെ, കൊതിതീരെ മഴനനഞ്ഞ് നടക്കുവാനെത്തുന്നവരെ മഴക്കാലത്ത് വന്നാൽ കാണാം. ഇതാ ആർത്തിരമ്പുന്ന മഴയിൽ മൂന്നാറിൽ കാണാൻ പറ്റിയ സ്ഥലങ്ങളും ചെയ്യേണ്ട കാര്യങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

കണ്ണെത്തുന്നയിടങ്ങളിലെല്ലാം പച്ചപ്പ്, ആകാശത്താണെങ്കിൽ പെയ്യാൻ വെമ്പി നിൽക്കുന്ന മഴമേഘങ്ങൾ, ആർത്തലച്ച് പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ- മഴക്കാലത്ത് മൂന്നാറിലെ ഏറ്റവും സാധാരണമായ ചില കാഴ്ചകളാണിത്. അതുകൊണ്ടുതന്നെ സ്ഥിരം പാറ്റേണിൽ നിന്നുമാറി മഴയിൽ മൂന്നാറിലെത്തുന്നവരുടെ യാത്രകൾ സ്ഥലങ്ങൾ കാണുന്നതിനേക്കാൾ മഴയറിഞ്ഞ് നനഞ്ഞുകയറുക എന്നതായിരിക്കും.
മഴക്കാലത്ത് മൂന്നാറിലെത്തിയിട്ട് മടിപിടിച്ച് റൂമിൽ തന്നെയിരിക്കാൻ തോന്നും. മഴയും തണുപ്പും ഒക്കെയാകുമ്പോൾ വളരെ സ്വാഭാവീകം. എന്നാൽ ഇങ്ങനെ ഇരുന്നാല് മിസ് ചെയ്യുന്നത് മൂന്നാർ ഒരുക്കുന്ന മഴയനുഭവങ്ങളും മഴക്കാഴ്ചകളും ആവും. ഈ മഴയത്ത് മൂന്നാറിൽ ചെയ്യാൻ പറ്റിയ കാര്യങ്ങൾ നോക്കാം.
ചിന്നക്കനാൽ വെള്ളച്ചാട്ടം
എപ്പോൾ പോയാലും രസകരമായ കാഴ്ചകളാണെങ്കിലും മഴക്കാലത്തെ ചിന്നക്കനാൽ വെള്ളച്ചാട്ടം വേറെ ലെവലാണ്. പവർഹൗസ് വെള്ളച്ചാട്ടമെന്ന പേരുപോലെ നല്ല പവറിലാണ് ഈ സമയത്തെ ഒഴുക്കും. പച്ചപ്പു നിറഞ്ഞ പ്രദേശത്തു നിന്നു പാറക്കൂട്ടങ്ങളിലൂടെ പതിച്ചിറങ്ങുന്ന ചിന്നക്കനാൽ വെള്ളച്ചാട്ടം റോഡിൽ നിന്നു കാണാം. സമുദ്രനിരപ്പിൽ നിന്നും 2000 മീറ്റർ ഉയരത്തിലാണ് ഇതുള്ളത്.
മൂന്നാറിൽ നിന്നും 17.6 കിലോമീറ്റർ അകലെ, ദേവികുളം കഴിഞ്ഞാണ് ചിന്നക്കനാൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെയുള്ള യാത്രയാണ് ഇവിടുത്ത ആകർഷണം. തേക്കടിയിലെ പെരിയാർ വന്യജീവി സങ്കേതത്തിലേക്കുള്ള വഴിയിലാണിത്. മഴക്കാലത്തിനു ശേഷവും ഇതേ ഭംഗിയിൽ ചിന്നക്കനാൽ കാണാം.

പോതമേട് വ്യൂ പോയിന്‍റ്
മൂന്നാറിന്‍റെ മൊത്തത്തിലൊരു കാഴ്ച ലഭിക്കുന്ന സ്ഥലമാണ് മൂന്നാർ ടൗണിലേക്ക് കയറുന്നതിന് തൊട്ടുമുൻപുള്ള പോതമേട് വ്യൂ പോയിന്‍റ്. മുതിരപ്പുഴയാറും ഇടുക്കി അണക്കെട്ടുമെല്ലാം ഇവിടെ നിന്നാൽ കാണാം. മഴക്കാലത്തെ മൂന്നാറിന്റെ ഭംഗി ആസ്വദിക്കുവാൻ ഇവിടെ ട്രക്കിങ്, ഹൈക്കിങ്,
ക്യാംപിങ് തുടങ്ങിയ കാര്യങ്ങളും ലഭ്യമാണ്. കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന വൈകുന്നേരങ്ങളാണ് ഇവിടുത്തെ ആകർഷണം.
ചുനയംമാക്കൽ വെള്ളച്ചാട്ടം
സാധാരണ സമയത്തെത്തിയാൽ ഒരു ചാറ്റൽമഴ നനയുന്ന സുഖമാണ് ചുനയംമാക്കൽ വെള്ളച്ചാട്ടം നല്കുന്നത്. മൺസൂണിലെത്തിയാൽ ഒരു പെരുമഴ നനഞ്ഞ ഫീലിൽ ഇവിടെ നിന്നു മടങ്ങാം. മൂന്നാർ മഴയാത്രയിൽ മറക്കാതെ എക്സ്പ്ലോർ ചെയ്തിരിക്കേണ്ട, സുരക്ഷിതമായ ഇടം ആണ് ചുനയംമാക്കൽ. അതുകൊണ്ടുതന്നെ മൂന്നാർ യാത്രയിൽ കുടുംബത്തോടൊപ്പം തന്നെ ഇവിടം സന്ദർശിക്കാം.

എത്തിച്ചേരുവാനും അധികം ബുദ്ധിമുട്ടില്ലാത്ത സ്ഥലമാണിത്.
മൂന്നാർ എത്തുന്നതിനു മുൻപ് അടിമാലി വെള്ളത്തൂവലിലെ എല്ലക്കല്‍ പോത്തുപാറ എന്ന സ്ഥലത്താണ് ഈ വെള്ളച്ചാട്ടമുള്ളത്. മൂന്നാറില്‍ നിന്നാണ് വരുന്നതെങ്കിൽ മൂന്നാറിൽ നിന്നും ചുനയംമാക്കൽ വെള്ളച്ചാട്ടത്തിലേക്ക് 20.8 കിലോമീറ്ററാണ് ദൂരം.
ഇരവികുളം ദേശീയോദ്യാനം
നിറഞ്ഞു നിൽക്കുന്ന പച്ചപ്പ്, വന്നുപൊതിയുന്ന കോടമഞ്ഞ്,
മഴക്കാലത്ത് സുരക്ഷിതമായി സന്ദർശിക്കുവാൻ പറ്റിയ, വിസ്മയിപ്പിക്കുന്ന മറ്റൊരു സ്ഥലമാണ് ഇരവികുളം ദേശീയോദ്യാനം. പച്ചപ്പിന്‍റെ വൈവിധ്യം നിറഞ്ഞ കാഴ്ചകളാണ് ഇവിടെയുള്ളത്. വരയാടുകളുടെ ലോകമാണ് ഇവിടെ കാണാനുള്ളത്. വനംവകുപ്പ് നടത്തുന്ന സഫാരിയിലൂടെ ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കാം.

ഇതൊന്നുമല്ലാത്ത മറ്റൊരു മുഖം കൂടി മൂന്നാറിലെ മഴക്കുണ്ട്. കാടിനുള്ളിൽ പെയ്യുന്ന മഴ ആർത്തിരമ്പിയെത്തുന്നതും അത് മലവെള്ളപ്പാച്ചിലാകുന്നതും ഉരുളുപൊട്ടി റോഡ് പോലും ഇല്ലാതാകുന്നതും എല്ലാം മലയോരത്തെ മഴക്കാലത്തെ കഷ്ടതകൾ കൂടിയാണ്. അതുകൊണ്ടു തന്നെ മൺസൂണിൽ മൂന്നാറിലെത്തുമ്പോൾ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുവാനും നിർദ്ദേശങ്ങൾ പാലിക്കുവാനും ശ്രദ്ധിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












