വന്ദേ ഭാരത് എക്ല്പ്രസ് ട്രെയിനുകളുടെ സമയമാണിത്. പാളത്തിലിറക്കിയ ഭൂരിഭാഗം സര്‍വീസുകളും വൻ വിജയം നേടിയാണ് മുന്നേറുന്നത്. ട്രെയിൻ യാത്രയിലെ സ്ഥിരം പ്രശ്നങ്ങളായ ട്രെയിന്‍ വൈകലും പിടിച്ചിടലും ഒന്നുമില്ലാതെ, പറഞ്ഞ സമയത്ത് എത്തി കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതില്‍ വന്ദേ ഭാരത് കഴിഞ്ഞേ മറ്റൊരു ട്രെയിന്‍ ഉള്ളു എന്നതാണ് അവസ്ഥ. ഏറ്റവും വിജയകരമായ വന്ദേ ഭാരതുകൾ ഇപ്പോൾ കോച്ചുകൾ വർധിപ്പിക്കാൻ ഒരുങ്ങുകയാണ്.
കഴിഞ്ഞ ദിവസമാണ് രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ഒക്യുപൻസി റേറ്റുള്ള തിരുവനന്തപുരം - കാസർകോഡ് വന്ദേ ഭാരത് 20 കോച്ചിലേക്ക് മാറിയത്. ടിക്കറ്റ് കിട്ടുന്നതിന് ഏറെ ബുദ്ധിമുട്ടുള്ള ഈ സര്‍വീസിൽ തിരുവനന്തപുരത്തു നിന്നും കാസർഗോഡേക്കുള്ള20 കോച്ചോടെയുള്ള ട്രെയിനിന്റെ യാത്രയുടെ ആദ്യദിനം തന്നെ 100 ശതമാനം ബുക്കിംഗുകൾ പൂർത്തിയായിരുന്നു. ഇപ്പോഴിതാ മറ്റു രണ്ട് വന്ദേ ഭാരത് സർവീസുകൾക്കു കൂടി അധിക കോച്ചുകൾ ലഭിക്കുകയാണ്.

എട്ടിൽ നിന്നും പതിനാറിലേക്ക്
എട്ടു കോച്ചുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച രണ്ട് വന്ദേ ഭാരത് സർവീസുകൾക്കാണ് ഇരട്ടി കോച്ചുകൾ റെയിൽവേ അനുവദിച്ചിരിക്കുന്നത്. തിരുനെൽവേലി- ചെന്നൈ എഗ്മോർ- തിരുനെൽവേലി വന്ദേ ഭാരത്, സെക്കന്ദരാബാദ്- വിശാഖപട്ടണം വന്ദേ ഭാരത് എന്നീ രണ്ടു സർവീസുകൾ ആണ് എട്ടിൽ നിന്നും 16 കോച്ചിലേക്ക് ഉടൻ മാറുന്നത്. ഈ ട്രെയിനുകളിലെ ടിക്കറ്റ് ലഭ്യതയും ഇതോടെ ഇരട്ടിയാകും.
തിരുനെൽവേലി- ചെന്നൈ എഗ്മോർ- തിരുനെൽവേലി വന്ദേ ഭാരത്
ട്രെയിൻ നമ്പർ 20667/20665 തിരുനെൽവേലി- ചെന്നൈ എഗ്മോർ- തിരുനെൽവേലി വന്ദേ ഭാരത് ജനുവരി 15 ബുധനാഴ്ച മുതൽ 16 കോച്ച് വന്ദേ ഭാരത് എക്സ്പ്രസ് സർവീസായി ഓടും. നേരത്തെ ജനുവരി 11 മുതൽ സർവീസ് ആരംഭിക്കും എന്നായിരുന്നു ദക്ഷിണ റെയിൽവേ അറിയിച്ചിരുന്നത്. ഇതോടെ 16 കാർ തിരുനെൽവേലി- ചെന്നൈ എഗ്മോർ- തിരുനെൽവേലി വന്ദേ ഭാരതിൽ 14 ചെയർ കാറുകളും 2 എക്സിക്യൂട്ടീവ് ചെയർ കാറുകളുമാണുള്ളത്.
ചെന്നൈ എഗ്മോർ- തിരുനെൽവേലി വന്ദേ ഭാരത് (20665) ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.45 ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് രാത്രി 10.30 ന് തിരുനെൽവേലിയിലെത്തും. എസി ചെയർ കാറിന് 1610 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 3005 രൂപ എന്നിങ്ങനെയാണ് നിരക്ക്. 653 കിമി ഈ ട്രെയിൻ 07 മണിക്കൂർ 45 മിനിറ്റ് നേരത്തിൽ പിന്നിടും
തിരുനെൽവേലി- ചെന്നൈ എഗ്മോർ വന്ദേ ഭാരത് (20666) ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 6.05 ന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.55 ന് ചെന്നെ എഗ്മോറിൽ എത്തും. എസി ചെയർ കാറിന് 1665 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 3055 രൂപ എന്നിങ്ങനെയാണ് നിരക്ക്.
സെക്കന്ദരാബാദ്- വിശാഖപട്ടണം- സെക്കന്ദരാബാദ് വന്ദേ ഭാരത്
എട്ടു കോച്ചുകളിൽ നിന്നും 16 കോച്ചുകളിലേക്ക് ഉടനെ മാറുന്ന മറ്റൊരു സർവീസാണ് ട്രെയിൻ നമ്പർ 20707/20708 സെക്കന്ദരാബാദ്- വിശാഖപട്ടണം- സെക്കന്ദരാബാദ് വന്ദേ ഭാരത് എക്സ്പ്രസ്. ജനുവരി 13 മുതൽ 16 കോച്ചുകളിൽ സര്‍വീസ് ആരംഭിക്കും. 1024 ചെയർ കാർ സീറ്റുകളും 104 എക്സിക്യൂട്ടീവ് ചെയര്‍ കാറുകളുമാണ് 16 കോച്ചുകളിലായി ഉണ്ടാവുക.
സെക്കന്ദരാബാദ്- വിശാഖപട്ടണം വന്ദേ ഭാരത്
ട്രെയിൻ നമ്പർ 20707 സെക്കന്ദരാബാദ്- വിശാഖപട്ടണം വന്ദേ ഭാരത് വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പുലർച്ചെ 5.05 ന് സെക്കന്ദരാബാദ് ജംങ്ഷനിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് വിശാഖപട്ടണം എത്തുന്നു. എസി ചെയർ കാറിന് 1720 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 3170 രൂപ എന്നിങ്ങനെയാണ് നിരക്ക്. 699 കിമി ഈ ട്രെയിൻ 08 മണിക്കൂർ 45 മിനിറ്റ് നേരത്തിൽ പിന്നിടും
വിശാഖപട്ടണം- സെക്കന്ദരാബാദ് വന്ദേ ഭാരത്
ട്രെയിൻ നമ്പർ 20708 വിശാഖപട്ടണം- സെക്കന്ദരാബാദ് വന്ദേ ഭാരത് വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.30 ന് വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ട് 11.25 ന് സെക്കന്ദരാബാദ് എത്തും. എസി ചെയർ കാറിന് 1665 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 3120 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













