പച്ചപ്പിന്‍റെ മാന്ത്രികക്കാഴ്ചകളാണ് റാണിപുരം ഹിൽ സ്റ്റേഷന്‍റെ പ്രത്യേക. കാടും മലകളും കുന്നും പുൽമേടുകളും താണ്ടിയെത്തുന്ന കാഴ്ചകളുടെ ലോകം. വെറും റാണിയല്ല, പ്രകൃതി സൗന്ദര്യത്തിന്‍റെ മോഹിപ്പിക്കുന്ന റാണിയാണ് റാണിപുരം എന്നുതന്നെ പറയണം. പ്രകൃതി കണ്ണുംപൂട്ടി ഇത്രയേറെ അനുഗ്രഹിച്ച ഇടങ്ങള്‍ വേറെയുണ്ടോ എന്നു സംശയമാണ്. കോടമഞ്ഞിന്‍റെ കുളിരിലൂടെ മുന്നോട്ട് നയിക്കുന്ന ഇവിടം കാസർകോഡ് ജില്ലയുടെ അഭിമാനമാണ്.

വരൂ പോകാം റാണിപുരം അവധിക്കാല യാത്രയ്ക്ക്
കാസർകോഡ് ജില്ലകളിലെ സഞ്ചാരികളുടെയും അതിർത്തി കടന്നെത്തുന്ന കർണ്ണാടകക്കാരുടെയും ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ് എന്നും റാണിപുരം. മറ്റു ജില്ലകളിൽ നിന്നുള്ളവരേക്കാൾ എളുപ്പവും അടുത്തും കർണ്ണാടകയായതിനാൽ ഇഷ്ടംപോലെ ആളുകൾ ഇവിടേക്കെത്തുന്നു. ഈ അവധിക്കാലം യാത്രകൾക്കായി മാറ്റിവെച്ചിരിക്കുമ്പോൾ എവിടേക്ക് പോകണമെന്നൊരു സംശയം ബാക്കിയുണ്ടെങ്കിൽ മടിക്കാതെ വണ്ടി റാണിപുരത്തിനു തിരിക്കാം.വെറുതേയൊരു യാത്രയല്ല, പോയി വന്നു കഴിഞ്ഞാൽ കൂട്ടുകാരോടും വീട്ടുകാരോടമെല്ലാം വമ്പു പറയുവാൻ പറ്റുന്ന ഒരു യാത്ര തന്നെയാണ് റാണിപുരം കരുതിവെച്ചിരിക്കുന്നത്.
അതേ കുളിരും തണുപ്പും, ഊട്ടി തന്നെ!
റാണിപുരം കണ്ടുകഴിയുമ്പോൾ ഇതെവിടെയൊ കണ്ടിട്ടുണ്ടല്ലോ എന്നാവും മനസ്സിലെത്തുന്നത്. ഊട്ടിയാണോ വാഗമൺ ആണോ അതെന്നായിരിക്കും മനസ്സിലെ ചോദ്യം. രണ്ടായാലും ഉത്തരം ശരിയാണ്. തണുപ്പും നട്ടുച്ചയ്ക്കു പോലുമുള്ള കോടമഞ്ഞും പ്രദേശത്തിന്‍റെ ഭംഗിയും കൂടെയാകുമ്പോൾ ഊട്ടിയോടാണ് കൂടുതൽ സാദൃശ്യം. എന്നാൽ പച്ചപ്പു നിറഞ്ഞു നിൽക്കുന്ന കുന്നുകളും കാടുകളും നല്കുന്നത് വാഗമണ്ണിന്‍റെ അതേ ഫീൽ തന്നെയും!
എത്തിപ്പെടാൻ എളുപ്പമാണോ
ഒരുപക്ഷേ, റാണിപുരത്തേയ്ക്ക് വരണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പോലും പലരെയും വിലക്കുന്നത് ഇവിടേക്കുള്ള യാത്രാ പരിമിതികളാകും. കാഞ്ഞങ്ങാട് നിന്നും പാണത്തൂർ റൂട്ടിൽ സ്ഥിതി ചെയ്യുന്ന പനത്തടിയിൽ നിന്നും തിരിഞ്ഞാണ് റാണിപുരത്തേയ്ക്ക പോകുന്നത്. പനത്തടിയിൽ നിന്നും 9 കിലോമീറ്റർ മുകളിലായാണ് റാണിപുരം ഉള്ളത്.
കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിൽ ഇഷ്ടംപോലെ ബസുകൾ ലഭ്യമാണെങ്കിലും പനത്തടിയിൽ നിന്നും റാണിപുരത്തേയ്ക്ക് ജീപ്പിനെയോ ഓട്ടോറിക്ഷയെയോ ആശ്രയിക്കേണ്ടി വരും. കാഞ്ഞങ്ങാട് നിന്നും രാവിലെയും ഉച്ചകഴിഞ്ഞും ഓരോ സർവീസ് മാത്രമാണ് കെഎസ്ആർടിസി നടത്തുന്നത്. പനത്തടിയിലെത്തിയാൽ ട്രിപ്പ് ജീപ്പുകൾ കാണാം. പനത്തടി- റാണിപുരം റോഡ് നവീകരിച്ചതോടെ ഇവിടേക്കുള്ള യാത്ര എളുപ്പമായിട്ടുണ്ട്.

റാണിപുരത്തെത്തിയാൽ
സമുദ്രനിരപ്പിൽ നന്നും 1048 മീറ്റർ ഉയരത്തിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. വനംവകുപ്പിന്‍റെ കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുത്ത് റാണിപുരം കാഴ്ചകളിലേക്കുള്ള ട്രക്കിങ് തുടങ്ങാം. വ്യത്യസ്തമായ കാഴ്ചകളാണ് ഒന്നാമത്തെ ചുവട് മുതൽ കാത്തിരിക്കുന്നത്. കാടും പുൽമേടും കുന്നും കയറ്റവും പാറക്കെട്ടുകളും നിറഞ്ഞ, എല്ലാം ഉൾക്കൊള്ളുന്ന ഒരു കംപ്ലീറ്റ് ട്രക്കിങ് പാക്കേജാണ് റാണിപുരത്തിന്‍റെ പ്രത്യേകത.
കാടും മലമേടും കേറിവരുന്നൊരു യാത്ര
യാത്രയിൽ ആദ്യം കടന്നു പോകുന്നത് മരങ്ങൾ തിങ്ങിനിറഞ്ഞ കാടിനുള്ളിലെ വഴിയിലൂടെയാണ്. വഴിയെന്നു പറയുവാന് സാധിക്കില്ല. വെള്ളം കുത്തിയൊലിച്ചിറങ്ങിയ, കല്ലും ചരലും കിടക്കുന്ന ഒറ്റയടി പാതയിലൂടെ മുന്നോട്ട് പോകാം. ചോലവനങ്ങളാണ് ഇവിടെയുള്ളത്. കാടുകയറി മുന്നോട്ട് പോകുന്നത് പുൽമേട്ടിലേക്കാണ്. വളർന്നു നിൽക്കുന്ന പുല്ലിന്റെ നടുവിലൂടെയാണ് കുറേനേരം യാത്ര. ചെറിയൊരു കുന്നുകയറിയാൽ പിന്നെ ചെറിയൊരു ഇറക്കം. അവിടുന്ന് വീണ്ടും മരങ്ങൾ നിറഞ്ഞു നിൽക്കുന്ന ഇടത്തുകൂടെ , കോടമഞ്ഞിൽ പൊതിഞ്ഞ യാത്ര. ഇടയ്ക്ക് ചെറിയ കയറ്റങ്ങളും പാറക്കൂട്ടങ്ങളുമെല്ലാം കാണാം. അവിടുന്ന് വീണ്ടും പുൽമേടുകളിലേക്കെത്തും. തുടർന്ന് ഇവിടുത്തെ പാറക്കെട്ടുകള്‍ക്കു മുകളിലുള്ള വ്യൂ പോയിന്‍റിലേക്ക് നടന്നു കയറാം. ചുറ്റിലും നിറഞ്ഞ നിൽക്കുന്ന കോടമഞ്ഞിൽ കാഴ്ചകളാസ്വദിച്ച് വന്നവഴിയേ മടങ്ങാം.
ബൈക്ക് റൈഡ് ആണോ? സൂപ്പർ!
കാസർകോഡ് ഡില്ലയിലെ മാത്രമല്ല, കേരളത്തിലെ തന്നെ ഏറ്റവും മികച്ച ബൈക്ക് റൈഡിങ് റൂട്ടുകളിലൊന്നും കൂടിയാണ് റാണിപുരത്തേയ്ക്കുള്ളത്. പനത്തടിയിൽ നിന്നും മുകളിലേക്ക് കയറുമ്പോൾ കോടമഞ്ഞും മഴയും എപ്പോൾ വേണെമെങ്കിലും പ്രതീക്ഷിക്കാം. റാണിപുരം കുന്നുകൾക്കു താഴെയെത്താറാകുമ്പോളേക്കും പ്രത്യേകതരത്തിൽ, തണുപ്പു നിറഞ്ഞ കാറ്റും മഞ്ഞും കൂട്ടിനെത്തും.

റാണിപുരം പ്രവേശന സമയം
രാവിലെ മുതൽ വൈകുന്നേരം 3.00 മണി വരെയാണ് റാണിപുരം ട്രക്കിങ്ങിനുള്ള പ്രവേശന സമയം. അതിനുള്ളിൽ ടിക്കറ്റ് എടുത്ത് മുകളിലേക്ക് കയറിയിരിക്കണം. അഞ്ച് മണിയോടെ മലമുകളിൽ നിന്നൂം താഴേക്കിറങ്ങുവാൻ നിര്‍ദ്ദേശം ലഭിക്കും. അപ്പോൾ എവിടെ എത്തിയാലും താഴേക്ക് മടങ്ങണം. ഏകദേശം രണ്ടോ മൂന്നോ മണിക്കൂർ വേണം റാണിപുരം കയറി താഴേക്കിറങ്ങുവാൻ. അതുകൊണ്ട് നിങ്ങളുടെ ആരോഗ്യസ്ഥിതി നോക്കി, നടത്തത്തിന്റെ സ്പീഡ് കണക്കിലെടുത്ത്, സമയം നിശ്ചയിച്ച് നേരത്തെ തന്നെ പോകാം. മാത്രമല്ല, ആവശ്യത്തിന് ഭക്ഷണവും വെള്ളവും കരുതണം. ട്രക്കിങ്ങിനൽ കുട എടുക്കുന്നത് നല്ലതായിരിക്കും. മഴയും മഞ്ഞും അപ്രതീക്ഷിതമായി ഇവിടെയെത്തും. കാലാവസ്ഥ നോക്കി വേണം ഇവിടേക്ക് വരുന്ന സമയം തീരുമാനിക്കുവാൻ.

കുടുംബമൊത്ത് വരാം
കുടുംബത്തിലെ എല്ലാവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാൻ പറ്റിയ യാത്രകളിലൊന്നാണ് റാണിപുരത്തേയ്ക്കുള്ളത്. ഒരു ദിവസം താമസിച്ച് മുഴുവൻ കാഴ്ചകളും ആസ്വദിച്ച് പോകണമെന്നാണെങ്കിൽ കെടിഡിസിയുടെ റിസോർട്ടും മറ്റു സ്വകാര്യ റിസോർട്ടുകളും ലഭ്യമാണ്. റാണിപുരം കണ്ട്, കർണ്ണാടകയിലേക്ക് കയറി കുടകും തലക്കാവേരിയും മടിക്കേരിയും ഒക്കെ കാണാം, കുശാല്‍നഗര്‍, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇവിടുന്ന് എളുപ്പത്തിലെത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












