വളരെ പണ്ടുകാലം മുതലേ കേരളത്തില് നാഗാരാധന സജീവമാണ്. നാഗരാജാവിനെയും നാഗയക്ഷിയെയും ആരാധിക്കുന്ന പാരമ്പര്യത്തിന് തുടക്കമിട്ടത് പരശുരാമൻ ആണെന്നാണ് വിശ്വാസം. ഇന്ന് ആ പാത പിന്തുടർന്ന് നാഗാരധാന നടത്തുന്ന നിരവധി ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. അതിലൊന്നാണ് പള്ളിപ്പുറം ശ്രീ നാഗരാജ നാഗയക്ഷിയമ്മ ക്ഷേത്രം. പള്ളിപ്പുറത്ത് കാവ് എന്നറിയപ്പെടുന്ന ഇവിടെ നാഗദൈവങ്ങളുടെ അനുഗ്രഹം നേടാൻ വിശ്വാസികളെത്തുന്നു.
സർപ്പദോഷ പരിഹാര ദേവസ്ഥാനം എന്നറിയപ്പെടുന്ന പള്ളിപ്പുറത്ത് കാവിൽ നാഗയക്ഷിയും നാഗരാജാവായ വാസുകിയും ഒരേ പ്രാധാന്യത്തോടെ വസിക്കുന്ന ഇവിടം ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്. സർപ്പദോഷം മാറി, സർപ്പപ്രീതിക്കായി എത്തുന്ന വശ്വാസികളെ നിരാശരാക്കാതെ മടക്കുന്ന ഇവിടുത്തെ കാവും പ്രസിദ്ധമാണ്.

തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധ നാഗക്ഷേത്രമായ ഇവിടെ കാവിനുള്ളിലാണ് നാഗപ്രതിഷ്ഠകളുള്ളത്. പ്രധാന പ്രതിഷ്ഠയയാ നാഗയക്ഷിക്കൊപ്പം തന്നെ നാഗാരാജാവും വാഴുന്നു. ശ്രീകോവിലിനു പുറത്തായി നാഗദേവതകളെയും കാണാം. മൂന്നു നാഗദേവതകളാണ് ഇവിടെയുള്ളത്. വേറെ പ്രതിഷ്ഠകളൊന്നും ഇവിടെയില്ല.
പള്ളിപ്പുറം ക്ഷേത്രം ചരിത്രം
പണ്ടുകാലത്ത് ഇവിടുത്തെ പ്രധാന കുടുംബക്കാരായ 'മങ്ങാട്ട്'കാർ ആരാധിച്ചു പോന്ന സർപ്പദേവതതകളെയാണ് പള്ളിപ്പുറത്ത് കാവിൽ ഇപ്പോൾ കുടിയിരുത്തിയത്. പാമ്പുംമേക്കാട്ട് മനയിലെ തന്ത്രിമാർ ആണ് തീവെട്ടി വെളിച്ചത്തിൽ നാഗവിഗ്രഹങ്ങളെ ഇന്നു കാണുന്ന കാവിലേയ്ക്ക് ആവാഹിച്ച് വിഗ്രഹപ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. ഇവിടുത്തെ കൃഷ്ണശിലാ ശ്രീകോവിൽ പണികഴിപ്പിച്ചിട്ട് അധികകാലമായിട്ടില്ല.
ചരടുപൂജ
പള്ളിപ്പുറം ക്ഷേത്രത്തിലെ ചരടുപൂജ വിശ്വാസികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ്. തടസ്സങ്ങൾ മാറുവാനും ഉദ്ദേശിച്ച കാര്യം സാധിക്കാനുമൊക്കെയാണ് വിശ്വാസികൾ ചരടുപൂജ നടത്തുന്നത്. മേൽശാന്തിയോട് നിങ്ങളുടെ ആവശ്യവും ആഗ്രഹം പറഞ്ഞ ശേഷം മേൽശാന്തി സർപ്പദേവതകളോട് പ്രാർത്ഥന നടത്തി നെയ് വിളക്ക് തെളിയിക്കുകയും വഴിപാട് സമർപ്പിച്ച് ചരട് വിഗ്രഹത്തിൽവെച്ച് പ്രാർത്ഥിച്ചശേഷം തിരികെ നല്കുകയുമാണ് ചെയ്യുന്നത്. ഇത് നിങ്ങൾക്കിഷ്ടമുള്ള വിധത്തിൽ കയ്യിൽ കെട്ടുകയോ വീട്ടിൽ സൂക്ഷിക്കുകയോ വാഹനത്തിൽ വയ്ക്കുകയോ ഒക്കെ ചെയ്യാം.

പള്ളിപ്പുറത്ത്കാവ്- നിത്യപൂജാ സമയം
രാവിലെ 6.30 ന് നടതുറപ്പ് , നിർമ്മാല്യദർശനം 6.45 ന് , നല്ലെണ്ണയാടൽ , ഇളനീരഭിഷേകം, പാലഭിഷേകം , മഞ്ഞളഭിഷേകം , പുഷ്പാലങ്കാരം. തുടർന്ന് 7.45 ന് മലർനിവേദ്യം ദീപാരാധന നടക്കും. 8 മണി മുതൽ : ചരടു ജപം സർപ്പദോഷ പരിഹാര പൂജകൾ അർച്ചന 10.45 ന് : നിവേദ്യം 11 ന് : ദീപാരാധന തുടർന്ന് നടയടപ്പ് എന്നിങ്ങനെയാണ് സമയക്രമം. ഉച്ചകഴിഞ്ഞ് നടതുറക്കുന്ന പതിവ് ഇവിടെയില്ല. കൂടാതെ എല്ലാ ഞായറാഴ്ചകളിലും രാവിലെ 11 മണിക്ക് കഞ്ഞി പ്രസാദ വിതരണം ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം 12 മണിക്കാണ് നടയടയ്ക്കുന്നത്. അല്ലാത്ത ദിവസങ്ങളിൽ 11 മണിയോടു കൂടി ക്ഷേത്രനട അടയ്ക്കും.
ദീപാരാധനാ നേരത്ത് ദർശനം നടത്തിയില് എപ്പോള് ഇവിടെ വന്നു പ്രാർത്ഥിക്കുന്നതും അനുഗ്രഹദായകമാണെങ്കിലും രാവിലെ 7.45 ന്‍റെ മലർനിവേദ്യത്തിനു ശേഷമുള്ള ദീപാരാധനയിൽ പങ്കെടുക്കുവാൻ കഴിയുന്നത് ഇരട്ടിഫലം നല്കുമെന്നാണ് വിശ്വാസം. നാഗദൈവങ്ങളുടെ അനുഗ്രഹം നേടാൻ ഏറ്റവും പറ്റിയ സമയമാണത്രെ ഇവിടുത്തെ ദീപാരാധനാ ദർശനം.

മഞ്ഞൾപ്പറയും എട്ടുകലം പാൽപ്പായസ പൊങ്കാലയും
ഇവിടുത്ത വഴിപാടുകള്‍ വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. കുടുംബപ്രശ്നങ്ങൾ മാറാനുംരോഗശാന്തിക്കും ഒക്കെയായി മഞ്ഞൾപ്പറ സമർപ്പിക്കുന്നു. ശ്രീകോവിലിന്റെ നടയിലാണ് മഞ്ഞൾപ്പറ സമർപ്പിക്കുന്നത്. അഷ്ടനാഗപ്രീതി സമ്പാദിക്കുന്നതിനാണ് എട്ടുകലം പാൽപ്പായസ പൊങ്കാല നടത്തുന്നത്. ഞായറാഴ്ചകളിലും ആയില്യം ദിവസങ്ങളിലുമാണ് ഇതിനു പറ്റിയ സമയം. മൺകലത്തിലാണ് പൊങ്കാല സമർപ്പിക്കുന്നത്. ഈ അർപ്പണത്തിലൂടെ നാഗഭയം, നാഗദോഷം, കാര്യതടസ്സം മുതലായവ മാറിപ്പോകുമെന്ന് വിശ്വസിക്കപ്പെടുന്നു. രാവിലെ 7 മുതൽ 10 മണി വരെ പൊങ്കാലയിടാം.
വിശേഷ മംഗല്യ പൂജ
വിവാഹസംബന്ധമായ തടസ്സങ്ങൾ മാറാനും പള്ളിപ്പുറം കാവിൽ വന്നാൽ മതി. ഇവിടുത്തെ വിശേഷ മംഗല്യ പൂജ നടത്തിയാൽ വിവാഹ തടസ്സങ്ങൾ മാറി വിവാഹം നടക്കും. ഞായർ, തിങ്കൾ, ആയില്യം നാളുകൾ എന്നീ ദിവസങ്ങളിലാണ് വാസുകിയെയും നാഗയക്ഷിയെയും ദർശിച്ച് വിശേഷ മംഗല്യ പൂജ നടത്തേണ്ടത്.

കൊല്ലം ദേശീയ പാതയ്ക്കരികിൽ പള്ളിപ്പുറത്താണ് ക്ഷേത്രമുള്ളത്.
തിരുവനന്തപുരത്തിനും ആറ്റിങ്ങലിനും ഇടയില് കണിയാപുരം എന്ന സ്ഥലത്താണ് പള്ളിപ്പുറം നാഗരാജാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണിയാപുരം കെഎസ്ആർടിസി ഡിപ്പോ കഴിഞ്ഞ് അര കിലോമീറ്റർ കൂടി മുന്നോട്ടു പോകുമ്പോൾ ഇടത് വശത്തായി പള്ളിപ്പുറം ക്ഷേത്രം കാണാം.
ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട്:Pallippuram Nagaraja Temple
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












