എറണാകുളത്തെ നാലമ്പല ക്ഷേത്ര തീര്‍ത്ഥാടനം വിശ്വാസികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ്. കർക്കിടകത്തിലെ പ്രഭാതങ്ങളിൽ നാലു ക്ഷേത്രങ്ങളിലുമെത്തി ദർശനം നടത്തി മടങ്ങുമ്പോൾ ലഭിക്കുന്നത് ഒരു തവണ രാമായണം പൂര്‍ണ്ണമായും വായിക്കുന്നതിനു തുല്യമായ ഫലങ്ങളാണ്. ഓരോ ക്ഷേത്രത്തിനും ഓരോ ഫലങ്ങളുണ്ട്. ഇന്നിവിടെ നമ്മൾ പറയുന്നത് മാമ്മലശ്ശേരി ശ്രീശത്രുഘ്ന സ്വാമിക്ഷേത്രത്തെക്കുറിച്ചും പ്രസിദ്ധമായ ചക്ര സമർപ്പണവുമാണ്.
നാലമ്പല യാത്രയിലെ നാലാമത്തെ ക്ഷേത്രമായ നെടുങ്ങാട് ശത്രുഘ്ന സ്വാമി ക്ഷേത്രത്തിന് ദീർഘമായ ഐതിഹ്യങ്ങളുണ്ട്. രാമായണ മാസത്തിൽ മാത്രമല്ല, വർഷത്തിലെപ്പോൾ ഇവിടെ വന്ന് പ്രാർത്ഥിച്ചാലും അനുഗ്രഹങ്ങൾ നല്കുന്ന ശത്രുഘ്ന സ്വാമിയുടെ കഥ ഇവിടെ വരുന്ന ഓരോ വിശ്വാസിക്കും പറയാനുണ്ട്. ആഗ്രഹങ്ങളെല്ലാം സാധിക്കുവാനായി ഇവിടെ നടത്തുന്ന പ്രത്യേക വഴിപാടും ഏറെ ഫലദായകമാണെന്നാണ് വിശ്വാസികൾ പറയുന്നത്.

മാമ്മലശ്ശേരി ശ്രീ ശത്രുഘ്ന സ്വാമിക്ഷേത്രം
ശ്രീരാമന്‍റെ സഹോദരന്മാരിൽ ശത്രുഘ്ന സ്വാമിക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് മാമ്മലശ്ശേരി ശ്രീശത്രുഘ്ന സ്വാമിക്ഷേത്രം. വനവാസത്തിനു പോയ രാമനെയും ലക്ഷ്മണനെയും അന്വേഷിച്ച് ഭരതനും ശത്രുഘനനും വന്നുവെന്നാണല്ലോ ഐതിഹ്യം. അങ്ങനെ നീണ്ടയാത്രയിൽ അവിചാരിതമായി ഭരതശത്രുഘ്നന്മാര്‍ക്ക് വഴി തെറ്റിപ്പോയി. അങ്ങനെ വലിയൊരു കാട്ടിൽ ശത്രുഘ്നൻ അകപ്പെട്ടു പോയെന്നാണ് കഥ.
വലിയ കാട് അഥവാ നെടിയ കാട്ടിൽ അകപ്പെട്ട ശത്രുഘ്നനെ അനന്വിടെ വസിച്ചിരുന്നവർ 'നെടുംകാട്ടുതേവര്‍' എന്ന പേര് വിളിച്ച് ആദരിച്ചുവത്രെ. ഈ വിളി പിന്നീട് നെടുംകാട് തേവരെന്ന് പേരിലേക്ക് മാറി. പിന്നീട് ഇവിടെ നെടുംകാട് തേവർക്കായി പ്രത്യേക ക്ഷേത്രമൊക്കെ വന്നു. എന്നിരുന്നാലും കാലക്രമത്തിൽ ക്ഷേത്രം ആരാലും നോക്കാനില്ലാതെ നശിപ്പിക്കപ്പെട്ടു.
തുടർന്ന് ക്ഷേത്ര ഉടമസ്ഥരായ മാമ്മലശ്ശേരി നാരക്കാട്ടു മനയിലെ ആളുകൾ ചേർന്ന് ഇവരുടെ ഇല്ലത്തിനു അടുത്തേയ്ക്കുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് ഈ ക്ഷേത്രം മാറ്റിസ്ഥാപിക്കാൻ ഒരുങ്ങി. ഇതിനായി പഴയ ക്ഷേത്രത്തിന്‍റെ അതേ മാതൃകയിൽ അവിടെയുണ്ടായിരുന്ന വസ്തുക്കൾ തന്നെയുപയോഗിച്ച് നിർമ്മാണം തുടങ്ങി.

എന്നാൽ അപ്രതീക്ഷിതമായ പല സംഭവങ്ങളും നിർമ്മാണ സമയത്ത് നേരിട്ടുവെന്ന് മാത്രമല്ല നിർമ്മാണം പ്രതീക്ഷിച്ച വിധത്തിൽ മുന്നോട്ടു പോയതുമില്ല. തുടർന്ന് പ്രശ്നംവെപ്പിലൂടെ ഭഗവാന്‍റെ ചൈതന്യം പഴയ സ്ഥാനത്തുനിന്നും മാറിയില്ലെന്ന് മനസ്സിലാക്കി അവിടെ തന്നെ അതേ ക്ഷേത്രം അതേ വസ്തുക്കൾ ഉപയോഗിച്ച് പുനർനിർമ്മിച്ചുവെന്നാണ് വിശ്വാസം.
ഇവിടെ വന്നാൽ
നെടുങ്ങാട് ശത്രുഘ്ന സ്വാമി ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചാൽ ജീവിതത്തിലെ ദോഷങ്ങളും ദുരിതങ്ങളുമെല്ലാം മാറി ഐശ്വര്യവും സമാധാനവും ലഭിക്കുമെന്നാണ് വിശ്വാസം. ശത്രുദോഷങ്ങൾ മാറാനും ഇവിടെയെത്തി പ്രാർത്ഥിക്കുന്നവർ കുറവല്ല. നാലമ്പല തീർത്ഥാടനത്തിന്റെ ഭാഗമായാണ് വിശ്വാസികളധികവും ഇവിടേക്ക് വരുന്നത്. ചക്രത്തിന്‍റെ അവതാരമെനന് രൂപത്തിലാണ് ഇവിടെ സ്വാമിയെ കാണുന്നത്.
ചക്ര സമർപ്പണം
നെടുങ്ങാട് ക്ഷേത്രത്തിൽ ശത്രുഘ്ന സ്വാമിക്ക് ചക്ര സമർപ്പണം അഥവാ സുദർശന ചക്ര സമര്‍പ്പണം വളരെ പ്രസിദ്ധമാണ്. തെങ്ങോലയിൽ തയ്യാറാക്കുന്ന ശ്രീ ചക്രം സ്വാമിക്ക് സമർപ്പിച്ച് പ്രാർത്ഥിച്ചാൽ ഇത് സൂക്ഷിക്കുന്നത് എവിടെയാണോ അവിടെ സന്തോഷവും സമാധാനവും അഭിവൃദ്ധിയും നിലനിൽക്കുമെന്നാണ് വിശ്വാസം. ഓലകൊണ്ടുള്ള ശ്രീചക്രം പൂജിച്ച് ഭക്തര്‍ക്ക് നല്‍കുന്നു. മറ്റു ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ഈ ശ്രീ ചക്രം വിശ്വാസികൾക്ക് വീടുകളിൽ കൊണ്ടുപോകാം.

ശത്രുഘന സ്വാമിക്ക് ചക്രസമർപ്പണം നടത്തുക എന്നാണ് ഈ വഴിപാടിനെ പറയുന്നത്. ഒരു കുടുംബത്തിന് വർഷം മുഴുവൻ വേണ്ട അഭിവൃദ്ധിയ ഇത് നല്കുമത്രെ. ഏതു കാര്യമാണോ ആഗ്രഹിച്ച് പ്രാർത്ഥിക്കുന്നത്, അത് ഒരു വർഷത്തിനുള്ളിൽ നടക്കുമെന്നും വിശ്വസിക്കപ്പെടുന്നു. മാത്രമല്ല, ഇത് സൂക്ഷിക്കുന്നിടത്ത് ഭഗവാന്‍റെ സാന്നിധ്യം ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കൂടാതെ പാല്‍പ്പായസം, നെയ് വിളക്ക്, പാലഭിഷേകം, കരിക്കഭിഷേകം, തുളസിമാല എന്നീ വഴിപാടുകളുമുണ്ട്.
എല്ലാ തിരുവോണ നാളുകളിലും ക്ഷേത്രത്തിൽ പൂജയും പ്രസാദമൂട്ടും നടക്കും. .മാമ്മലശ്ശേരി ശ്രീരാമസ്വാമിക്ഷേത്രം,മേമ്മുറി ഭരതസ്വാമിക്ഷേത്രം, മൂഴിക്കുളം ലക്ഷണസ്വാമിക്ഷേത്രം ,മാമ്മലശ്ശേരി ശത്രുഘ്ന സ്വാമിക്ഷേത്രം എന്നിവയാണ് ഇവിടുത്തെ നാലമ്പലങ്ങൾ. ഇവിടെ കര്‍ക്കിടക മാസത്തില്‍ രാവിലെ 6.30 മുതല്‍ ഉച്ചയ്ക്ക് 1.00 മണി വരെയും വൈകിട്ട് 5.00 മുതല്‍ 8.00 മണി വരെയും നട തുറക്കും.
ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട്: Nalambaladarshanam.com
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












