ഗുഹകളും ക്ഷേത്രങ്ങളും നിറഞ്ഞ വിജയവാഡ

ഹോം » സ്ഥലങ്ങൾ » വിജയവാഡ » ഓവര്‍വ്യൂ

ആന്ധ്ര പ്രദേശിലെ മൂന്നാമത്തെ വലിയ നഗരമായ വിജയവാഡ കൃഷ്ണ ജില്ലയില്‍ കൃഷ്ണ നദിയുടെ തീരത്താണ്. ബേസവാഡയെന്നുംകൂടി അറിയപ്പെടുന്ന വിജയവാഡ ആന്ധ്രയുടെ വ്യാവസായി തലസ്ഥാനമെന്ന് കണക്കാക്കപ്പെടുന്ന സ്ഥലംകൂടിയാണ്. മനോഹരമായ ഒരു നഗരമാണ് വിജയവാഡ മാങ്ങകള്‍ക്കും അച്ചാറുകള്‍ക്കും മധുരപലഹാരങ്ങള്‍ക്കും പേരുകേട്ട വിജയവാഡ പുതിയ രുചികള്‍ തേടി യാത്രചെയ്യുന്നവരെ സംബന്ധിച്ച് തീര്‍ത്തും വ്യത്യസ്തമായ ഒരു സ്ഥലം തന്നെയായിരിക്കും.

മൂന്നുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ സ്ഥലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇന്ദ്രകിലാദ്രി മലനിരകളും കിഴക്കുഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലുമാണ് അതിരിടുന്നത്. നഗരത്തിന് പുറത്തായി പടിഞ്ഞാറുഭാഗത്തായിട്ടാണ് കൊണ്ടപ്പള്ളി വനമുള്ളത്. നഗരത്തിന് പുറത്തായുള്ള ഈ പച്ചപ്പ് വിജയവാഡയുടെ സൗന്ദര്യകൂട്ടുന്നു. വിജയത്തിന്റെ ഭൂമിയെന്നാണ് വിജയവാഡയെന്ന സ്ഥലനാമത്തിന്റെ അര്‍ത്ഥം. നഗരത്തിന്റെ ദേവതയായ കനകദുര്‍ഗയുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലനാമം ഉണ്ടായതെന്നാണ് കരുതുന്നത്. വിജയ എന്ന പേരിലാണ് ദേവി അറിയപ്പെടുന്നത്.

രുചിയേറിയ മാങ്ങകളുണ്ടാകുന്ന മണ്ണാണ് വിജയവാഡയിലേത്. മാവ് ഇവിടുത്തെ പ്രധാനകൃഷികളിലൊന്നാണ്. ഇപ്പോള്‍ ആന്ധ്രയിലെ പ്രമുഖ വ്യാവസായി നഗരങ്ങളിലൊന്നായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ നാട്ടില്‍ ഒട്ടേറെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഭാവിയിലെ ഗ്ലോബല്‍ സിറ്റികളുടെ കൂട്ടത്തിലാണ് ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വിജയവാഡയെ മകിന്‍സി ക്വാട്ടെര്‍ളി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിജയവാഡയുടെ ചരിത്രം

ഒടട്ടേറെ സാമ്രാജ്യങ്ങളുടെ ഉദയാസ്തമനങ്ങള്‍ക്ക് സാക്ഷിയായ നാടാണ് വിജയവാഡ. ചാലൂക്യന്മാരും, കൃഷ്ണദേവരായരും, ഒറീസയിലെ ഗജപതികളുമെല്ലാം വിജയവാഡ തങ്ങളുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കി ഭരണം നടത്തിയിട്ടുണ്ട്. ഒട്ടേറെ പുരാണകഥകളിലും ഐതീഹ്യങ്ങളിലുമെല്ലാം വിജയവാഡയുടെ പേര് പരാമര്‍ശിയ്ക്കപ്പെട്ടിട്ടുണ്ട്. ഇന്ദ്രകീലാദ്രി മലനിരകളില്‍ വച്ചാണ് പാണ്ഡവന്മാരില്‍ ഒരാളായ അര്‍ജ്ജുനനെ ശിവന്‍ അനുഗ്രഹിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

മഹിഷാസുരനെ വധിച്ചശേഷം ദേവി ദുര്‍ഗ വിശ്രമിച്ചതും ഇവിടെയാണെന്നാണ് പറയപ്പെടുന്നത്, അങ്ങനെയാണ് വിജയവാഡയ്ക്ക് ആ പേര് ലഭിച്ചതെന്നും കരുതപ്പെടുന്നു. കടലുമായി ചേരാനുള്ള ആഗ്രഹത്താല്‍ ദേവി കൃഷ്ണ(കൃഷ്ണ നദി) അര്‍ജുനനോട് ഇന്ദ്രകീലാദ്രിയിലൂടെ ഒരു തുരങ്കം നിര്‍മ്മിയ്ക്കാന്‍ ആവശ്യപ്പെട്ടെന്നും അര്‍ജുനന്‍ അപ്രകാരം ചെയ്യുകയും ചെയ്തു. ബെജ്ജം എന്നാണ് തുരങ്കത്തിന് തെലുങ്കില്‍ പറയുന്നത് അങ്ങനെ ഈ സ്ഥലത്തിന്റെ പേര് ബേസവാഡയെന്നായി എന്നും പറയപ്പെടുന്നു. ബ്രിട്ടീഷുകാര്‍ ചൂടേറിയ ഈ നഗരത്തെ ബ്ലേസ്‌വാഡയെന്നായിരുന്നുവത്രേ വിളിച്ചിരുന്നത്.

വിജയവാഡയിലെ പ്രധാന കേന്ദ്രങ്ങള്‍

ആരാധനാലയങ്ങളും വനവും നദികളുമെല്ലാമാണ് വിജയവാഡയിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങള്‍. കനക ദുര്‍ഗ ക്ഷേത്രമാണ് ആരാധനാലയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. തെക്കേ ഇന്ത്യയിലെ പഴക്കമേറിയ വിഷ്ണു ക്ഷേത്രങ്ങളില്‍ ഒന്നായ മംഗളഗിരി, അമരാവതിയിലെ അമരേശ്വര ശിവക്ഷേത്രം, ഗുണദല മാത ക്ഷേത്രം, സെന്റ് മേരീസ് ചര്‍ച്ച് എന്നിവയാണ് പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍.

മൊഗലരാജപുരം കേവ്‌സ്, ഉന്‍ഡവാലി കേവ്‌സ്, ഗാന്ധി സ്തൂപം, ഗാന്ധി ഹില്‍, കൊണ്ടപ്പള്ളി കോട്ട, ഭവാനി ഐലന്റ്, രാജീവ് ഗാന്ധി പാര്‍ക്ക് എന്നിവയാണ് വിജയവാഡയിലെ മറ്റ് ആകര്‍ഷണങ്ങള്‍. നദിയ്ക്കുകുറുകെ പണിതിരിക്കുന്ന പ്രകാശം ബാരേജ് പ്രദേശം മനോഹരമായ ഒരു പിക്‌നിക് കേന്ദ്രമാണ്.

വിജയവാഡയിലെ വിമാനത്താവളം  നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ ഗണ്ണവാരത്താണ് സ്ഥിതിച്യെയുന്നത്. വിശാഖപട്ടണം, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും വിജയവാഡയിലേയ്ക്ക് പതിവായി വിമാനസര്‍വ്വീസുകളുണ്ട്. വിദേശങ്ങളില്‍ നിന്നുംവരുന്നവര്‍ക്ക് ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയശേഷം അവിടെനിന്നും വിമാനമാര്‍ഗ്ഗം തന്നെ വിജയവാഡയിലേയ്ക്കും എത്താം. വിജയവാഡ ആന്ധ്രയിലെ പ്രധാനപ്പെട്ട ഒരു റെയില്‍ ഹെഡാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീവണ്ടികള്‍ ഈ വഴി കടന്നുപോകുന്നുണ്ട്. റോഡുമാര്‍ഗ്ഗവും സുഖകരമായി യാത്രചെയ്ത് എത്താവുന്ന സ്ഥലമാണിത്. ഒക്ടോബറിനും മാര്‍ച്ചിനും ഇടയിലുള്ള കാലമാണ് വിജയവാഡ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. വേനല്‍ക്കാലം കടുത്തചൂടാണ് ഇവിടെ അനുഭവപ്പെടുക, മഴക്കാലവും സന്ദര്‍ശനത്തിന് അത്ര അനുയോജ്യമല്ല. ഡെക്കാന്‍ ഫെസ്റ്റിവല്‍, ലുംബിനി ഫെസ്റ്റിവല്‍, ദസ്സറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളെല്ലാം നടക്കുന്നത് ഒക്ടോബര്‍-മാര്‍ച്ച് കാലത്താണെന്നതിനാല്‍ ഇതുതന്നെയാണ് ഏറ്റവും അനുയോജ്യമായ സന്ദര്‍ശനസമയം.

Please Wait while comments are loading...