കേരളത്തിനകത്തും പുറത്തുമുള്ള മലയാളികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സർവീസാണ് ബെംഗളൂരുവിലേക്കുള്ളത്. കേരളത്തിനും കർണ്ണാടകയ്ക്കും ഇടയിലുള്ള യാത്രകൾ സുഗമമാക്കാം എന്നത് മാത്രമല്ല, ആയിരക്കണക്കിന് യാത്രക്കാർക്ക് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കുകയും ചെയ്യും. ഇപ്പോൾ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് എന്ന ചർച്ച വീണ്ടും സജീവമായിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഓണത്തിന് മുൻപ് റെയിൽവേ താത്കാലികമായി നടത്തിയ എറണാകുളം- ബെംഗളൂരു വന്ദേ ഭാരത് സര്‍വീസ് വൻ വിജയമായിരുന്നു. ഇതിന് പിന്നാലെയാണ് ഈ സർവീസ് സ്ഥിരമാക്കണമെന്ന ആവശ്യം യാത്രക്കാർ ഉയർത്തിയത്. പല കാരണങ്ങളാൽ അത് നടന്നില്ലെങ്കിലും ഇപ്പോൾ ചർച്ചകളിലുള്ളത് ബെംഗളൂരു- തിരുവനന്തപുരം വന്ദേ ഭാരത് സർവീസാണ്.

കഴിഞ്ഞ ആഴ്ച തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ബെംഗളൂരു വന്ദേ ഭാരതിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും പൊങ്ങിവന്നത്. ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് ആരംഭിക്കുവാനുള്ള സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോൾബെംഗളൂരു ഡിവിഷനിൽ നടക്കുന്ന സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ അവസാനിക്കുന്നതനുസരിച്ച് തിരുവനന്തപുരം - ബാംഗ്ലൂർ സെക്ടറിൽ പുതിയ വന്ദേ ഭാരത സർവീസ് ആരംഭിക്കുവാനുള്ള സാധ്യത പരിശോധിക്കാം എന്നാണ് ഇന്ത്യൻ റെയിൽവേ മറുപടി നല്കിയത്. കൊടിക്കുന്നിൽ സുരേഷ് എംപിയ്ക്കാണ് അധികൃതർ വാക്ക് നൽകിയത്.
ഇതിന് മുൻപ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും തിരുവനന്തപുരം - ബെംഗളൂരു വന്ദേ ഭാരത് വരുമെന്ന് വാഗ്ദാനം നല്കിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, എറണാകുളം- ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് ആരംഭിക്കാനുള്ള സാധ്യതകൾ ഇനി കുറവാണ്. കഴിഞ്ഞ കൊല്ലം താത്കാലിക സർവീസ് നടത്തിയിരുന്ന ദിവസങ്ങളിൽ സമയക്രമം ഒരു പ്രശ്നമായി ഉയർന്നു വന്നിരുന്നു. ബെംഗളൂരു കന്‍റോൺമെന്‍റ് റെയില്‍വേ സ്റ്റേഷനിൽ നിന്ന് രാവിലെ 5.30 ന് പുറപ്പെട്ടിരുന്ന വന്ദേ ഭാരതിൽ കയറാൻ എത്തുക എന്നത് ആളുകൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. തുടർന്ന് സമയം ഒരു മണിക്കൂർ വൈകി 6.30 ആക്കാനും ദക്ഷിണ റെയിൽവേ ആവശ്യപ്പെട്ടിരുന്നു. അതേസമയം, എറണാകുളം- ബെംഗളൂരു യാത്ര തിരിച്ചുള്ള റൂട്ടിനേക്കാൾ ജനപ്രിയമാവുകയും ചെയ്തിരുന്നു. എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് സ്പെഷ്യൽ സർവീസിന് 105 %, ബെംഗളൂരു എറണാകുളം സർവീസിന് 88 % ഒക്യുപെൻസി ഉണ്ടായിരുന്നു.
തിരുവനന്തപുരം- ബെംഗളൂരു വന്ദേ ഭാരത് സർവീസിനുള്ള സാധ്യത യാത്രക്കാർക്ക് ഏറെ പ്രതീക്ഷ നല്കുന്നതാണ്. ഐടി ജീവനക്കാർ, വിനോദസഞ്ചാരികൾ, മറ്റു യാത്രക്കാർ എന്നിവർക്ക് ഏറ്റവും കുറഞ്ഞ സമയത്തിൽ, വേഗത്തിലും സുഖകരവമായ യാത്ര വന്ദേ ഭാരത് നല്കും എന്ന കാര്യത്തിൽ സംശയമില്ല. തെക്കൻ കേരളത്തിലെയും മധ്യ കേരളത്തിലെയും യാത്രക്കാർക്കാണ് ഈ സർവീസുകൊണ്ട് കൂടുതൽ ഫലം ലഭിക്കുക.
ബെംഗളൂരു- എറണാകുളം വന്ദേ ഭാരതിന് പാലക്കാട്, ഷൊർണൂർ, തൃശൂർ, എറണാകുളം എന്നീ നാല് സ്റ്റോപ്പുകളായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. കേരളത്തിന് പുറത്ത് പോത്തനൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നീ സ്റ്റോപ്പുകളും ഉണ്ടായിരുന്നു.
അതേസമയം ബെംഗളൂരു - തിരുവനന്തപുരം വന്ദേ ഭാരത് സർവീസ് കേരളത്തിൽ കിട്ടാൻ സാധ്യതയുള്ളത് കൊല്ലം ജംങ്ഷൻ, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, പാലക്കാട് എന്നിവയും കേരളത്തിന് പുറത്ത് പോത്തനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, എന്നിവയുടമാണ്. ഇങ്ങനെ നോക്കിയാൽ മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും ജില്ലകൾക്ക് മുഴുവനും വടക്കൻ കേരളത്തിലെ ചില ജില്ലകള്‍ക്കും ബെംഗളൂരു - തിരുവനന്തപുരം വന്ദേ ഭാരത് സർവീസുകൊണ്ട് പ്രയോജനം ലഭിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













