മഴക്കാലം യാത്രകളുടെ കൂടി സമയമാണ്. ഭൂമി ഏറ്റവും മനോഹരിയായി പച്ചയുടുത്തൊരുങ്ങുന്ന, വെള്ളിപാദസരം പോലെ മലമേടുകളിലൂടെ വെള്ളച്ചാട്ടങ്ങള്‍ ഒലിച്ചിറങ്ങുന്ന സമയം. ആകാശത്ത് മേഘങ്ങളും ഭൂമിയിൽ മഴത്തുള്ളികളും വിസ്മയം തീർക്കുന്ന കാലം. അതുകൊണ്ടു തന്നെ ചില യാത്രകൾ മഴക്കാലത്ത് മാത്രം പോകേണ്ടവയാണ്. മറ്റൊരു സീസണിനും നല്കാൻ കഴിയാത്ത ഭംഗി നമ്മെ കാണിക്കുന്ന ട്രെക്കിങ്ങുകൾ പരിചയപ്പെട്ടാലോ...
മഴക്കാലത്ത് മാത്രം പോകാൻ പറ്റിയ ചില യാത്രകളുണ്ട്. മഴ നനഞ്ഞ് കാടുകയറി, താഴ്വാരങ്ങൾ പിന്നിട്ട്, ഹിമാലയ നിരകളുടെ കാഴ്ചകളും പൂത്തുലഞ്ഞു നിൽക്കുന്ന പേരുപോലുമറിയാത്ത പൂക്കളുടെ ഭംഗിയും കണ്ട് മഴവില്ല് തെളിഞ്ഞു നിൽക്കുന്ന വാനം സാക്ഷിയാക്കി പോകേണ്ട ട്രെക്കിങ്ങുകൾ.. ഇതാ ഈ മഴക്കാലത്തെ യാത്രാ പട്ടികയിൽ ഉൾപ്പെടുത്തേണ്ട, മൺസൂൺ ട്രെക്കിങ് ഏതൊക്കെയെന്ന് പരിചയപ്പെടാം.

വാലി ഓഫ് ഫ്ലവേഴ്സ് ട്രെക്കിങ്
മഴക്കാലത്തെ ട്രെക്കിങ് എന്നു കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലെത്തുന്ന ട്രെക്കിങ് പൂക്കളുടെ താഴ്വരയിലേക്കുള്ള വാലി ഓഫ് ഫ്ലവേഴ്സ് ട്രെക്കിങ് ആണ്. ജൂൺ മുതൽ ഒക്ടോബർ വരെ മാത്രം നീണ്ടു നിൽക്കുന്ന ഈ ട്രെക്കിങ് ഇന്ന് ഇന്ത്യയിലെ ഏറ്റവും മനോഹരമായ ട്രെക്കിങ്ങുകളിൽ ഒന്നാണ്. കിലോമീറ്ററുകളോളം ദൂരത്തിൽ ഹിമാലയ മലനിരകളുടെ പശ്ചാത്തലത്തിൽ പൂത്തു നിൽക്കുന്ന ചെടികളാണ് ഇതിന്‍റെ ആകർഷണം.
ഉത്തരാഖണ്ഡിൽ ചമോലി ജില്ലയിൽ 87 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനത്തിലൂടെയുള്ള ട്രെക്കിങ് 5-6 ദിവസം നീണ്ടു നിൽക്കുന്ന യാത്രയാണ്. 28 കിലോമീറ്റർ ദൈർഘ്യം വരുന്ന ട്രെക്കിങ് നടത്തുവാൻ പറ്റിയ സമയം ജൂലൈ മുതൽ ഓഗസ്റ്റ് വരെയാണ്. പുഷ്പാവതി നദിക്ക് സമാന്തരമായാണ് ട്രെക്കിങ് പോകുന്നത്.
ഹംപ്താ പാസ് ട്രക്ക്
മൺസൂൺ സീസണിൽ ചെയ്യാൻ പറ്റിയ ട്രെക്കിങ്ങുകളിൽ മറ്റൊന്നാണ് ഹംപ്താ പാസ് ട്രക്ക്. ഹിമാലയത്തിലെ ഏറ്റവും മനോഹരമായ ക്രോസ്-ഓവർ ട്രെക്കിങ്ങുകളിലൊന്നായാണ് ഇതറിയപ്പെടുന്നത്. ഹിമാലയത്തിൻറെ പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന ഇടമായ ഹംപ്താ പാസ് 14,000 അടി ഉയരത്തിലാണുള്ളത്.
മഞ്ഞ് മൂടിയ പർവതങ്ങൾക്കു നടുവിൽ സുരക്ഷിതമായി നിൽക്കുന്ന ഇവിടെ അമ്പരപ്പിക്കുന്ന കാഴ്ചകളാണുള്ളത്.
പാതയുടെ വശത്ത് കാടുകളും പുൽമേടുകളും പൂക്കളും നിറഞ്ഞു നിൽക്കുമ്പോൾ മറുവശത്ത്, തരിശായ പർവതങ്ങളുള്ളതും വരണ്ടതും ഇരുണ്ടതുമായ ഭൂപ്രകൃതിയാണ് കാണുന്നത്. ഇങ്ങനെ വ്യത്യസ്തതകളിലൂടെയുള്ള ഒരു യാത്രയാണ് ഹംപ്താ പാസ് ട്രക്ക് നല്കുന്നത്. 25 കിലോമീറ്റര്‍ ദൂരമുള്ള ട്രെക്കിങ് പിന്നിടാൻ കുറഞ്ഞത് ആറ് ദിവസമാണ് കണക്കാക്കുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഹംപ്താ പാസ് ട്രക്ക് ചെയ്യാൻ പറ്റിയ സമയം.
ഭ്രിഗു ലേക്ക് ട്രെക്ക്
മഴക്കാലത്ത് ഹിമാലയ കാഴ്ചകളിലേക്ക് നടന്നു കയറി ചെന്നാലോ.. അങ്ങനെയൊരു യാത്ര മനസ്സിലുണ്ടെങ്കിൽ ഭ്രിഗു ലേക്ക് ട്രെക്ക് നിങ്ങള്‍ക്കുള്ളതാണ്. ഭ്രിഗു തടാകത്തിന്‍റെ കാഴ്ചകളിലേക്കുള്ള ഈ യാത്ര. ഹിമാലയത്തിന്‍റെ പുൽമേടുകളിലൂടെ പോകുന്ന യാത്ര ഹിമാചലിലെ ഏറ്റവും മനോഹരമാ ട്രെക്കിങ് കൂടിയാണ്. മണാലിയിൽ പോകുന്നവർക്ക് അവരുടെ യാത്രയിൽ മഴക്കാല സീസൺ അല്ലെങ്കിൽ പോലും ഭ്രിഗു ലേക്ക് ട്രെക്ക് ഉൾപ്പെടുത്താം. നാല് ദിവസമാണ് ഈ ട്രെക്കിങ്ങിനായി വേണ്ടത്.
പ്രശാർ ലേക്ക്
മൺസൂൺ ട്രെക്കിങിനായി പരിഗണിക്കാൻ പറ്റിയ മറ്റൊന്നാണ് പ്രശാർ ലേക്ക് ട്രെക്കിങ്. കുടുംബമായും കൂട്ടുകാരുമൊത്തും ഒക്കെ പോകാൻ പറ്റിയ എളുപ്പമുളള ഗ്രൂപ്പ് ട്രെക്കിങ് ഇടം കൂടിയാണിത്. കുളു വാലിയിലെ പ്രശാർ തടാകം ലക്ഷ്യമാക്കിയാണ് ഈ ട്രെക്കിങ് മുന്നേറുന്നത്, കാടും നദികളും ഗ്രാമങ്ങളും കടന്നുള്ള യാത്രയാണിതിന്‍റെ പ്രത്യേകത. മഴക്കാലത്ത് മാത്രമല്ല, വർഷത്തിൽ ഏതു സീസണിലും ഈ ട്രെക്കിങ് നടത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














