വന്ദേ ഭാരത് എക്സ്പ്രസിൽ സീറ്റ് കിട്ടുക എന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ച് തിരക്കുള്ള റൂട്ടുകളിലാണ് യാത്രയെങ്കിൽ ടിക്കറ്റിന്‍റെ കാര്യം ആലോചിക്കുക പോലും വേണ്ട.വന്ദേ ഭാരതിൽ സീറ്റ് കിട്ടണമെങ്കിൽ അത്രയും മുൻകൂട്ടി ബുക്ക് ചെയ്യുകയാണ് ഒരു വഴി. എന്നാൽ ചില റൂട്ടുകളിൽ ആളുകൾ കുറവായ കാരണം ഉള്ള വന്ദേ ഭാരതിന്‍റെ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്ന ഒരു രീതിയും ഉണ്ട്. ഇപ്പോഴിതാ, രാജ്യത്തെ വന്ദേ ഭാരത് സർവീസുകളിൽ ഒന്നിന് അധിക കോച്ചുകൾ നല്കാൻ തീരുമാനിച്ചിരിക്കുകയാണ് റെയിൽവേ.
വരുന്ന സീസണിൽ അധിക ആളുകള്‍ യാത്ര ചെയ്യാനുള്ള സാധ്യത മുൻനിർത്തിയാണ് റെയിൽവേ ഈ റൂട്ടിലെ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ കോച്ചുകളുടെ എണ്ണം കൂട്ടിയിരിക്കുന്നത്. ഡെറാഡൂണിനും ലക്നൗവിനും ഇടയിൽ സർവീസ് നടത്തുന്ന ഡെറാഡൂൺ- ലക്നൗ വന്ദേ ഭാരതിനാണ് ഇന്ത്യൻ റെയിൽവേ കോച്ചുകൾ വർധിപ്പിക്കുക. 2025 ലെ പ്രധാന ആത്മീയ സമ്മേളനങ്ങളിലൊന്നായ മഹാകുംഭമേള നടക്കുന്ന പശ്ചാത്തലത്തിലാണിത്.
ലോകത്തിലെ ഏറ്റവും വലിയ മതപരമായ ഒത്തുചേരൽ ആയ മഹാകുംഭമേള പ്രയാഗരാജിലാണ് നടക്കുന്നത്. സഞ്ചാരികളും സന്ദർശകരും തീർത്ഥാടകരും ഉൾപ്പെടെ ലക്ഷക്കണക്കിനാളുകളാണ് ഈ ദിവസങ്ങളിൽ ഹരിദ്വാർ ഉൾപ്പെടെയുള്ള ഹൈന്ദവ പുണ്യസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ഈ സമയത്തെ തിരക്ക് നിയന്ത്രിക്കുവാനും യാത്രക്കാർക്ക് കൂടുതൽ എളുപ്പത്തിൽ, കുറഞ്ഞ സമയത്തിൽ യാത്രകൾ നടത്തുവാനും ഡെറാഡൂൺ- ലക്നൗ വന്ദേ ഭാരത് സർവീസ് ഉപയോഗപ്പെടുത്താം.
നിലവിൽ ഡെറാഡൂൺ- ലക്നൗ വന്ദേ ഭാരതിന് എട്ടു കോച്ചുകളാണുള്ളത്. ഡിസംബർ അവസാനത്തോടെയോ അല്ലെങ്കിൽ ജനുവരിയിലോ അധിക കോച്ചുകൾ ഇതില് ഘടിപ്പിക്കും. അതോടെ ചെയർ കാറിലും എക്സിക്യൂട്ടിവ് ചെയറിലും കൂടുതൽ ആളുകൾക്ക് യാത്ര ചെയ്യുവാനുള്ള സൗകര്യം ലഭിക്കും. ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പൂർത്തിയായാൽ ഈ വന്ദേ ഭാരത് പത്ത് കോച്ചുകളോടെ ഓടും.
കോച്ചുകൾ വർധിപ്പിച്ചാൽ ആളുകൾക്ക് ഈ വന്ദേഭാരതിന് ടിക്കറ്റ് ലഭിക്കുന്നതും എളുപ്പമാകും. കൂടുതൽ സീറ്റുകൾ വരുന്നതോടെ കൺഫോം ടിക്കറ്റുകൾ കിട്ടാനും ബുദ്ധിമുട്ടുണ്ടാകില്ല. വിദേശികളടക്കം നിരവധി ആളുകളാണ് ഈ സമയത്ത് ഈ റൂട്ടിൽ യാത്ര ചെയ്യുന്നത്. കുംഭമേളയുടെ കാലത്ത് ഗംഗാ സ്നാനം ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങൾക്കായാണ് ആളുകൾ ഹരിദ്വാറിലേക്ക് പോകുന്നത്. മഹാകുംഭമേള പ്രയാഗ്രാജിൽ 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് നടക്കുന്നത്.
ലക്നൗ -ഡെറാഡൂൺ വന്ദേ ഭാരത് (22545)
തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 5.15 ന് ലക്നൗവിൽ നിന്ന് പുറപ്പെടുന്ന ലക്നൗ -ഡെറാഡൂൺ വന്ദേ ഭാരത് (22545) 8 മണിക്കൂർ 20 മിനിറ്റ് യാത്ര ചെയ്ത് ഉച്ചയ്ക്ക് 13:35 ന് ഡെറാഡൂണിൽ എത്തും. എസി ചെയർ കാറിന് 1540 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 2765 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ലക്നൗ - 05:15
ബറേലി - 08:33
മൊറാദാബാദ് - 09:52
ഹരിദ്വാർ - 12:10
ഡെറാഡൂൺ - 13:35 എന്നിങ്ങനെയാണ് സമയം.
ഡെറാഡൂൺ -ലക്നൗ വന്ദേ ഭാരത് (22546)
ഉച്ചകഴിഞ്ഞ് 14:25 ഡെറാഡൂണിൽ നിന്ന് പുറപ്പെടുന്ന ഡെറാഡൂൺ -ലക്നൗ വന്ദേ ഭാരത് (22546) രാത്രി 22:40 ന് ലക്നൗ വിൽ എത്തും. എസി ചെയർ കാറിന് 1480 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 2715 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ഡെറാഡൂൺ - 14:25
ഹരിദ്വാർ - 15:26
മൊറാദാബാദ് -17:40
ബറേലി - 19:03
ലക്നൗ - 22:40 എന്നിങ്ങനെയാണ് സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















