യാത്രയില്‍ നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകള്‍ തിരിച്ചറിയുക
കുട്ടികളുമായി യാത്ര പോകുമ്പോള്‍ നിരവധി പ്രതിസന്ധികള്‍ തരണം ചെയ്തുവേണം പോകുവാന്‍ എന്നത് നമുക്കറിയാം. അതില്‍ മിക്കവയും നമുക്ക് മുന്‍കൂട്ടി പ്രതീക്ഷിക്കാവുന്നതു തന്നെയാണ്, ബാത്റൂം ബ്രേക്കുകള്‍, ഭക്ഷണത്തിനായുള്ള ഇടയ്ക്കിടെയുള്ള ഇടവേളകള്‍, അവരുടെ ബഹളങ്ങള്‍, പിടിവാശികള്‍ എന്നിങ്ങനെ കുട്ടികള്‍ക്കൊപ്പമുള്ള ഏത് യാത്രയിലും സംഭവിക്കുന്ന കാര്യങ്ങള്‍ നേരിടുവാന്‍ നാം സന്നദ്ധരായിരിക്കണം. ഇക്കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നടക്കാവുന്നതാണ് എന്നു മനസ്സിലാക്കി മാനസികമായി ഒരുങ്ങുക. വാശിപിടിച്ച് കുട്ടികള്‍ കരയുമ്പോള്‍ അവരോട് ദേഷ്യം കാണിക്കാതെ പരമാവധി ശാന്തരായി പെരുമാറുക. ശാന്തതയോടെ തന്നെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കുവാന്‍ സാധിക്കുന്ന പ്രായത്തിലുള്ളവരാണെങ്കില്‍ അതിനനുസരിച്ച് പെരുമാറാം.
യാത്രയ്ക്കിടയില്‍ ചെറിയ കുട്ടികളെ കാലാവസ്ഥാമാറ്റം പെട്ടന്നു ബാധിക്കാറുണ്ട്, യാത്രകള്‍ ചിലപ്പോള്‍ പാതിവഴിയില്‍ നിര്‍ത്തി മടങ്ങേണ്ടതായി വരുന്ന സാഹചര്യങ്ങള്‍ പോലും യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ഓര്‍മിക്കാം.
സ്മാര്‍ട് ആയി പാക്ക് ചെയ്യാം...
കുട്ടികളുമൊത്തുള്ള യാത്രയിലെ മറ്റൊരു പ്രതിസന്ധി ബാഗ് പാക്കിങ് തന്നയാണ്. ഇവിടുത്തെ വില്ലന്‍ ഓവര്‍ പാക്കിങ് ആയിരിക്കും. യാത്രയില്‍ എപ്പോഴെങ്കിലും ആവശ്യമായി വന്നെങ്കിലോ എന്നു കരുതി അനാവശ്യമായി ഒട്ടേറെ സാധനങ്ങള്‍ നമ്മള്‍ പാക്ക് ചെയ്യുവാന്‍ സാധ്യതയുണ്ട്. അത്യാവശ്യം വേണ്ട സാധനങ്ങള്‍ മറന്നുപോകുന്നതാണ് പാക്കിങ്ങിലെ മറ്റൊരു പ്രശ്നം. കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം, ഡയപ്പറുകള്‍, മരുന്നുകള്‍, മില്‍ക്ക് ബോട്ടില്‍ തുടങ്ങിയ സാധനങ്ങള്‍ മറക്കാതെ പാക്ക് ചെയ്യുക. വസ്ത്രങ്ങള്‍ എടുക്കുമ്പോള്‍ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കുവാന്‍ പറ്റിയവ എടുക്കാ. മൂന്നോ നാലോ ജോഡി വസ്ത്രങ്ങള്‍ എടുക്കുവാന്‍ വിട്ടുപോകരുത്.
കിഴിവുകള്‍ ചോദിച്ചുവാങ്ങാം
യാത്രകളില്‍ കുട്ടികള്‍ക്ക് പല ഇളവുകളും ലഭിക്കുവാന്‍ സാധ്യതകളുണ്ട്. യാത്രകളിലെ ടിക്കറ്റ് നിരക്ക് മുതല്‍ പാര്‍ക്കിലെയും റസ്റ്റോറന്‍റിലെയും ഡിസ്കൗണ്ടുകള്‍ വരെ പരമാവധി പ്രയോജനപ്പെടുത്താം. പലരും കുട്ടികള്‍ക്കുള്ള കിഴിവുകള്‍ ചോദിക്കുവാന്‍ മടിക്കുമെങ്കിലും ഇവ ഒരു ശതമാനം ചിലവ് നിങ്ങള്‍ക്ക് കുറച്ചുതരും.
ഫ്ലൈറ്റുകളും ബസുകളും ട്രെയിനുകളും ഉൾപ്പെടെയുള്ള ഗതാഗതത്തിൽ കിഴിവ്, എൻട്രി ടിക്കറ്റുകൾ, ഗെയിം സോണുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവയിൽ കിഴിവ്,
യാത്രാ ടൂറുകളിൽ കിഴിവ്, തുടങ്ങിയവ പ്രയോജനപ്പെടുത്താം.
കുട്ടികള്‍ക്കു മാത്രം പോരാ ...
കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള യാത്രകളില്‍ അവരെ നോക്കി തളര്‍ന്നു പോകുന്ന മാതാപിതാക്കളെ നമുക്കു കാണാം. രാവിലെ മുതല്‍ അവരുടെ പിന്നാലെ നടന്ന് ക്ഷീണിക്കുന്ന മാതാപിതാക്കള്‍ അവരുടെ സന്തോഷങ്ങള്‍ക്കായി കുറച്ചു സമയം കണ്ടെത്തണം. അല്ലാത്തപക്ഷം, പിറ്റേദിവസം അതേ ക്ഷീണത്തോടെ വേണം പുതിയ ദിവസം തുടങ്ങുവാന്‍. നിങ്ങൾ അർഹിക്കുന്ന ബഹുമാനത്തോടും സമയത്തോടും കൂടി സ്വയം പെരുമാറാൻ ശ്രമിക്കുക. നിങ്ങൾ കുറച്ച് 'മീ ടൈം' കിട്ടുന്ന തരത്തില്‍ വേണം യാത്രകള്‍ പ്ലാന്‍ ചെയ്യുവാന്‍.
മുന്‍കൂട്ടി പ്ലാന്‍ ചെയ്യാം
കുട്ടികള്‍ക്കൊപ്പമുള്ള യാത്രകള്‍ എല്ലാ തരത്തിലും മുതിര്‍ന്ന ആളുകള്‍ക്കൊപ്പമുള്ള യാത്രകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. സാധാരണ യാത്രകളില്‍ ചെയ്യുന്നതുപോലെ പെട്ടന്ന് റൂട്ട് മാറ്റുവാനോ യാത്രാ ലക്ഷ്യം മാറ്റുവാനോ എപ്പോഴെങ്കിലും റൂം എടുക്കുവാനോ തോന്നുന്ന സമയത്ത് ഭക്ഷണം കഴിക്കുവാനോ ഒന്നും സാധിക്കില്ല. പകരം കൃത്യമായി പ്ലാന്‍ ചെയ്തു വണം പോകുവാന്‍. പ്ലാന്‍ ചെയ്യുന്നതില്‍ പകുതി കാര്യങ്ങള്‍ പോലും നടക്കുവാന്‍ ഈ യാത്രകള്‍ സമ്മതിക്കില്ലെങ്കില്‍ പോലും യാത്രകള്‍ എങ്ങനെ നടത്തണമെന്ന് ഒരു ഊഹം മാതാപിതാക്കള്‍ക്കുണ്ടായിരിക്കണം,
മുഴുവൻ കുടുംബവും ഇഷ്ടപ്പെടുന്ന അവധിക്കാല സ്ഥലങ്ങളും പ്രവർത്തനങ്ങളും തിരഞ്ഞെടുക്കുക. നിങ്ങൾ എവിടേക്കാണ് പോകുന്നതെന്നും നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിലും മുതിര്‍ന്ന കുട്ടികളുടെ അഭിപ്രായം സ്വീകരിക്കുവാന്‍ ശ്രദ്ധിക്കണം.