ഓണം കഴിഞ്ഞു.. ഇനിയുള്ള കാത്തിരിപ്പ് മഹാനവമിക്കും ദീപാവലിക്കും വേണ്ടിയുള്ളതാണ്. നീണ്ട അവധി ദിനങ്ങളും വാരാന്ത്യങ്ങളും എല്ലാം കണക്കുകൂട്ടി നീണ്ട യാത്രകൾ പ്ലാൻ ചെയ്യുവാൻ പറ്റിയ സമയം ഇതാണ്. എങ്കിൽ ഇത്തവണ മഹാനവമി അവധിയിൽ നോർത്ത് ഇന്ത്യയിലേക്ക് പോയാലോ? പൂജവയ്ക്കും വിജയദശമിയും നവമിയും ഒക്കെ തീർത്ഥാടന കേന്ദ്രങ്ങളിലൂടെ ആഘോഷിച്ച് ഒരു ഉത്തരേന്ത്യൻ ടൂർ...
ഐആർസിടിസി ഭാരത് ഗൗരവ് സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിനിൽ നടത്തുന്ന പുണ്യതീർത്ഥ യാത്ര ഇതാ നിങ്ങൾക്കുള്ളതാണ്. ജീവിതത്തിലൊരിക്കലെങ്കിലും സന്ദർശിക്കേണ്ട കാശിയും ഹരിദ്വാറും അയോധ്യയും മഹാകാലേശ്വറും ഒക്കെ കണ്ട് തിരികെയെത്തുന്ന യാത്ര പോകാൻ ബാംഗ്ലൂരോ ചെന്നൈയിലോ ഒന്നും പോകേണ്ട. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാരംഭിക്കുന്ന പുണ്യതീർത്ഥ യാത്രയെക്കുറിച്ച് വിശദമായി വായിക്കാം.

PC: Unsplash
ഐആർസിടിസി പുണ്യതീർത്ഥ യാത്ര
വിനോദയാത്രകൾക്കായി മാത്രം സജ്ജമാക്കിയിരക്കുന്ന ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ നടത്തുന്ന പുണ്യതീർത്ഥ യാത്ര അയോധ്യ, ഹരിദ്വാർ, കാശി, മഹാകാലേശ്വർ, ഓംകാരേശ്വർ, പ്രയാഗ്‌രാജ്, ഋഷികേശ്, സാരാനാഥ്, ഉജ്ജയിൻ എന്നിവിടങ്ങൾ സന്ദർശിക്കുന്ന, 11 രാത്രിയും 12 പകലും നീണ്ടുനിൽക്കുന്ന പാക്കേജാണ്.
ഒക്ടോബർ 25ന് രാവിലെ കൊച്ചുവേളിയിൽ നിന്നും എടുക്കുന്ന ഭാരത് ഗൗരവ് ട്രെയിനിൽ കൊച്ചുവേളി - കൊല്ലം - ചെങ്ങന്നൂർ - കോട്ടയം - എറണാകുളം ടൗൺ - തൃശൂർ - ഒറ്റപ്പാലം - പാലക്കാട് - പോടന്നൂർ - ഈറോഡ് - സേലം ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്നു കയറാൻ സാധിക്കും. യാത്രയുടെ മൂന്നാം ദിവസം രാവിലെ ഉജ്ജയിനിൽ എത്തും. രാവിലെ തന്നെ താമസസ്ഥലത്തേയ്ക്ക് മാറി,ഉച്ചയോടെ മഹാകാലേശ്വർ ക്ഷേത്രത്തിലേക്ക് സന്ദർശനത്തിനായി പോകും. അന്ന് രാത്രി ഉജ്ജയിനിൽ ചെലവഴിക്കും.

PC: Unsplash
നാലാം ദിവസം രാവിലെ ഓംകാരേശ്വർ ക്ഷേത്രത്തിലേക്കാണ് പോകുന്നത്. ക്ഷേത്രദർശനത്തിനു ശേഷം തിരികെ ഉജ്ജയിനിൽ വന്ന് അവിടുന്ന് രാത്രി ഹരിദ്വാറിലേക്ക് പോകും. അഞ്ചാം ദിവസം വൈകിട്ടോടെ ഹരിദ്വാറിൽ എത്തും. ആറാം ദിവസം ഋഷികേശിലേക്ക് പോകും. രാംജൂല, ക്ഷേത്രങ്ങൾ എന്നിവ കാണും. വൈകുന്നേരത്തോടെ ഗംഗാ ആരതി കാണാനായി ഹരിദ്വാറിലേക്ക് മടങ്ങും.അന്ന് രാത്രി തന്നെ ബനാറസിന് തിരിക്കും.
ഏഴാം തിയതി ഉച്ചകഴിഞ്ഞ് ബനാറസിലെത്തും. ഗംഗാ ആരതി കാണാനുള്ള സൗകര്യം ഇവിടെയുമുണ്ട്. എട്ടാം ദിവസം സാരാനാഥ്, കാശി വിശ്വനാഥ ക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം, കാലഭൈരവ ക്ഷേത്രം, എന്നിവിടങ്ങൾ കണ്ട് രാത്രിയോടെ അയോധ്യയ്ക്ക് തിരിക്കും. ഒൻപതാം ദിവസം അയോധ്യയിലെത്തി ക്ഷേത്രദർശനം, ആരതി എന്നിവ കണ്ട് രാത്രിയോടെ പ്രയാഗ്രാജിന് പോകും.
പത്താം ദിവസം പ്രയാഗ്രാജ് സംഗം കണ്ട് തിരികെ കൊച്ചവേളിക്ക് മടങ്ങും. 12-ാം ദിനം മംഗളൂരു-കണ്ണൂർ-കോഴിക്കോട്-ഷൊറണൂർ- തൃശൂർ-എറണാകുളം ടൗൺ, കോട്ടയം-ചെങ്ങന്നൂർ-കൊല്ലം-കൊച്ചുവേളിഎന്ന ക്രമത്തിൽ രാത്രിയോടെ കൊച്ചുവേളിയിൽ എത്തിച്ചേരും.
ഒക്ടോബർ 10ന് പോയി നവംബർ 5ന് തിരികെ എത്തുന്ന വിധത്തിലാണ് യാത്ര. 754 പേർക്കാണ് പങ്കെടുക്കുവാൻ സാധിക്കുക. ഇതിൽ 544 സീറ്റ് സ്റ്റാൻഡേർഡ് കാറ്റഗറിയും 210 എണ്ണം കംഫോർട്ട് കാറ്റഗറിയുമാണ്. സ്റ്റാൻഡേർഡിൽ ട്രെയിനിൽ സ്ലീപ്പർ ക്ലാസ്, ട്രാൻസ്ഫർ ചെയ്യാനുള്ള നോൺ എസി വാഹനങ്ങൾ, രാത്രി തങ്ങുന്ന സ്ഥലങ്ങളിൽ താമസിക്കാൻ ട്രിപ്പിൾ ഷെയറിങ് എസി മുറികൾ. വാഷ്/ഫ്രഷ് അപ്പ് എന്നിവയ്ക്കായി ഷെയറിംഗിനായി നോൺ എസി താമസസൗകര്യം എന്നിവ നൽകും.

കംഫര്ട്ട് ക്ലാസിൽ ട്രെയിനിൽ എസി 3ടയർ, ട്രാൻസ്ഫറുകൾക്കുള്ള നോൺ എസി വാഹനങ്ങൾ, ട്രിപ്പിൾ ഷെയറിംഗ് അടിസ്ഥാനത്തിൽ രാത്രി താമസത്തിനായി ബജറ്റ് ഹോട്ടലുകളിൽ എസി മുറികൾ. വാഷ് / ഫ്രഷ് അപ്പ് ക്വാഡ്രപ്പിൾ ഷെയറിംഗിന് എസി താമസസൗകര്യം എന്നിവയുണ്ടാകും.
സ്റ്റാൻഡേർഡ് ക്ലാസിൽ മുതിർന്നവർക്ക് 26,310 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 24,600 രൂപയും ആണ് നിരക്ക്. BHARAT GAURAV-PUNYA TEERTH YATRA (SZBG08)എന്നാണ് ഈ പാക്കേജ് പേര്.
കംഫോർട്ട് ക്ലാസിൽ മുതിർന്നവർക്ക് 39,240 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 37,530 രൂപയും ആണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ: തിരുവനന്തപുരം - 8287932095 എറണാകുളം - 8287932082, കോഴിക്കോട് - 8287932098 കോയമ്പത്തൂർ - 9003140655
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













