പലതരം തീം പാർക്കുകള്‍ നമുക്കറിയാം, വാട്ടർ തീം പാർക്ക്, ഹൊറർ തീം പാർക്ക് എന്നിങ്ങനെ വ്യത്യസ്തമായവ. എന്നാൽ ആത്മീയമായ ഒരു തീം പാർക്ക് എങ്ങനെയിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? ആത്മീയതയ്ക്കും വിശ്വാസങ്ങൾക്കും പ്രാധാന്യം നല്കി നിർമ്മിച്ചിരിക്കുന്ന ഒരു തീം പാർക്ക് ഉണ്ട്. സായ് തീര്‍ത്ഥ് എന്നു പേരിട്ടിരിക്കുന്ന ഈ ഡിവോഷണൽ തീം പാർക്ക് രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ പാർക്കാണ്.
ചുവരുകളിലെ കൊത്തുപണികളും നീളമേറിയ തൂണുകളും വിശാലമായ അകത്തളങ്ങളും പ്രാർത്ഥനാലയങ്ങളും വാട്ടർ ഫൗണ്ടെയ്നുകളും എല്ലാമായി ശരിക്കും വേറൊരു ലോകത്തോ, അല്ലെങ്കിൽ വേറൊരു കാലഘട്ടത്തിലൊ എത്തിക്കുന്ന തരത്തിലൊരു നിർമ്മിതിയാണ് സായ് തീര്‍ത്ഥ് ഡിവോഷണൽ തീം പാർക്ക്.

സായ് ബാബയുടെ ജീവിതത്തെ മറ്റൊരിടത്തു കാണാനാവാത്ത വിധത്തിൽ അറിയുവാനും മനസ്സിലാക്കുവാനും സഹായിക്കുന്ന വിധത്തിൽ സൃഷ്ടിച്ചിരിക്കുന്ന ഇവിടെ ഒരുപാട് വ്യത്യസ്തങ്ങളായ കാഴ്ചകൾ പരിചയപ്പെടുവാനുണ്ട്. ഭക്തി, വിനോദം, സാങ്കേതിക വിദ്യകൾ എന്നീ മൂന്നു കാര്യങ്ങളുടെ ഏറ്റവും മികച്ച കൂടിച്ചേരലാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്.
തീർത്ഥ യാത്ര
ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പത്ത് ക്ഷേത്രങ്ങളിലൂടെയുള്ള ആത്മീയ യാത്രയാണ് ഇവിടുത്തെ തീർത്ഥ യാത്ര. ചാർ ധാം തീർത്ഥാടന സ്ഥാനങ്ങളായ ബദരിനാഥ്, കേദാർനാഥ്, പുരി ജഗനാഥ ക്ഷേത്രം, ധ്വാരകാ ക്ഷേത്രം, തിരുപ്പതി തിരുമല ബാലാജി ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം എന്നിവ ഉൾപ്പെടുന്ന പത്ത് ക്ഷേത്രങ്ങളുടെ മാതൃകകളിലൂടെ നിങ്ങൾക്ക് ഈ തീർത്ഥയാത്ര നടത്താം.
യഥാര്‍ത്ഥത്തിൽ ആ ക്ഷേത്രമാണോ എന്നു സംശയിപ്പിക്കുന്നത്രയും പൂർണ്ണതയിലാണ് ഈ പത്തു ക്ഷേത്രങ്ങളുടെയും മാതൃക ഇവിടെ ഒരുക്കിയിട്ടുള്ളത്.

ലങ്കാ ദഹൻ
ശ്രീ രാമന്റെ നിര്‍ദ്ദേശ പ്രകാരം സീതാ ദേവിയെ തേടി ലങ്കയിലെത്തിയ ഹനുമാന്റെ ലങ്കാ ദഹനത്തിന് ഇവിടെ സാക്ഷികളാകാം. ഫൈവ് ഡി ടെക്നോളജിയിലാണ് ഇവിടെ ഇത് കാണിക്കുന്നത്. ചലിക്കുന്ന സീറ്റുകൾ, വാട്ടർ ജെറ്റ്, വിൻഡ് മെഷീൻ, മറ്റു സ്പെഷ്യൽ എഫക്ടുകൾ എന്നിവയെല്ലാം ചേർന്നുള്ള ഈ ഷോ യഥാർത്ഥത്തിൽ നിങ്ങളവിടെ ചെന്ന് ഇത് നേരിട്ടു കാണുന്ന പോലുള്ള അനുഭവമാണ് ഇത് നല്കുന്നത്.
സായ് ബാബയുടെ ജീവിതവും പറയുന്ന സബ്കാ മാലിക് ഏക്, എന്നിങ്ങനെ രണ്ടു കാര്യങ്ങൾ കൂടി ഇവിടെയുണ്ട്. സബ്കാ മാലിക് ഏക് സായി ബാബയുടെ ജീവിതം കാണിക്കുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള ഫിലിം ആണ്.

ദ്വാരകാമായി എന്നത് 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു റോബോട്ടിക്, ആനിമേട്രോണിക് ഷോ ആണ്. ഇതിൽ സായി ബാബ ജീവിതത്തിലേക്ക് വരികയും തന്റെ അനുയായികളെ വളരെ വ്യക്തിപരമായ രീതിയിൽ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. 250 പേർക്കാണ് ഒരു സമയം ഇത് കാണുവാൻ സാധിക്കുക. ഇവ കൂടാതെ പാർക്കിൽ ഒരു റസ്റ്റോറന്റും ഒരു മാർക്കറ്റും കൂടി കാണം.
രാവിലെ 10.00 മുതൽ വൈകിട്ട് 6.00 വരെയാണ് സായ് തീർത്ഥ് ഡിവോഷണൽ പാർക്കിന്റെ പ്രവർത്തന സമയം. മുതിർന്നവർക്ക് 449 രൂപ, കുട്ടികൾക്ക് 349 രൂപ, വിഐപി ടിക്കറ്റ് നിരക്ക് 950 രൂപ എന്നിങ്ങനെയും ഭക്ഷണം ഉൾപ്പെടുന്ന പാക്കേജിന് മുതിര്‍ന്നവർക്ക് 501 രൂപ, കുട്ടികൾക്ക് 401 രൂപ, വിഐപി ടിക്കറ്റിൽ 1002 രൂപ എന്നിങ്ങനെയാണ്. ആളുകളുടെ എണ്ണത്തിനനുസരിച്ചാണ് ഷോ നടത്തുക. പാർക്കിനുള്ളിലെ എല്ലാ ഇടങ്ങളം സന്ദർശിക്കുവാൻ ഒരു ടിക്കറ്റ് മതി.

മഹാരാഷ്ട്രയിലെ അഹ്മദ്നഗറിൽ ഷിർദ്ദിയിലാണ് സായ് തീർത്ഥ് സ്ഥിതി ചെയ്യുന്നത്. ഷിർദ്ദിയിൽ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ സായ് ബാബാ ക്ഷേത്രത്തില്‍ നിന്നും വെറും അഞ്ച് മിനിറ്റ് ദൂരം മാത്രമേയുള്ളു ഇവിടേക്ക്.
ചിത്രങ്ങൾക്ക് കടപ്പാട്: Sai Teerth Official Website
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













