സൂഖ് വാഖിഫ് കാണാം
സമ്പന്നമായ ചരിത്രമുള്ള ഖത്തറിൽ ഏറ്റവും ആദ്യം കാണേണ്ട സ്ഥലങ്ങളിലൊന്ന് ദോഹയിലുള്ള സൂഖ് വാഖിഫ് ആണ്. ഖത്തറിനെ ഏറ്റവും മികച്ച രീതിയിൽ, കലർപ്പില്ലാതെ കാണുവാൻ സാധിക്കുന്ന ഒരു പരമ്പരാഗത മാർക്കറ്റ് ആണിത്. ഇവിടുത്തെ പരമ്പരാഗത വിപണിയായ ഇത് ഇന്നു കാണുന്ന രൂപത്തിലേക്ക് 2000 ൽ ആണ് മാറിയത്. 2000-കളുടെ തുടക്കത്തിൽ ഒരു തീപിടുത്തത്തിന് ശേഷം ഈ കാണുന്ന രൂപത്തിലേക്ക് മാറ്റിയെടുക്കുകയായിരുന്നു. ഇവിടുത്തെ പ്രദേശവാസികൾ തങ്ങളുടെ സാധനങ്ങള്‍ക്കും സുഗന്ധദ്രവ്യങ്ങൾക്കുമെല്ലാം വിപണി കണ്ടെത്തുന്നത് ഇവിടെയാണ്. ഖത്തറിന്റെ ദേശീയ പക്ഷിയായ ഫാൽക്കണിനെ കാണുവാനും വിൽക്കുവാനുമെല്ലാം ആളുകൾ ഈ മാര്‍ക്കറ്റിനെ ആശ്രയിക്കുന്നു. വിദേശികളും സ്വദേശികളും ഒരു പോലെ സന്ദർശിക്കുന്ന ഇവിടം മികച്ച ഒരു ഫൂഡ് ജോയിന്‍റ് കൂടിയാണ്.
PC: Asim Z Kodappana/Unsplash
ബനാനാ ദ്വീപിലേക്ക് പോകാം
നിങ്ങളുടെ ഖത്തർ യാത്രയിൽ ചെയ്യുവാൻ പറ്റിയ മറ്റൊരു മികച്ച കാര്യമാണ് ബനാനാ ദ്വീപിലേക്കുള്ള യാത്ര. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ദ്വീപ് ദോഹയുടെ ഡൗൺ ടൗൺ ഏരിയയിൽ നിന്ന് 25 മിനിറ്റ് ദൂരത്തിലാണുള്ളത്. ഒരു ദിവസത്തെ യാത്രയ്ക്ക് പറ്റിയ ലക്ഷ്യസ്ഥാനമാണിത്. വേണമെങ്കിൽ ഒരു പകൽ ചിലവഴിച്ച് മടങ്ങുന്ന വിധത്തിലോ റിസോർട്ടിൽ ഒരു ദിവസം മുഴുവൻ താമസിച്ച് ചിലവഴിക്കുന്ന രീതിയിലോ ഇവിടേക്ക് പോകാം. നിരവധി ആക്റ്റിവിറ്റികൾക്ക് ഇവിടെ അവസരമുണ്ട്. സ്വകാര്യ മറീന, പാറകൾ, വാട്ടർ സ്കീയിംഗ്, ബനാന ബോട്ടിംഗ്, എന്നിവയും ഒപ്പം തന്നെ വെള്ളത്തിനടിയിൽ വാട്ടർ സൈക്ലിംഗ് വരെ ചെയ്യാം.
PC:ACCS2020
മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്
ഖത്തറിൽ തീര്‍ച്ചയായും കണ്ടിരിക്കേണ്ട മറ്റൊരു കാര്യമാണ് രാജ്യത്തിന്‍റെ തന്നെ അഭിമാനം എന്നു വിളിക്കപ്പെടുന്ന മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്. . ദോഹയിലെ കോര്‍ണിഷിന്റെ അറ്റത്തായി ധോ തുറമുഖത്തിനടുത്തുള്ള ഒരു കൃത്രിമ പ്രൊജക്റ്റിംഗ് ഉപദ്വീപിലെ ഒരു ദ്വീപിലാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണത്തിലെ മാത്രം പ്രത്യേകതയല്ല ഇതിനുള്ളത്. മറിച്ച് ഇതിനുള്ലിലെ ശേഖരങ്ങൾക്കും വലിയ പ്രാധാന്യവും പ്രസക്തിയുമുണ്ട്. ലോകത്തിലെ ഏറ്റവും സമഗ്രമായ ഇസ്ലാമിക കലയുടെ ശേഖരങ്ങളിലൊന്നാണ് മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്. പുരാതന കയ്യെഴുത്തുപ്രതികൾ, മൺപാത്രങ്ങൾ, ആഭരണങ്ങൾ , പരവതാനികൾ വരെ, ആഭരണങ്ങൾ, ആയുധങ്ങൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
PC:Mohamod Fasil
അൽ താക്കിറ കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള കയാക്കിങ്
പ്രകൃതിയോടിടങ്ങി ഖത്തറിൽ ചെയ്യുവാൻ പറ്റിയ മികച്ച കാര്യങ്ങളിലൊന്നാണ് അൽ താക്കിറയിലെ കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള കയാക്കിങ്. അൽ ഖോർ നഗരത്തിൽ നിന്ന് ഏകദേശം അഞ്ച് മൈൽ (8 കിലോമീറ്റർ) മാത്രം ദൂരത്തിലാണ് ഇവിടമുള്ളത് എന്നതിനാൽ ഒരു ദിവസം ഇവിടേക്ക് വരാം. എന്നാൽ സാധരാണ വണ്ടികൾ എത്തിച്ചേരുന്ന സ്ഥലത്തു നിന്നും കണ്ടൽക്കാടുകൾ നിൽക്കുന്ന സ്ഥലത്തേക്ക് വരുവാൻ നാലു കിലോമീറ്റർ ഓഫ് റോഡ് റൈഡ് ആവശ്യമാണ്. ഇത് രാജ്യത്തെ ഏറ്റവും വലുതും പഴക്കമുള്ളതുമായ കണ്ടൽക്കാടുകളിൽ ഒന്നാണ്. കയാക്കിങ് മാത്രമല്ല, ദേശാടന പക്ഷികളെ കാണുവാനും ഇവിടെ സാധിക്കും.
PC:Alex Sergeev
കത്താറ കൾച്ചറൽ വില്ലേജ്
ഖത്തറിന്റെ രീതികളും സംസ്കാരവും ഒക്കെ ഏറ്റവും അടുത്ത് മനസ്സിലാക്കുവാൻ പറ്റിയ സ്ഥലമാണ് കത്താറ കൾച്ചറൽ വില്ലേജ്. ഇവിടെ ഒരിക്കൽ വന്നാൽ വീണ്ടും വീണ്ടും വരുവാനും ഇതിന്റെ രസത്തിൽ എത്ര സമയം വേണമെങ്കിലും ചിലവഴിക്കുവാനും നമ്മെ തോന്നിപ്പിക്കുന്ന സ്ഥലമാണിത്. തെരുവ് കലകൾ, ടൈൽ വിരിച്ച മനോഹരമായ പള്ളികൾ, ഭീമാകാരമായ ആംഫി തിയേറ്റർ എന്നിങ്ങനെ സമയം ചിലവഴിക്കുവാൻ നിരവധി ഉപാധികൾ ഇവിടെയുണ്ട്.
PC:Paul Trafford
ഭക്ഷണം മറക്കേണ്ട
ലോകത്തിലെ എല്ലാ രാജ്യത്തുനിന്നുമുള്ളവർ വസിക്കുന്ന ഖത്തറിന്റെ രുചിവൈവിധ്യം വിശാലമാണ്. ലോകത്തിൻറെ എല്ലാ ഭാഗത്തും നിന്നുള്ള ഭക്ഷണങ്ങൾ ഇവിടെ ലഭിക്കും. ഫൈൻ ഡൈനിംഗ് മുതൽ സ്ട്രീറ്റ് ഫുഡ് വാനുകളും ചെറിയ ജ്യൂസ് സ്റ്റാളുകളും വരെ നിങ്ങളുടെ ബജറ്റിനും താല്പര്യത്തിനുമനുസരിച്ച് ഇവിടെ തിരഞ്ഞടുക്കാം.
PC: Rowen Smith/unsplash
സാൻഡ് ഡ്യൂൺ ബാഷിംഗ്
മരുഭൂമിയിൽ ചെയ്യുവാന്‍ സാൻഡ് ഡ്യൂൺ ബാഷിംഗിനോളം മികച്ച മറ്റൊരു കാര്യമില്ല. സൂര്യാസ്തമയ സമയത്ത് ഖോർ അൽ അദൈദിൽ ഡ്യൂൺ ബാഷിങ്ങിനായി വരാം. ആഴ്ചാവസാനങ്ങളും വൈകുന്നേരങ്ങളും ഇതിലും മനോഹരമായി ചിലവഴിക്കുവാൻ പറ്റിയ മറ്റൊരു ആക്റ്റിവിറ്റിയില്ല എന്നതാണ് യാഥാർത്ഥ്യം. മരുഭൂമി കടലുമായി ചേരുന്ന ലോകത്തിലെ ഒരേയൊരു സ്ഥലമായ അൽ-അദായിദില്‍ സാൻഡ് ഡ്യൂൺ ബാഷിംഗ് ചെയ്യുന്നത് മറ്റൊരു അനുഭവമായിരിക്കും.
PC: Visit Qatar/unsplash