സ്റ്റോറി ടെല്ലിങ്ങ് ടൂറിസം
കേൾക്കാത്ത കഥകൾ കേട്ട് അറിയപ്പെടാത്ത ചരിത്രം വായിച്ചെടുത്ത് സഞ്ചാരത്തിൽ പുതിയ മാനം നല്കുവാന്‍ കേരളാ ടൂറിസം. ചരിത്രകഥകൾ കേട്ടും നാടോടിക്കഥകളിലൂടെയും എഴുതപ്പെടാത്ത, ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ലാത്ത ചരിത്രം കണ്ടെത്തി യാത്ര ചെയ്യുന്ന പുത്തൻ അനുഭവങ്ങളാണ് സ്റ്റോറി ടെല്ലിങ്ങ് ടൂറിസം പദ്ധതിയെന്ന പേരിൽ നടപ്പാക്കുന്നത്.
വേറിട്ട കഥകൾ കേൾക്കാം
പ്രാചീന ചരിത്രവും നാടോടി വിജ്ഞാനീയവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളും ഉൾക്കൊള്ളുന്ന അറിയപ്പെടാതെയും രേഖപ്പെടുത്താതെയും പോയ വേറിട്ട ചരിത്ര കഥകൾ സമാഹരിച്ച് സംരക്ഷിക്കുന്നതോടൊപ്പം വിദേശ ടൂറിസ്റ്റുകൾക്ക് സഞ്ചാരം കൂടുതൽ അനുഭവവേദ്യമാക്കാനാണ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യം.
യാത്ര രസകരമാക്കാം
തനിമയും സ്വത്തവും ഒട്ടും മാറാതെ എന്താണോ പറയുന്നത് അത് അങ്ങനെ തന്നെ കഥകളിലൂടെ അവതരിപ്പിച്ച് സഞ്ചാരം കൂടുതൽ ആസ്വാദ്യകരമാക്കുവാനും വിദേശ സഞ്ചാരികളെ കൂടുതൽ ഇവിടേക്ക് ആകർഷിക്കുവാനുമാണ് സ്റ്റോറി ടെല്ലിങ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ചരിത്രകഥകൾ ശേഖരിക്കുവാനും അത് പ്രസിദ്ധീകരിക്കുവാനും മാത്രമല്ല, അതിന്റെ ഭാഗമായുള്ള സെമിനാറുകളും ശില്പശാലകളും പരിശീലന പരിപാടികളും സ്റ്റോറി ടെല്ലിങ്ങിന്‍റെ ഭാഗമായി വരും.
കാഴ്ചകാണൽ മാത്രമല്ല യാത്ര
വെറുതെ വന്നിറങ്ങി കുറേ കാഴ്ചകൾ കണ്ട് കുറേ പകര്‍ത്തി പോകുന്നവരല്ല യഥാർഥ സഞ്ചാരികൾ. ഒരു നാടിനെ മൊത്തത്തിൽ അറിഞ്ഞ് അനുഭവിച്ച് മനസ്സിലാക്കി യാത്ര ചെയ്യുമ്പോളാണ് ഓരോ യാത്രയും സഫലമാകുന്നത്. അങ്ങനെയുള്ള യാത്രകരെ ഒരു നാടിനെ എല്ലാ വിധത്തിലും പരിചയപ്പെടുത്തി കൊടുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. കാഴ്ചകൾ കാണുന്നതിനൊപ്പം ചരിത്രവും മിത്തും കഥകളും അറിയുവാൻ സാധിക്കുന്നതിനാൽ വളരെ ആകർഷകമായിരിക്കും ഇത്. കഥയുടെ രൂപത്തിലുള്ള ഗവേഷണ പ്രബന്ധങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും കൂടാതെ വിദേശ ഭാഷകളിലും പുസ്തക രൂപത്തിലാക്കും. പരിശീലനം ലഭിച്ച സംരംഭകർക്ക് സ്റ്റോറി ടെല്ലിങ് യാത്രകള് നടത്തുവാൻ കഴിയുന്ന രീതിയിലായിരിക്കും വരിക.
ചരിത്രം മാത്രമല്ല
ചരിത്രത്തോടൊപ്പം മിത്തുകൾ, ജീവിതകഥകകൃഷി, നാടൻകലകൾ, അനുഷ്ഠാന ജീവിതം, ഉപജീവനത്തിനായുള്ള പുതിയ കണ്ടെത്തലുകൾ, ആചാരങ്ങൾ തുടങ്ങിവയെല്ലാം ഇതിൽ പഠനത്തിന് വിധേയമാക്കും.
തുടക്കം ബേക്കലിൽ
ടൂറിസം വകുപ്പിന് കീഴിലുള്ള ബേക്കൽ റിസോർട്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (ബി.ആർ.ഡി.സി.) നേതൃത്വത്തിൽ കാസർകോഡ് ജില്ലയിലെ ബേക്കലിൽ ഇതിന് തുടക്കം കുറിച്ച് കഴിഞ്ഞു.