നേരവും കാലവും നോക്കാതെ എപ്പോൾ വേണമെങ്കിലും ധൈര്യമായി കയറിച്ചെല്ലുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് മൂന്നാർ. മഴയാണെങ്കിലും വെയിലാണെങ്കിലും തണുപ്പാണെങ്കിലും മൂന്നാറിലെത്തിയാൽ പ്രത്യേകമൊരു സുഖമാണ്. തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെയുള്ള യാത്രയും വൈകിട്ടാകുമ്പോഴേക്കും സജീവമാകുന്ന നഗരവും കുന്നിറങ്ങി വന്നു തണുപ്പിക്കുന്ന കോടമഞ്ഞും അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് മൂന്നാറിൽ. നാടു മൊത്തത്തിൽ ചൂടിൽ പൊരിഞ്ഞു നിൽക്കുമ്പോഴും, മൂന്നാറിനെ ചൂടങ്ങനെ ബാധിക്കാറില്ല. നാട്ടിലെ ചൂട് വെച്ചുനോക്കുമ്പോൾ ഇവിടെ ചൂട് കുറവാണെന്നു തന്നെ പറയാം. ഈ ഒരു കാരണംകൊണ്ടാണ് സമ്മറിൽ സഞ്ചാരികൾ മൂന്നാറിലേക്കെത്തുന്നത്.

സമ്മർ യാത്രയിലെ മൂന്നാർ
സമ്മർ യാത്രകൾ എവിടേക്ക് പോകണമെന്ന് തിരച്ചിൽ അവസാനിക്കുന്നത് പലപ്പോഴും മൂന്നാർ യാത്രകളിലാണ്. കേരളത്തിന്റെ ഏതുഭാഗത്തു നിന്നും എളുപ്പത്തിൽ എത്തിച്ചേരാം എന്നതും വലിയ ചിലവില്ലാതെ ദിവസങ്ങൾ ചിലവഴിക്കുവാനും കാഴ്ചകൾ കാണുവാനും സാധിക്കും എന്നതുമാണ് മൂന്നാറിന്റെ ആകർഷണങ്ങൾ. കാലാവസ്ഥയുടെ കാര്യത്തിൽ എന്നും വിശ്വസിക്കാവുന്ന ഇടം കൂടിയാണിത്. എത്ര വേനലാണെങ്കിലും പ്രസന്നമായ കാലാവസ്ഥയിൽ മൂന്നാർ യാത്ര പൂർത്തിയാക്കാം. അതോടൊപ്പം നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പിന്റെ കാഴ്ചകൾ ഒരു സുഖം തന്നെയാണ്.

വൈകുന്നേരങ്ങൾ തേയിലത്തോട്ടത്തിൽ
മൂന്നാറിൽ വന്നാൽ കാഴ്ചകൾ ഇഷ്ടംപോലെയുണ്ട്. എവിടെയൊക്കെ പോകുവാൻ സാധിക്കും എന്നത് നിങ്ങളുടെ യാത്രാ ദിവസങ്ങളെയും പ്ലാനിനെയും അനുസരിച്ചായിരിക്കും. എന്നിരുന്നാലും ടോപ് സ്റ്റേഷനും ടീ മ്യൂസിയവും വട്ടവടയും ഇരവികുളം നാഷണൽ പാർക്കും മറയൂരും കാന്തല്ലൂരും ഒക്കെ കാണാതെ സഞ്ചാരികൾ മൂന്നാറിറങ്ങില്ല. എന്തായാലും നിങ്ങളുടെ മൂന്നാറിലെ വൈകുന്നേരങ്ങൾ ചിലവഴിക്കുവാൻ പറ്റി ഇടം ഇവിടുത്തെ തേയിലത്തോട്ടങ്ങലാണ്. അതിനുള്ളിലൂടെ നടക്കുവാനും ഫോട്ടോകളെടുക്കുവാനും ഈ സമയം ഉപയോഗിക്കാം. പകൽ മുഴുവൻ നടത്തിയ യാത്രകളുടെ ക്ഷീണം തീർക്കുവാനും ഇത് മികച്ച മാർഗ്ഗമാണ്.

പോകാം മൂന്നാര്‍-ബോഡിമെട്ട് റോഡിലേക്ക്
മൂന്നാറിൽ വന്നാൽ നിങ്ങൾ തീർച്ചയായും പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്ന് മൂന്നാര്‍-ബോഡിമെട്ട് റോഡ് ആണ്. കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ പാതകളിലൊന്നാണിത് തേയിലത്തോട്ടങ്ങൾക്കു നടുവിലെ വഴിയിലൂടെ, അണക്കെട്ടിന്റെയും പച്ചപ്പിന്‍റെയും കാഴ്ചകള് കണ്ടുള്ള യാത്ര ഒരിക്കലെങ്കിലും പോയിരിക്കണം. കൊച്ചിധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍-ബോഡിമെട്ട് റോഡ് അന്താരാഷ്ട്ര നിലവാരത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.
ആനയിറങ്കല്‍ അണക്കെട്ട്, പെരിയ കനാല്‍ വെള്ളച്ചാട്ടം, ഗ്യാപ് റോഡ് ലാക്കാട് വ്യൂ പോയിന്‍റ് തുടങ്ങിയ കാഴ്ചകളാണ് റോഡിൽ കാണുവാനുള്ളത്.

വരയാടുകളെ കാണുവാൻ പോകാം
സമ്മറിൽ മൂന്നാറിലെ ഏറ്റവും മികച്ച യാത്രാനുഭവങ്ങളിലൊന്ന് ഇരവികുളം നാഷണൽ പാർക്കിലേക്കുള്ള യാത്രയാണ്. വരയാടുകളുടെ പ്രജനനകാലത്ത് അടച്ചിടുന്ന ദേശീയോദ്യാനം സാധാരണഗതിയിൽ ഏപ്രിൽ 1-ാം തിയതി മുതൽ സന്ദർശകർക്കായി തുറക്കും. വംശനാശഭീഷണി നേരിടുന്ന നീലഗിരി താർ അഥവാ വരയാടുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണിത് സ്ഥാപിച്ചത്. വരയാടുകളെ ഇവിടെ ഏറ്റവും കൂടുതൽ കാണുന്നത് രാജമലയിലാണ്. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമാണ്.
മൂന്നാറിൽ നിന്നും 7 കിലോമീറ്റർ ദൂരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. രാവിലെ 7 .00 മുതൽ വൈകുന്നേരം 6.00 മണി വരെയാണ് പ്രവേശനം അനുവദിക്കുന്നത്.

വെള്ളച്ചാട്ടങ്ങൾ കാണാം
നല്ല വെയിലുള്ള സമയത്ത് തണുത്ത വെള്ളത്തിൽ ഒന്നു മുങ്ങിക്കുളിക്കുവാൻ തോന്നില്ലേ? അതിനും പരിഹാരം മൂന്നാറിലുണ്ട്. കടുത്ത വേനലിൽ വെള്ളച്ചാട്ടങ്ങൾക്ക് ജീവനല്പം കുറയും. എന്നിരുന്നാലും കാഴ്ചകളിൽ ഇവയുണ്ടാകും. ഇതല്ലാതെ, ഇവിടുക്കെ മിക്ക വില്ലകളും റിസോർട്ടുകളും പൂൾ സൗകര്യത്തോടു കൂടിയാണ് വരുന്നത്. ലക്കം വെള്ളച്ചാട്ടം, അട്ടുകാട് വെള്ളച്ചാട്ടം തുടങ്ങിയവയാണ് മൂന്നാറിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












