കൊടുംചൂടിൽ ഉരുകുകയാണ് നാടും നഗരവും. സ്വസ്ഥമായി പുറത്തുപോകുവാന്‍ പോലും സാധിക്കുന്നില്ല. വല്ലപ്പോഴും കിട്ടുന്ന മഴയിൽ പോലും ആശ്വാസം കണ്ടെത്തുവാൻ കഴിയാതെ മുന്നോട്ട് പോവുകയാണ്. ചുറ്റിലുമുള്ള സ്ഥലങ്ങളിലെല്ലാം ഇതുതന്നെയാണ് അവസ്ഥ. എന്നാല്‍ ഈ സമയത്തും തണുപ്പും മഞ്ഞുവീഴ്ചയുമൊക്കെയായി നാട്ടിലെ ചൂടൊന്നും ഏശാതെ നിൽക്കുന്ന കുറച്ച് സ്ഥലങ്ങളും ഇന്ത്യയിലുണ്ട്.

മൂന്നാർ
എന്നത്തെയും പോലെ മൂന്നാർ ഇപ്പോഴും കുളിരിലാണ്. സംസ്ഥാനം മൊത്തം ചൂട് സഹിക്കാനാവാതെ നിൽക്കുമ്പോഴും ഇതൊന്നും മൂന്നാർ അറിഞ്ഞിട്ടേയില്ലാത്ത മട്ടാണ്. രാത്രിയാണെങ്കിലും പകലാണെങ്കിലും കേരളത്തിലെ മറ്റിടങ്ങളെയപേക്ഷിച്ച് നല്ല തണുപ്പാണിവിടെ. പകൽനേരത്ത് 23-27 ഡിഗ്രി സെൽഷ്യസും പുലർച്ചെ 6-7 ഡിഗ്രി സെൽഷ്യസുമാണ് താപനില. രാത്രിയിലും നല്ല തണുപ്പാണ് ഇവിടെയുള്ളത്.

PC:Srinivasan Venkataraman/Unsplash
മണാലി
സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നായ മണാലിയും തണുപ്പിൽ ആറാടുകയാണ്. 7-10 ഡിഗ്രി വരെയാണ് സമീപ ദിവസങ്ങളിൽ ഇവിടെ അനുഭവപ്പെട്ട കാലാവസ്ഥ. മഞ്ഞുവീഴ്ച പ്രതീക്ഷിക്കുവാൻ കഴിയില്ലെങ്കിലും നാട്ടിലെ ചൂടിൽ നിന്നും രക്ഷപെടാനായി നിരവധി ആളുകളാണ് ഇവിടേക്ക് വരുന്നത്. മാർച്ച് മുതൽ ജൂൺ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.
ബദരിനാഥ്
ഈ കൊടുംചൂടിൽ മഞ്ഞ് എന്നു കേൾക്കുമ്പോൾ തന്നെ ഒരു കുളിരാണ്. അപ്പോൾപ്പിന്നെ, മഞ്ഞിൽ മൂടിക്കിടക്കുന്ന സ്ഥലത്തെക്കുറിച്ച് പറയേണ്ടല്ലോ. ബദരിനാഥിലാണ് കഴിഞ്ഞ ദിവസം വൻ മഞ്ഞുവീഴ്ചയുണ്ടായത്. ക്ഷേത്രവും സമീപത്തുള്ള ഇടങ്ങളും മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ഉത്തരകാശിയിലെ ചമോലി ജില്ലയിൽ ഗർവാളിൽ സ്ഥിതി ചെയ്യുന്ന ബദിരിനാഥ് ചാർ ധാം തീർത്ഥാടന കേന്ദ്രം എന്ന നിലയിലാണ് പ്രസിദ്ധമായിട്ടുള്ളത്. മറ്റൊരു ചാർ ധാം തീർത്ഥാടന കേന്ദ്രമായ ഗംഗോത്രിയിലും കഴിഞ്ഞ ദിവസം മഞ്ഞുവീഴ്ചയുണ്ടായിരുന്നു.

PC:jinu k/Unsplash
ഖാജ്ജിയാർ
ഈ ചൂടിൽ നിന്നു രക്ഷപെട്ട് എവിടേക്കെങ്കിലും പോയാൽ മതിയെന്ന് ആലോചിക്കാത്തവരായി ആരും കാണില്ല. എന്നാൽ ആ യാത്ര സ്വിറ്റ്സർലൻഡിലേക്ക് ആണെങ്കിലോ? സ്വിറ്റ്സർലാൻഡ് എന്ന സ്വർഗ്ഗത്തിന്‍റെ കാഴ്ചകൾ ഒരുതരിപോലും മാറ്റമില്ലാതെ, കാണുവാൻ പറ്റിയ ഒരിടം നമ്മുടെ നാട്ടിലുള്ളപ്പോൾ ഇത്രയും ചിലവിൽ അവിടെ വരെ പോകേണ്ടല്ലോ.
ഹിമാചൽ പ്രദേശിലെ ഖാജ്ജിയാര്‍ ആണ് ഇന്ത്യയിലെ മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്നത്. സ്വിറ്റ്സർലൻഡ് എന്നു കേൾക്കുമ്പോൾ മനസ്സിലെത്തുന്ന മലനിരകളും പച്ചപ്പും പുൽമേടുകളും ഒരു വ്യത്യാസവുമില്ലാതെ ഇവിടെ കാണാം. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലാണ് ഖാജ്ജിരാർ സ്ഥിതി ചെയ്യുന്നത്.
ഷിംല
ഏപ്രിൽ മാസത്തിലെ ചൂടിൽ നിന്നും രക്ഷപെടുവാൻ പറ്റിയ മറ്റൊരു സ്ഥലമാണ് ഷിംല. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായിരുന്ന ഇവിടം സമ്മർ യാത്രകളിലെ സ്ഥിരം ലക്ഷ്യസ്ഥാനമാണ്. സമുദ്ര നിരപ്പില്‍ നിന്നും 2,743 മീറ്റര്‍ ഉയരത്തിലാണിവിടം സ്ഥിതി ചെയ്യുന്നത്. 1822 ലാണ് ഇവിടെ ആദ്യത്തെ ആദ്യത്തെ വേനൽക്കാല വസതി വരുന്നത്.
മലനിരകളുടെ റാണിയെന്ന് അറിയപ്പെടുന്ന ഷിംല ചിലവ് കുറഞ്ഞ യാത്രകൾക്കും പ്രസിദ്ധമാണ്. മിക്കപ്പോഴും ചൂടുകാലത്തെ കുളിര് യാത്രകളിൽ ഷിംലതന്നെയാവും ആദ്യം ഇടംനേടുന്നതും. പതിറ്റാണ്ടുകളായി ഇന്ത്യയിലെ കൂൾ ഡെസ്റ്റിനേഷനാണ് ഷിംല.

PC:SriniG
ഡൽഹൗസി
ഹിമാചൽ പ്രദേശിലെ തന്നെ മറ്റൊരു കൂൾ കൂൾ ലക്ഷ്യസ്ഥാനമാണ് ഡൽഹൗസി. സാധാരണ സമയത്ത് പ്രകൃതി സൗന്ദര്യമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതെങ്കിൽ ഏപ്രിൽ- മേയ് മാസങ്ങളിൽ തണുപ്പു തേടിയാണ് സഞ്ചാരികൾ ഇവിടേക്ക് വരുന്നത്. ഹിമാചലിൽ ചമ്പാ ജില്ലയിൽ ദൗലാധാർ പർവ്വത നിരകളുടെ പടിഞ്ഞാറേ അറ്റത്താണ് ഇവിടമുള്ളത്. കൊളോണിയൽ കാലത്തെ ഓർമ്മപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്.
കുന്നുകളും പർവ്വതങ്ങളും രവി നദിയും ഒക്കെയാണ് ഈ ഹിൽ സ്റ്റേഷനിലെ പ്രധാന കാഴ്ചകൾ. ഹണിമൂൺ ഡെസ്റ്റിനേഷൻ എന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്. ബക്രോട്ട ഹിൽസ്, ടിബറ്റൻ മാർക്കറ്റ് ലോഹാലി ഗ്രാമം, കാലടോപ്പ്, ദൈൻകുണ്ഡ് കൊടുമുടി, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













