കുന്നുകളുടെയും മലകളുടെയും ഹൃദയം നിറയ്ക്കുന്ന കാഴ്ച മാത്രമല്ല, കുതിച്ചൊഴുകുന്ന നദികളുടെയും ഹൃദയത്തില്‍ സമ്പന്നരായ ഗ്രാമീണരുടെയും തിരക്കില്ലാത്ത ആളുകളുടെയും കൂടിയ നാടാണ് ഹിമാചല്‍ പ്രദേശും ഇവിടുത്തെ ഗ്രാമങ്ങളും. ഒന്നോ രണ്ടോ ദിവസം ഇവിടുത്തെ ഗ്രാമങ്ങളില്‍ ജീവിച്ചാല്‍ മാത്രമേ ഹിമാചല്‍ പ്രദേശിന്‍റെ തനത് കാഴ്ചകള്‍ കാണുവാനും ജീവിത രീതികള്‍ പഠിക്കുവാനും സാധിക്കുകയുള്ളൂ. അതിനായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്ന് വില്ലേജ് ട്രക്കിങ്ങ് ആണ്. ഒരിക്കലും ജീവിതത്തില്‍ കാണില്ലെന്ന കരുതിയിരുന്ന കാഴ്ചകള്‍ കണ്ട് അനുഭവങ്ങള്‍ സ്വരൂക്കൂട്ടി നടത്തുന്ന ഹിമാചല്‍ വില്ലേജ് ട്രക്കുകള്‍ ഒരിക്കലും മറക്കാത്ത അനുഭവങ്ങളായിരിക്കും സമ്മാനിക്കുക.
തോഷ്
വളരെ അലസമായി ഒഴിവു ദിവസങ്ങള്‍ ചിലവഴിക്കുവാനും കയ്യില്‍ ഒരു ക്യാമറയുമായി ചുറ്റുമുള്ള കാഴ്ചകള്‍ പകര്‍ത്തുവാനും ഒക്കെയാണ് ആഗ്രഹമെങ്കില്‍ ഏറ്റവും മികച്ച ഇടങ്ങളാണ് തോഷ്. ഗ്രാമീണരുമായി വര്‍ത്തമാനം പറഞ്ഞും അവരുടെ കയ്യില്‍ നിന്നും ചായ വാങ്ങിക്കുടിച്ചും ഷോള്‍ നിര്‍മ്മിക്കുന്നവരുടെ അടുത്തിരുന്ന് കണ്ടും സമയം ചിലവഴിക്കുവാന്‍ തോഷ് തിരഞ്ഞെടുക്കാം. സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും മുന്‍പെങ്ങുമില്ലാത്ത ശാന്തതയോടെ കാണുവാനും അല്ലലും അലച്ചിലുമില്ലാതെ കുറച്ചു ദിവസങ്ങള്‍ ചിലവഴിക്കുവാനും എല്ലാം തോഷ് സഹായിക്കും.
നടന്ന് കാണാം
ഹിമാചല്‍ പ്രദേശ് യാത്ര ബക്കറ്റ് ലിസ്റ്റില്‍ ഉള്ളവരെല്ലാം കണ്ടിരിക്കേണ്ട ഇടമാണ് തോഷ്. നടന്നു കാണുവാനും അറിയുവാനുമാണ് ഇവിടെ സൗകര്യങ്ങളുള്ളത്. ഇവിടുത്തെ ആളുകളുടെ തന്നെ ഹോം സ്റ്റേകളില്‍ താമസിച്ചും അവരുടെ ജീവിത രീതികളും ആഹാര രീതികളുമൊക്കെ നേരിട്ട് അറിയുവാനും ഇവിടെ സാധ്യതകളുണ്ട്.
എത്തിച്ചേരുവാന്‍
മണാലിയില്‍ നിന്നും ബര്‍ഷൈനിയിലെത്തിയിട്ടാണ് തോഷിലേക്ക് പോകേണ്ടത്. ഇവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരം ട്രക്ക് ചെയ്തുവേണം എത്തുവാന്‍. 45-മുതല്‍ 60 മിനിട്ട് വരെ സമയമെടുത്തും ഈ മൂന്ന് കിലോമീറ്റര്‍ ദൂരം നടന്നു തീര്‍ക്കുവാന്‍. ടാക്സികളും ലഭ്യമാണ്.
മലാന
മലാനയില്‍ ഈ കാര്യങ്ങള്‍ അരുത്
പുറമേ നിന്നെത്തുന്നവരോട് അധികം അടുക്കാത്തവരാണ് ഇവിടുത്തുകാര്‍. അതുകൊണ്ട് തന്നെ ഇവിടെ പോകുമ്പോള്‍ ചെയ്യരുതാത്ത കാര്യങ്ങള്‍ കുറച്ചധികമുണ്ട്.
ഇവിടുത്തെ ആളുകളുടെ സാധനങ്ങളില്‍ തൊടാനേ പാടില്ല. വീഡിയോ എടുക്കുന്നതിലും മലാനയിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിലും സഞ്ചാരികള്‍ക്ക് വിലക്കുണ്ട്.
കസോള്‍
പാര്‍വ്വതി നദിയുടെ തീരത്ത് സുഖിച്ച്, ആസ്വദിക്കുവാന്‍ പറ്റിയ അവധിക്കാലമാണ് കസോള്‍ സഞ്ചാരികള്‍ക്ക് നല്കുന്നത്. നദിതീരത്തെ കഫേകളും റിവര്‍ സൈഡ് ക്യാംപിങ്ങും എല്ലാമായി ജീവിതത്തില്‍ ഒരിക്കലും മറക്കുവാന്‍ പറ്റാത്ത അനുഭവങ്ങള്‍ നല്കുന്ന യാത്രയായിരിക്കും കസോളിലേക്ക് ഉള്ളത് എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. കുറഞ്ഞ ചിലവിലുള്ള താമസ സൗകര്യങ്ങളും ഇവിടെ ലഭിക്കും. ഹിപ്പി മോഡല്‍ യാത്രികരാണ് ഇവിടെയുള്ളവരില്‍ അധികവും. ഇസ്രായേലി സഞ്ചാരികളും ഇവിടെ ധാരാളമായി എത്താറുണ്ട്.
ട്രക്കിങ്ങുകളുടെ തുടക്കം
ഹിമാചല്‍ പ്രദേശിലെ പ്രസിദ്ധങ്ങളായ ഒട്ടുമിക്ക ട്രക്കിങ്ങുകളുടെയും തുടക്ക കേന്ദ്രം കസോള്‍ ആണ്. ഖീര്‍ഗംഗ, പിന്‍പാര്‍വ്വതി പാസ്, യാന്ഡകര്‍ പാസ്, സര്‍ പാസ്, തുടങ്ങിയ യാത്രകളെല്ലാം തുടങ്ങുന്നത് ഇവിടെ നിന്നുമാണ്. കുറഞ്ഞത് രണ്ടു മൂന്നു ദിവസമെങ്കിലും താമസിച്ചാല്‍ മാത്രമേ ഈ പ്രദേശം പൂര്‍ണ്ണമായും ആസ്വദിക്കുവാനാവൂ.
യാത്രയില്‍ ശ്രദ്ധിക്കുവാന്‍
കസോള്‍ യാത്ര കസോള്‍ മാത്രമായി ഒതുക്കരുത്. സമീപ സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കുവാന്‍ ശ്രദ്ധിക്കുക.
പാര്‍വ്വതി വാലി
ഓരോ കോണിലും ഓരോ കാഴ്ചകൾ ഒളിഞ്ഞിരിക്കുന്ന ഇവിടം ഒറ്റക്കാഴ്ചയിൽ തന്നെ സഞ്ചാരികളുടെ ഹൃദയത്തിലേക്ക് ഇടിച്ചു കയറും എന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട
ഖീര്‍ഗംഗ
തോഷില്‍ നിന്നും 14 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഖീര്‍ഗംഗയാണ് ട്രക്കിങ്ങിനു പറ്റിയ മറ്റൊരിടം. ഹിമാലയ രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഇടം എന്നാണ് ഖീര്‍ഗംഗയെ വിശേഷിപ്പിക്കുന്നത്. വെള്ളച്ചാട്ടങ്ങള്‍, പാലങ്ങള്‍, വ്യൂ പോയിന്‍റുകള്‍ തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.ജീവനുള്ളിടത്തോളം കാലം ഓര്‍മ്മിക്കുവാന്‍ വേണ്ട ഓര്‍മ്മകളാണ് ഖീര്‍ഗംഗ സഞ്ചാരികള്‍ക്ക് നല്കുന്നത്. ഹിമാചൽ പ്രദേശിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നും അതേസമയം അധികം സഞ്ചാരികൾ എത്തിച്ചേരാത്തതുമായ ഇടങ്ങളിലൊന്നാണ് ഖീർ ഗംഗ. പാർവ്വതി വാലിയോട് ചേർന്ന് കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ അതിസാഹസികർ മാത്രമാണ് എത്തിച്ചേരുന്നത്.



Click it and Unblock the Notifications














