വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും കൗതുകവും അമ്പരപ്പും കൂടിയൊളിപ്പിച്ചുവെച്ചിരിക്കുന്ന ഇടമാണ് കൊട്ടിയൂർ ക്ഷേത്രം. ക്ഷേത്രമില്ലാത്തയിടത്തെ പൂജകൾ, മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആചാരങ്ങൾ, പ്രകൃതിയുടെ നിയന്ത്രണത്തിലുള്ള ഉത്സവം എന്നിങ്ങനെ എടുത്തുപറയുവാൻ ഒരുപാടു കാര്യങ്ങൾ കൊട്ടിയൂരുത്സവത്തിനും അക്കരെ ക്ഷേത്രത്തിനുമുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും കൗതുകമുണർത്തുന്നതാണ് ഇവിടുത്തെ ഓടപ്പൂക്കൾ.
കൊട്ടിയൂരിൽ ഉത്സവകാലത്ത് ചെല്ലുമ്പോൾ കടകളിലും വഴിയരികിലുമെല്ലാം വെളുത്ത നിറത്തിൽ നാരുകളായി കിടക്കുന്ന ഈ പൂക്കള്‍ കാണാം. ഉത്സവം കൂടാനെത്തുന്നവർ തിരികെ മടങ്ങുന്നത് കൈനിറയെ ഓടപ്പൂക്കളുമായിട്ടായിരിക്കും. എന്തുകൊണ്ടാണ് ഈ ഓടപ്പൂക്കൾ പ്രസാദമായി നല്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? അതിനു പിന്നിൽ കുറേ വിശ്വാസങ്ങളുണ്ട്.

കൊട്ടിയൂരിൽ നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ദക്ഷയാഗത്തിന്‍റെ ഐതിഹ്യം നമുക്കറിയാം. സതിദേവിയുടെ പിതാവായ ദക്ഷൻ ബൃഹസ്പതിസവമെന്ന യാഗം നടത്തിയപ്പോൾ ദേവഗണങ്ങളെയും പുണ്യാത്മാക്കളെയുമെല്ലാം ക്ഷണിച്ചെങ്കിലും മകളുടെ ഭർത്താവായ പരമശിവനെ മനപൂർവ്വം ഒഴിവാക്കി. വിളിച്ചില്ലെങ്കിലും പിതാവ് നടത്തുന്ന യാഗത്തിനു പോകാനൊരുങ്ങിയ സതീദേവിയെ ശിവൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഒടുവിൽ ദേവി പോവുകതന്നെ ചെയ്തു.
എന്നാൽ യാഗസ്ഥലത്തെത്തിയ സതീദേവിയെ സ്വന്തം പിതാവ് തന്നെ അപമാനിച്ചപ്പോൾ അത് താങ്ങാൻ വയ്യാതെ ദേവി യാഗാഗ്നിയിൽ ജീവൻ നല്കിയെന്നാണ് ഐതിഹ്യം. കൈലാസത്തിൽ ധ്യാനത്തിലായിരുന്ന ശിവൻ ഇതറിഞ്ഞപ്പോൾ കോപാകുലനായത്രെ. ദേഷ്യം സഹിക്കവയ്യാതെ ശിവൻ തന്‍റെ ജഡ നിലത്തടിച്ചുവെന്നും അതിൽനിന്നും വീരഭദ്രൻ ജന്മമെടുത്തുവെന്നുമാണ് വിശ്വാസം, തുടർന്ന് ശിവന്‍റെ നിർദ്ദേശമനുസരിച്ച് ദക്ഷന്‍റെ യാഗം മുടക്കാനായി വീരഭദ്രൻ യാഗഭൂമിയിലെത്തി. അവിടെവെച്ച് ദക്ഷന്‍റെ ദീക്ഷ വലിച്ചെറിഞ്ഞ ശേഷം വീരഭദ്രൻ യക്ഷനെ കൊലപ്പെടുത്തി. ഇങ്ങനെ വലിച്ചെറിഞ്ഞ താടിയാണത്രെ ഓടപ്പൂവായി മാറിയത്.

മറ്റുചില വിശ്വാസങ്ങളനുസരിച്ച് ദക്ഷയാഗത്തിനു നേതൃത്വം നല്കിയ ഭൃഗു മഹർഷിയുടെയും ഒപ്പമുണ്ടായിരുന്ന മറ്റു മുനിമാരുടെയും താടിരോമമാണ് ഓടപ്പൂവായി മാറിയതെന്നും പറയപ്പെടുന്നു. ശിവന്‍ പറഞ്ഞതനുസരിച്ച് യാഗം തകർക്കാനെത്തിയ വീരഭദ്രനും മറ്റു ഭൂതഗണങ്ങളുമാണ് മുനിമാരുടെ താടിരോമം പിഴുതെറിഞ്ഞത്. ഇങ്ങനെ പിഴുതെടുത്ത താടിരോമങ്ങൾ ഇവർ കാറ്റിൽപ്പറത്തിയെന്നും വിശ്വസിക്കപ്പെടുന്നു.
ഓടപ്പൂക്കളുടെ നിർമ്മാണം
കൊട്ടിയൂരിലെയും വയനാടിനോട് ചേർന്നു കിടക്കുന്ന വനാതിർത്തിയിലെയും പ്രദേശങ്ങളിൽ നിന്നാണ് ഓടപ്പൂക്കൾ നിർമ്മിക്കുവാനാവശ്യമായ ഓടകൾ കൊണ്ടുവരുന്നത്. പണ്ട് പ്രദേശത്തു നിറയെ ഓടക്കാടുകളായിരുന്നുവത്രെ. ഇവിടെ നിന്നുള്ള ഓടകൾ മാത്രമേ ഇതിനായി ഉപയോഗിക്കാറുള്ളു എന്ന പ്രത്യേകതയുമുണ്ട്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ഓടപ്പൂ നിർമ്മാണത്തിനായി വനത്തിനുള്ളിൽ നിന്ന് ഈറ്റ മുറിക്കുവാൻ പ്രത്യേക അനുമതിയും ഈ സമയത്ത് ലഭിക്കും.
ഇങ്ങനെ ശേഖരിക്കുന്ന ഈറ്റ (ഓട) പ്രത്യേക അളവിൽ മുറിച്ച ശേഷം വെള്ളത്തിലിടും. പിന്നീടിതെടുത്ത് ഇടിച്ചു ചതച്ചു കമ്പിച്ചീപ്പുകൊണ്ട് ചീകി പൂവിന്റെ ആകൃതിയിലാക്കിയ വീണ്ടും വെള്ളത്തിലിടും. ഇങ്ങനെ ചെയ്തില്ലങ്കിൽ കറ പോവുകയില്ലെന്നു മാത്രമല്ല ഓടപ്പൂവിന് മഞ്ഞനിറം വരികയും ചെയ്യും. തുടർന്ന് വെള്ളത്തിൽ നിന്നെടുത്ത് കറ കളഞ്ഞ് പൂവിന്‍റെ രൂപത്തിലാക്കുന്നു. ഇങ്ങനെ ദിവസങ്ങളടുത്താണ് പ്രസാദത്തിനായുള്ള ഓടപ്പൂ തയ്യാറാക്കുന്നത്. മറ്റൊരിടത്തും ഇങ്ങനെ ഓടപ്പൂ നിർമ്മിക്കുക സാധ്യമല്ലെന്നാണ് പറയപ്പെടുന്നത്.

PC: Vinayaraj
കൊട്ടിയൂരിൽ നിന്നു ലഭിക്കുന്ന ഓടപ്പൂവ് വീടുകളിലും വാഹനങ്ങളിലും തൂക്കിയിടുന്ന ഒരു പതിവുമുണ്ട്. ഇങ്ങനെ ചെയ്യുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. അടുത്ത കൊട്ടിയൂരുത്സവക്കാലം വന്ന് പുതിയ ഓടപ്പൂക്കൾ കൊണ്ടുവരുന്നവരെ സാധാരണ പഴയ ഓടപ്പൂക്കൾ ആളുകൾ സൂക്ഷിക്കാറുണ്ട്. കൊട്ടിയൂരിൽ പോകാൻ സാധിക്കാത്തവർക്ക് പോയി വരുന്നവർ ഓടപ്പൂവ് കൊണ്ടുവന്ന് കൊടുക്കുന്ന പതിവും നിലനിൽക്കുന്നു.
കൊട്ടിയൂർ വൈശാഖോത്സവം 2023-തിയതികൾ
ഈ വർഷത്തെ കൊട്ടിയൂർ വൈശാഖോത്സവത്തിന് ജൂൺ 1-ാം തിയതി നെയ്യാട്ടത്തോടെ തുടക്കമായി. ജൂൺ 9 വെള്ളിയാഴ്ച ഇളനീർ വെപ്പ്, 10ന് ഇളനീരാട്ടം അഷ്ടമി ആരാധന, 13ന് രേവതി ആരാധന, 17ന് രോഹിണി ആരാധന, 19ന് തിരുവാതിര ചതുശ്ശതം, 20ന് പുണർതം ചതുശ്ശതം, 22ന് ആയില്യം ചതുശ്ശതം, 24ന് മകം കലംവരവ്, 27ന് അത്തം ചതുശ്ശതം, വാളാട്ടം കലശപൂജ, 28ന് തൃക്കലശാട്ട് എന്നിവയാണ് ചടങ്ങുകൾ. ജൂൺ 3 മുതൽ 24 ഉച്ചശീവേലി വരെയാണ് അക്കരെ കൊട്ടിയൂരിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











