ബിൻസാർ സീറോ പോയിന്റ്
നൂറുകണക്കിന് കിലോമീറ്റർ നീളത്തിൽ കിടക്കുന്ന ഹിമാലയൻ മലനിരകളുടെ മനോഹരമായ കാഴ്ചകൾ പകരുന്ന ഇടമാണ് ബിൻസാർ സീറോ പോയിന്റ്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം ലഭിക്കുന്ന ബിൻസാർ സീറോ പോയിന്റ് ഇവിടുത്തെ ഏറ്റവും വലിയ വാൻറേജ് പോയിന്റ് കൂടിയാണ്. കേദർനാഥ്, ശിവലിംഗ്, തൃശൂൽനന്ദാ ദേവി തുടങ്ങിയവയുടെ ദൃശ്യങ്ങളും ഇവിടെ നിന്നും കാണാൻ സാധിക്കും.
രണ്ടു കിലോമീറ്ററോളം നടന്ന് ട്രക്ക് ചെയ്താൽ മാത്രമേ ഇവിടെ എത്തുവാൻ സാധിക്കുകയുള്ളൂ.
PC:solarshakti
ബിൻസാർ വന്യജീവി സങ്കേതം
ജംഗിൾ സഫാരികൾക്ക് യോജിച്ച ബിൻസാർ വന്യജീവി സങ്കേതം ഓക്കു മരങ്ങളാൽ നിറഞ്ഞു കിടക്കുന്ന ഒരിമാണ്. ചെറിയ വലുപ്പത്തിൽ തിങ്ങി നിറഞ്ഞു വളരുന്ന ചെടികളാണ് ഇവിടുത്തെ പ്രത്യേകത. ഹിമാലയൻ കരടി, പുലി,ചെന്നായ, കാട്ടുപൂച്ച തുടങ്ങിയവയെ ഇവിടെ വളരെ എളുപ്പത്തിൽ കാണാൻ സാധിക്കും. ഏകദേശം 200 ൽ അധികം തരത്തിലുള്ള പക്ഷികൾ ഇവിടെയുണ്ട് എന്നാണ് കരുതുന്നത്.
PC:SudiptoDutta
ബിനേശ്വർ മഹാദേവ് ക്ഷേത്രം
ഭാരതത്തിൽ മറ്റൊരിത്തും കാണാനാവാത്ത വ്യത്യസ്തമായ നിർമ്മാണ ശാലിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ബിനേശ്വർ മഹാദേവ ക്ഷേത്രമാണ് ബിൻസാറിലെ മറ്റൊരു പ്രത്യേകത. ചാന്ദ് രാജവംശത്തിലെ കല്യാൺ രാജവ് 13-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ ക്ഷേത്രം നമ്മുടെ രാജ്യത്തിന്റെ വിശ്വാസപാരമ്പര്യത്തെയാണ് കാണിക്കുന്നത്.
ഖാലി എസ്റ്റേറ്റ്
ഒരു ദിവസത്തെ യാത്രയുടെ ക്ഷീണങ്ങളെല്ലാം മാറ്റി വിശ്രമിക്കുവാൻ പറ്റിയ ഇടമായി സഞ്ചാരികൾ കരുതുന്ന സ്ഥലമാണ് ഖാലി എസ്റ്റേറ്റ്. മലമുകളിലെ തണുത്ത കാറ്റും അവിടെ നിന്നുള്ള ദൃശ്യങ്ങളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ഒന്നാണിത്. കുമയൂണിലെ കമ്മിഷണറായിരുന്ന ഹെന്റി രാംസേയുടെ വസതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്.
കസാർ ദേവി ക്ഷേത്രം
ബിൻസാറിൽ ഏറ്റവും അധികം വിശ്വാസികളും പിന്നെ സഞ്ചാരികളും എത്തിച്ചേരുന്ന സ്ഥലമാണ് കസാർ ദേവി ക്ഷേത്രം. വാസ്തുവിദ്യയിലും പാരമ്പര്യത്തിലും ഒക്കെ വ്യത്യസ്തത പുലർത്തുന്ന ഇവിടെ 19-ാം നൂറ്റാണ്ടിൽ സ്വാമി വിവേകാനന്ദൻ സന്ദർശിക്കുകയും ധ്യാനത്തിലിരിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് കരുതുന്നത്. വർഷം മുഴുവനും ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്ന ക്ഷേത്രം കൂടിയാണിത്. തീർഥാനത്തിന്റെ ഭാഗമായാണ് കൂടുതലും ആളുകൾ ഇവിടം തിരഞ്ഞെടുക്കുന്നത്.
PC:Rajeshchaunsali