കർണ്ണാടകയിൽ ഏറ്റവും കാത്തിരിക്കുന്ന വന്ദേ ഭരത് സർവീസുകളിലൊന്നാണ് ബെംഗളൂരു- ബെലഗാവി വന്ദേ ഭാരത്. പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയിട്ടും ഒരു വർഷത്തിനു മേലേ കാത്തിരിക്കേണ്ടി വന്നു തങ്ങളുടെ നാട്ടിലേക്ക് വന്ദേ ഭാരത് എത്തുന്നുവെന്ന വാർത്ത കേൾക്കാൻ. അതിനു ശേഷവും എന്ന് വരും എന്നുള്ള കാത്തിരിപ്പിലാണ് ബെലഗാവി നിവാസികൾ. ഏതായാലും ഇനി അധികം നോക്കിയിരിക്കേണ്ട എന്നതാണ് റിപ്പോർട്ടുകൾ നല്കുന്ന സൂചനകൾ.
ഏറ്റവും പുതിയ വാർത്തയനുസരിച്ച് ബെംഗളൂരുവിനെയും ബെലഗാവിയെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ഏപ്രിൽ മാസത്തോടെ സർവീസ് ആരംഭിച്ചേക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി, ബെലഗാവി എംപി ജഗദീഷ് ഷെട്ടാർ എന്നിവർ തമ്മിൽ ന്യൂഡൽഹിയിൽ നടന്നകൂടിക്കാഴ്ചയെ തുടർന്നാണ് ഈ റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.

2025 ഏപ്രിൽ ആദ്യ വാരത്തോടെ നിലവിലുള്ള ധാർവാഡ് - ബെംഗളൂരു വന്ദേ ഭാരത് എക്‌സ്‌പ്രസ് ബെലഗാവിയിലേക്ക് നീട്ടുകയാണ് ചെയ്യുന്നത്. ബെലഗാവി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന്റെ പ്രവർത്തനത്തിനുള്ള അവശ്യ ക്രമീകരണങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും പൂർത്തിയാകുന്നതിനുള്ള കാത്തിരിപ്പാണ് ഇനിയുള്ളെന്നാണ് റിപ്പോർട്ട്. ന്യൂസ് ഫസ്റ്റ് കന്നഡയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.
ബെംഗളൂരു-ധാർവാഡ് വന്ദേ ഭാരത് എക്സ്പ്രസ് (20661/20662) ബെലഗാവി വരെ നീട്ടുന്നതോടെ ഈ നഗരങ്ങൾ തമ്മിലുള്ള കണക്ടിവിറ്റിയും യാത്രാ സൗകര്യങ്ങളും വർധിക്കും. വിവിധ ആവശ്യങ്ങൾക്കായി ആളുകൾക്ക് ബെലഗാവിയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരാനും മടങ്ങാനും എളുപ്പയാത്ര വന്ദേ ഭാരത് സാധ്യമാക്കും, കൂടാതെ, ഈ പ്രദേശത്തിന്‍റെ സാമ്പത്തിക വളർച്ചയ്ക്കും ഇത് കാരണമാകും. രാവിലെ ബെലഗാവിയിൽ നിന്ന് പുറപ്പെട്ട് ബെംഗളൂരുവിലെത്തി രാത്രി ബെലഗാവിയിലേക്ക് മടങ്ങുന്ന വിധത്തിൽ വന്ദേ ഭാരത് സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
നേരത്തെ, ബെംഗളൂരു-ധാർവാഡ് വന്ദേ ഭാരത് എക്സ്പ്രസ് (20661/20662) ബെലഗാവി വരെ നീട്ടുന്നതനുസരിച്ച് ഒരു ടൈംടേബിൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. രാവിലെ 5:30 ന് ബെലഗാവിയിൽ നിന്ന് പുറപ്പെടുന്ന വന്ദേ എക്സ്പ്രസ് ഉച്ചയ്ക്ക് 1:00 ന് യശ്വന്ത്പൂരിലെത്തും. തിരികെ ഉച്ചകഴിഞ്ഞ് 2.30 ന് യശ്വന്തപൂരിൽ നിന്ന് മടങ്ങുന്ന ബെലഗാവി വന്ദേ ഭാരത് രാത്രി 10.30 ന് ബെലഗാവിയിൽ എത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














