കാടിന്‍റെ വന്യതയിലേക്ക് കയറിച്ചെല്ലുന്ന യാത്രകൾ നമുക്കൊക്കെ ഇഷ്ടമാണ്. വേഗം പോയി കണ്ടുവരാതെ ഒരു രാത്രി കാടിനുള്ളിൽ കാട്ടുമൃഗങ്ങളുടെ സാന്നിധ്യത്തിൽ ചെലവഴിച്ച് പുത്തനുണർവ് നല്കുന്ന ഒരു യാത്രയാണെങ്കിലോ.. കാടിന്‍റെ വന്യത നിറഞ്ഞ കാഴ്ചകൾക്കു നടുവിൽ ഒരു രാത്രി ചെലവഴിക്കുവാൻ അവസരം ഒരുക്കുകയാണ് തെന്മല ഇക്കോ ടൂറിസം സെന്‍റർ.
കാടിനുള്ളിലെ ക്യാംപിങ് എന്നു പറഞ്ഞാൽ സംഗതി ചെറുതല്ല... മറ്റൊരിടത്തും കിട്ടാത്ത കിടിലന് എക്സ്പീരിയൻസ് സഞ്ചാരികൾക്ക് ഉറപ്പു തരുന്ന ഒരു ക്യാംപിങ് ആയിരിക്കുമിത്. തെന്മല ഇക്കോ ടൂറിസം സെന്‍ററിന്‍റെ അഡ്വഞ്ചർ സോണിലെ കുളത്തിനോട് ചേർന്നാണ് ഇവിടെ ക്യാംപിങ് സൈറ്റ് ഒരുക്കിയിട്ടുള്ളത്.

കാടിനകത്ത് ഒരു രാത്രി ചെലവഴിക്കുമ്പോൾ കിട്ടുന്ന അനുഭവങ്ങൾ എന്തെന്നറിയാൻ താല്പര്യമുള്ളവരെ സംബന്ധിച്ചെടുത്തോളം ഏറ്റവും മികച്ച അവസരങ്ങളിലൊന്നാണിത്. നിങ്ങളുടെ ജോലിക്ക് തടസ്സം വരാതെ, താമസിക്കുന്ന സമയത്തെ ഭക്ഷണവും ഇവിടെ പാക്കേജിന്‍റെ ഭാഗമായി നല്കും.
ഇനി എന്നും രാവിലെ വ്യായാമം ചെയ്യുന്നവരാണെങ്കിൽ അതും ഇവിടെ മുടങ്ങില്ല. ട്രെഡ് മില്ലും സൈക്കിളും ഒന്നും ഇവിടെ കിട്ടില്ലെങ്കിലും നിങ്ങളുടെ കായികക്ഷമത അളക്കാൻ പറ്റിയ കുളളത്തിലെ പെഡല്‍ ബോട്ടിങ്ങും ഏരിയല്‍ സ്‌കേറ്റിങ് എലിവേറ്റഡ് വാക് വേയിലൂടെയുള്ള നടത്തവും ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇനി വ്യായാമം ചെയ്യുന്നവരല്ലെങ്കിലും ഇവിടെ എലവേറ്റഡ് വാക്ക്വേയിലൂടെയുള്ള നടത്തം മുടക്കേണ്ട.
ഒരു രാത്രി എട്ടു പേർക്ക് തങ്ങാവുന്ന വിധത്തിലാണ് ഇവിടെ സൗകര്യമുള്ളത്. രണ്ട് പേർക്ക് ഒരു ടെന്‍റിൽ താമസിക്കാം, അങ്ങനെ ആകെ നാല് ടെന്‍റുകളാണ് ഇവിടെയുള്ളത്. ഒരു രാത്രി മാത്രം തങ്ങുന്ന വിധത്തിലുള്ള പാക്കേജാണ് ഇവിടെയുള്ളത്. അതിനാൽ പകൽ സമയമില്ലാത്തവര്‍ക്കും ജീവിതതിലെ ഒരു രാത്രി വളരെ വ്യത്യസ്തമായി ആഘോഷിക്കാൻ താല്പര്യമുള്ളവർക്കും ഇവിടേക്ക് വരാം. കാടിനുള്ളിലെ ടെന്‍റിൽ ഒരു രാത്രി കിടക്കണമെനന് ആഗ്രഹം കുറഞ്ഞ ചെലവിൽ സഫലമാക്കാനും ഇത് തന്നെയാണ് നല്ലത്.
വൈകുന്നേരം 5:30 ന് ചെക്ക് ഇൻ ചെയ്ത് രാവിലെ 8.30 ന് ചെക്ക് ഔട്ട് ആകുന്ന രീതിയിലാണ് പാക്കേജ്. രണ്ടുപേര്‍ക്ക് താത്കാലിക ടെന്റില്‍ ഒരുരാത്രി തങ്ങുന്നതിന് 2,500 രൂപയാണ്. കാടിനുള്ളില്‍ ഫോണിന് റേഞ്ച് കിട്ടുവോ, ചാർജ് ചെയ്യാന്‍ പറ്റുമോ തുടങ്ങിയ ആശങ്കകളും ഇവിടെ വേണ്ട. ടെന്‍റിനുള്ളിൽ മൊബൈൽ ഫോൺ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.
ഇനി രാത്രി കുറച്ചുകൂടി ആഘോഷമാക്കാൻ നമ്മൾ സ്ഥിരം ചെയ്യുന്ന ക്യാംപിങ്ങും ഗ്രില്ലും ഇവിടെയുണ്ട്. പാക്കേജിന്‍റെ തുകയ്ക്കു പുറമേ പ്രത്യേകം ഓർഡർ ചെയ്താൽ ഇവ ലഭിക്കും. ചെറിയ സംഘം കൂട്ടുകാർക്കൊപ്പം സുരക്ഷിതമായി ഒരു രാത്രി ആഘോഷിക്കാൻ പറ്റിയ പാക്കേജ് ആണിത്. രാത്രി ഉറങ്ങുവാൻ കൂടാതെ അണുവിമുക്തമാക്കിയ സ്ലീപ്പിങ് ബാഗും നല്‍കും.
തെന്മല ഇക്കോ ടൂറിസം
കേരളത്തിലെ ഏറ്റവും പേരുകേട്ട ഇക്കോ ടൂറിസം പദ്ധതികളിൽ ഒന്നാണ്
തെന്മല ഇക്കോ ടൂറിസം. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം എന്നീ മൂന്നു ജില്ലകളിലായി പരന്നുകിടക്കുന്ന മലനിരകളാണ് തെന്മല പദ്ധതിയുടെ ഭാഗമായുള്ളത്. ലെഷർ സോൺ, കൾച്ചറൽ സോൺ, അഡ്വഞ്ചർ സോൺ എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ചാണ് ഇവിടുത്തെ പരിപാടികൾ.
കൾച്ചറൽ സോണിൽ ശലഭ ഉദ്യാനം, നക്ഷത്രവനം, മാൻ പുനരധിവാസ കേന്ദ്രം എന്നിവയും ലെഷർ സോണിൽ ശിൽപോദ്യാനം, പരപ്പാർ അണക്കെട്ട്, പരപ്പാർ തടാകത്തിലൂടെ ബോട്ടിങ്, സംഗീത ജലധാര എന്നിവയും സഅഡ്വഞ്ചർ സോണിൽ ഇലവേറ്റഡ് വാക്ക്‌വേ,മൗണ്ടൻ ബൈക്കിങ്ങ്
മലകയറ്റം, റിവർ ക്രോസിങ്ങ്,നേച്ചർ ട്രയിൻസ്, താമരക്കുളം, അമ്പെയ്ത്ത്,
റോപ്പിങ്ങ്,തൂക്കുപാലം,
നെറ്റ് വാക്കിങ്ങ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
തെന്മല ഇക്കോ ടൂറിസം സെന്‍ററിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കും പാക്കേജുകൾ അറിയുന്നതിനും ഇന്‍ഫര്‍മേഷന്‍ ഡെസ്കുമായി ബന്ധപ്പെടാം. ഫോൺ നമ്പർ- + 91 475 2344800
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













