പൂർത്തിയാക്കാത്ത പൂജകളിൽ നിന്നു തുടങ്ങി വീണ്ടുമൊരു വൈശാഖോത്സവക്കാലം കൂടി വന്നു കഴിഞ്ഞു. മലബാറുകാർ ഒരേ മനസ്സോടെ ആഘോഷിക്കുന്ന വൈശാഖോത്സവത്തിനു പിന്നിലെ വിശ്വാസങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ദക്ഷിണ കാശിയെന്നറിയപ്പെടുന്ന ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനവും ബാവലിപ്പുഴയൊഴുകി ശുദ്ധിവരുത്തിയ ക്ഷേത്രസ്ഥാനവും മഴയുടെ പുണ്യസാന്നിധ്യവും ചേരുന്ന കൊട്ടിയൂർ ക്ഷേത്ര ദര്‍ശനം വിശ്വാസികൾക്കൊരു പുണ്യതീർത്ഥാടനം കൂടിയാണ്.
വർഷത്തിൽ വെറും 28 ദിവസം പ്രവേശനം അനുവദിച്ചിരിക്കുന്ന അക്കരെ കൊട്ടിയൂരിലേക്ക് മഹാദേവനെ കാണുവാൻ വിശ്വാസികളെത്തുന്ന ഇവിടുത്തെ പൂജകളും ആചാരങ്ങളും മറ്റൊരു ക്ഷേത്രത്തിലും കാണുവാൻ സാധിക്കില്ല. പ്രകൃതിയോട് ചേർന്നുള്ള പൂജകളും അനുഷ്ഠാനങ്ങളും ചടങ്ങുകളുമാണ് കൊട്ടിയൂർ ക്ഷേത്രത്തെയും വൈശാഖോത്സവത്തെയും വ്യത്യസ്തമാക്കുന്നത്.

കൊട്ടിയൂർ ക്ഷേത്രം ചരിത്രം
കൊട്ടിയൂർ ക്ഷേത്രത്തിന്‍റെ ചരിത്രമെന്നത് ദക്ഷയാഗത്തിന്‍റെ ഐതിഹ്യവും അതിനോടനുബന്ധിച്ചുള്ള കഥകളുമാണെന്നു പറയാം. പ്രജാപതിയും ബ്രഹ്മാവിന്‍റെ മാനസപുത്രനുമായ ദക്ഷൻ യാഗം നടത്തിയപ്പോൾ തന്‍റെ പുത്രിയായ സതിദേവിയേയും ശിവനെയും മാത്രം ക്ഷണിച്ചില്ല. എന്നിരുന്നാലും സ്വന്തം പിതാവ് നടത്തിയ യാഗത്തിൽ ശിവന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ ദേവി പോയി.
എന്നാൽ സതീദേവിയെ കണ്ടപ്പോൾ ദക്ഷൻ അപമാനിക്കുന്ന വിധത്തിൽ സംസാരിച്ചു. ഭർത്താവ് പറഞ്ഞത് അവഗണിച്ചു വന്ന സതീദേവിക്ക് സ്വന്തം പിതാവിന്റെ ഈ അപമാനം താങ്ങുവാനായില്ല. ദു:ഖം താങ്ങാൻ കഴിയാതെ ദേവി സ്വയം ജീവന് വെടിഞ്ഞുവെന്നാണ് ഐതിഹ്യം. തുടർന്ന് സംഭവമറിഞ്ഞ ശിവൻ പ്രതികാരത്തിനായി തന്‍റെ ജഡയിൽ നിന്നും വീരഭഗ്രനെയും ഭദ്രകാളിയേയും സൃഷ്ടിച്ചു.

ശിവന്‍റെ നിർദ്ദേശമനുസരിച്ച് അവർ പോയി ആ യജ്ഞ ഭൂമി പൂർണ്ണമായും നശിപ്പിക്കുകയും യക്ഷന്റെ തലവെട്ടി അഗ്നിക്ക് സമർപ്പിക്കുകയും ചെയ്തു. എന്നാൽ യജ്ഞം നടത്തുന്ന ആളുടെ സാന്നിധ്യമില്ലാതെ യജ്ഞം പൂർത്തിയാകുവാൻ സാധിക്കാത്തതിനാൽ ദേവന്മാരുടെ ആവശ്യമനുസരിച്ച് ശിവൻ ആടിന്റെ തല വച്ച് ദക്ഷന് വീണ്ടും ജീവൻ നല്കി. ചില ഐതിഹ്യങ്ങളിൽ ശിവൻ തന്നെയാണ് യക്ഷന്റെ ജീവനെടുത്തതെന്നും പറയപ്പെടുന്നു.
തുടർന്നുള്ള വിശ്വാസമനുസരിച്ച് ഈ യാഗഭൂമിയിൽ ഒരു സ്വയംഭൂ ശിവലിംഗം ഉയർന്നുവന്നുവെന്നാണ് പറയപ്പെടുന്നത്. അക്കരെ കൊട്ടിയൂരിൽ ജലാശയത്തിനു നടുവിലുള്ള മണിത്തറയാണ് ഇവിടുത്തെ മൂലക്ഷേത്രം എന്നാണ് വിശ്വാസം. ഇതിന് തൊട്ടടുത്തായി അമ്മാറക്കൽത്തറയിൽ സതീ ദേവിയുടെ സാന്നിധ്യവും കാണാം. ഇതിനെചുറ്റിയാണ് അക്കരെ കൊട്ടിയൂരിൽ ബാവലിപ്പുഴ ഒഴുകുന്നത്.
യാഗം പാതിയിൽ മുടങ്ങിയ ഭൂമി പിന്നീട് ആരും നോക്കാനില്ലാതായി. കാലങ്ങളോളം കാടുംപടലവും കയറിക്കിടന്ന ഇവിടെ അപ്രതീക്ഷിതമായി ഒരു യുവാവ് തന്‍റെ അമ്പിന് മൂർച്ചകൂട്ടാനായി എത്തുകയും കല്ലിൽ അമ്പുരച്ചപ്പോള്‍ പെട്ടന്ന് അതിൽനിന്ന് രക്തം വരികയും ചെയ്തു. പിന്നീട് ഇത് ശിവന്റെ സാന്നിധ്യമാണെന്നു മനസ്സിലായപ്പോൾ ഇവിടുത്തെ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ കലശമാടിയെന്നാണ് വിശ്വാസം. തുടർന്ന് യക്ഷയാഗം നടന്ന ഭൂമിയിൽ വൈശാഖോത്സവം ആരംഭിച്ചുവെന്നാണ് ഐതിഹ്യം. ഇതിനുള്ള ചിട്ടകളും ആചാരങ്ങളും ക്രമപ്പെടുത്തിയത് ശങ്കരാചാര്യർ ആണെന്നും വിശ്വസിക്കപ്പെടുന്നു.

കൊട്ടിയൂർ ക്ഷേത്രം
കൊട്ടിയൂർ ക്ഷേത്രമെന്നത് അക്കരെ കൊട്ടിയൂരും ഇക്കരെ കൊട്ടിയൂരും ചേരുന്നതാണ്. ബാവലിപ്പുഴയുടെ ഇരുകരകളിലുമായാണ് ഈ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. വടക്ക് അക്കരെ കൊട്ടിയൂരും തെക്ക് ഇക്കരെ കൊട്ടിയൂരും സ്ഥിതി ചെയ്യുന്നു. ഇതിൽ വൈശാഖോത്സവം നടക്കുന്നത് അക്കരെ കൊട്ടിയൂരിലാണ്. ഇവിടെ സ്ഥിരമായ ഒരു ക്ഷേത്രമോ പൂജകളോയില്ല.
വൈശാഖോത്സവത്തിന്റെ സമയത്ത് പ്രത്യേക പർണ്ണശാലകളും മറ്റും കെട്ടി ഇവിടെ ഉത്സവം നടത്തുകയാണ് പതിവ്. 28 ദിവസത്തെ ഉത്സവം കഴിയുമ്പോൾ ഇതെല്ലാം അങ്ങനെ തന്നെ അവിടെയുപേക്ഷിക്കും. പിന്നീട് അടുത്ത വൈശാഖോത്സവത്തിന്റെ കാലത്തു മാത്രമേ ഇവിടേക്ക് മനുഷ്യപ്രവേശനം സാധ്യമാവൂ.
കോപത്തിലുള്ള ശിവൻ
വൈശാഖോത്സവത്തിന്റെ വിശ്വാസമനുസരിച്ച് ഉത്സവം തുടങ്ങുന്ന ആദ്യം 11 നാളുകളിൽ ശിവൻ അതീവ കോപിഷ്ഠനായിരിക്കുമത്രെ. അതുകൊണ്ടു തന്നെ ഈ ദിവസങ്ങളിൽ ശിവന്‍റെ കോപം ശമിപ്പിക്കുവാനായി ഇളനീരഭിഷേകം നടത്തും. പാരമ്പര്യമനുസരിച്ച് തീയ്യ സമുദായക്കാർക്കാണ് ഇതിനുള്ള അവകാശം. അവർ കൊണ്ടുവരുന്ന ഇളനീരുകൾ ശിവനു മേൽ അഭിഷേകം നടത്തി കോപം കുറയ്ക്കുകയാണ് ഈ ദിവസത്തെ ചടങ്ങിൽ ചെയ്യുന്നത്.

പ്രദക്ഷിണ വഴിയിലെ ജലം
വൈശാഖോത്സവ സമയത്ത് മഴ പെയ്തിരിക്കുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ ആചാരങ്ങളിൽ പ്രദക്ഷിണ വഴിയിൽ വെള്ളമൊഴുകിയിരിക്കണം എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രകൃതിയുടെ നിയമങ്ങൾ അനുസരിച്ചുള്ള ക്ഷേത്രവും വിശ്വാസമുമാണ് ഇവിടെയുള്ളതെന്നാണ് കരുതുന്നത്. കൊട്ടിയൂരിലെത്തി പ്രാർത്ഥിക്കുന്നതിന് വലിയ ഫലങ്ങളാണുള്ളത് എന്നാണ് വിശ്വാസം. ഇവിടെ ആൾരൂപം സമർപ്പിച്ചാൽ എല്ലാ രോഗങ്ങളും മാറുമെന്നും അഷ്ടബന്ധം നെറ്റിയിൽ തൊട്ടാൽ അസുഖങ്ങൾ മാറി പൂർണ്ണാരോഗ്യം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
ആയിരംകുടം അഭിഷേകം, തുമ്പമാല, കൂത്ത്, കൂവളമാല, തുളസിമാല, തിരുവപ്പം ആടിയ നെയ്യ്, കളഭം, ഇളനീരഭിഷേകം, വലിയ വട്ടളം പായസം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകൾ. ഈ വഴിപാടുകൾ അർപ്പിക്കുമ്പോൾ ഐശ്വര്യം, കീർത്തി, സമ്പത്ത്, ദീര്‍ഘായുസ്, ഉന്നത പദവികൾ, രാജയോഗം തുടങ്ങിയവ ലഭിക്കുമത്രെ. വൈശാഖോത്സവത്തിൽ പങ്കെടുക്കുക എന്നത് വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രാധാന്യമുള്ളതാണ്. ദൂരെയാണെങ്കിൽപോലും ഈ സമയത്ത് ക്ഷേത്രത്തിലെത്തുവാൻ ഇവിടുള്ളവർ ശ്രദ്ധിക്കാറുണ്ട്.

അക്കരെ കൊട്ടിയൂരിൽ ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ബാവലി പുഴയിലെ സ്നാനത്തോടെയാണ് കൊട്ടിയൂരിലെ ദർശനം തുടങ്ങുന്നത്. പുഴയില്‍ മുങ്ങിയ ശേഷം ഇവിടുത്തെ ക്ഷേത്രത്തെ വലംവെച്ചൊഴുകുന്ന തിരുവിഞ്ചറ അരുവിയിലൂടെ പോയി സ്വയംഭൂ ശിവലിംഗമുള്ള മണിത്തറയിലെത്തി പ്രതിഷ്ഠകളെ വലംവെച്ച് തൊഴുകയാണ് അടുത്തപടി. തുടർന്ന് ഇവിടെ വഴിപാടുകൾ നടത്തി പ്രസാദം വാങ്ങിയ ശേഷം ഭണ്ഡാരം പെരുകി മടങ്ങാം.
പന്തക്കിടാവ്
കൊട്ടിയൂർ ക്ഷേത്രത്തിലെ ചടങ്ങുകളിൽ പ്രധാന്യമുള്ള സ്ഥാനം വഹിക്കുന്നരാണ് പന്തക്കിടാവ്. കൊട്ടിയൂർ യാഗോത്സവത്തിലെ എല്ലാ ചടങ്ങുകളും ആദ്യാവസാനം ദർശിക്കുവാൻ അവകാശമുളളതും ഇവർക്കുമാത്രമാണ്. ശീവേലി ശ്രീഭൂതബലി ,വാളാട്ടം, കളഭാട്ടം, കലശാട്ടം എന്നീ ചടങ്ങുകൾക്ക് ഇവർ കത്തിച്ച പന്തങ്ങളുമായി കൂടെ തന്നെ വേണമെന്നാണ് വിശ്വാസം. മകം നാൾ മുതൽ നടക്കുന്ന കല പൂജകൾക്ക് രാത്രി മുഴുവനും പന്തവുമായി ഇവർ നിൽക്കണമെന്നാണ്. വലതു കൈയ്യിൽ എരിയുന്ന പന്തവും ഇടതുകൈയ്യിൽ മുളങ്കുറ്റിയിൽ എണ്ണയും പിടിച്ച് വേണം ഈ സമയം മുഴുവനും നിൽക്കുവാൻ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











