നാട്ടിലാണ് ഏറ്റവും വലിയ ഓണാഘോഷമെന്നു പറഞ്ഞാൽ മറുനാടൻ മലയാളികൾ അത് തിരുത്തും.. ആഘോഷത്തിന്‍റെ കാര്യത്തിലായാലും സദ്യയും ഓണപ്പൂക്കളമാണെങ്കിലും ഓണത്തിന് ശേഷമുള്ള ഓണാഘോഷങ്ങളും ഒക്കെയയാി സജീവമാണ് ചെന്നൈ, ബെംഗളുരു, ഡൽഹി പോലുള്ള മലയാളികൾ ധാരാളം വസിക്കുന്ന സ്ഥലങ്ങളിലെ ആഘോഷങ്ങൾ. ചെന്നൈയിലും ഇത്തവണ ദിവസങ്ങൾ നീണ്ടുനില്‌ക്കുന്ന ഓണാഘോഷമാണ് ഉള്ളത്.
അത്തം മുതൽ തന്നെ ചെന്നൈയിൽ ഓണാഘോഷങ്ങൾക്ക് തുടക്കമായി. സദ്യയാണെങ്കിലും പൂക്കളവും കൂടിച്ചേരലുകളും ഒക്കെയാണെങ്കിലും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെ എല്ലാ തലമുറകളെയും ഉൾക്കൊള്ളുന്ന വിധത്തിലാണ് പരിപാടികളെല്ലാം ക്രമീകരിച്ചിരിക്കുന്നത്. മുതിർന്നവരിൽ നിന്നും കേട്ടറിഞ്ഞ ഓണം എങ്ങനെയുണ്ടെന്ന് നേരിട്ട് കണ്ട് അനുഭവിച്ചറിയാൻ കഴിയുമെന്നതിന്‍റെ ത്രില്ലിലാണ് ചെന്നൈയിലെ കുട്ടിക്കൂട്ടം.

നാട്ടിലേക്ക് പോയാൽ
എന്തു സംഭവിച്ചാലും ഓണം നാട്ടിൽ ആഘോഷിക്കണം എന്നു നിർബന്ധമുള്ളവർ ഈ ദിവസങ്ങളിലായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് വണ്ടികയറും. ബസ്, ട്രെയിന്‍ ടിക്കറ്റുകള് നേരത്തെ വിറ്റുതീർന്നിരുന്നു. സ്വകാര്യ ബസുകളിൽ നാട്ടിലേക്കുള്ള ടിക്കറ്റിന് കൊള്ളനിരക്കാണ്. മൂന്നും നാലും ഇരട്ടി തുകയാണ് പലയിടങ്ങളിലേക്കും ഈടാക്കുന്നത്. ഇത്തവണത്തെ തിരുവോണം ഞായറാഴ്ച ആയതിനാൽ ലീവെടുക്കാതെ ഓണം കെങ്കേമമാക്കാം എന്നതാണ് പ്രധാന ആകർഷണം. സ്പെഷ്യല്‍ സർവീസുകൾ ഇനിയും പ്രഖ്യാപിക്കുവാൻ സാധ്യതയുള്ളതിനാല് അവസാന നിമിഷതിലെ യാത്ര എന്ന പ്രതീക്ഷ കൈവിടേണ്ട.
ന്യൂ ജെൻ ഓണാഘോഷം
മുതിർന്നവരേക്കാള് ഓണാഘോഷങ്ങൾക്ക് ആവേശം കാണിക്കുന്നത് പുതിയ തലമുറയാണെന്നാണ് റിപ്പോർട്ടുകൾ. കേട്ടും വായിച്ചും അറിഞ്ഞ ഓണാം നേരിട്ട് അനുഭവിക്കാൻ സാധിക്കുന്നതിന്‍റെ ത്രില്ല് ഒട്ടും മറച്ചു വയ്ക്കാതെയാണ് പുതിയ തലമുറ ഇറങ്ങുന്നത്. കലാപരിപാടികൾ സംഘടിപ്പിക്കുവാനും ആസ്വദിക്കാനും കൗതുകം മാറാതെ കണ്ടുനിൽക്കാനുമെല്ലാം പുത്തൻ തലമുറ മുന്നിലുണ്ട്. സംഘടനകളുടെ ഓണാഗോഷമായാലം അസോസിയേഷനുകളുടെ ആണെങ്കിലും യുവാക്കളുടെയും കുട്ടികളുടെയും സാന്നിധ്യം എടുത്തുപറയേണ്ടതാണ്.
തനി നാടൻ സദ്യ വാങ്ങാം
ചെന്നൈയിൽ നാട്ടിലെയത്രയും രുചിയിൽ സദ്യ കിട്ടുമോ എന്ന് ചിലർക്ക് സംശയം തോന്നിയേക്കാം. എന്നാൽ നാട്ടിൽ നിന്നും എത്തിക്കുന്ന പാചകക്കാർ തനിമയൊട്ടും കുറയാതെ ഏറ്റവും രുചികരമായ ഓണസദ്യയാണ് ചെന്നൈയിൽ ഒരുക്കുന്നത്. ഹോട്ടലുകളും റസ്റ്റോറന്‍റുകളും ഓണസദ്യയ്ക്ക് മാത്രമായി പാചകക്കാരെ നാട്ടിൽ നിന്ന് കൊണ്ടുവരും. മലയാളി സംഘടനകളുടെ ആഘോഷങ്ങൾക്കും പാചകക്കാർ നാട്ടിൽ നിന്നുതന്നെയാണ്. മാത്രമല്ല, വീട്ടിൽ സദ്യ തയ്യാറാക്കി എല്ലാവരുമൊന്നിച്ച് കഴിക്കുന്ന രീതി പിന്തുടരുന്നവർ കുറവാണ് കാറ്ററിങ് സ്ഥാപനങ്ങളില്‍ നിന്നോ ഹോട്ടലുകളില്‍ നിന്നോ സദ്യ കൊണ്ടുവന്നോ അല്ലെങ്കിൽ പോയി കഴിക്കുന്നതിനോ ആണ് ആളുകൾക്ക് കൂടുതൽ താല്പര്യം.
299 രൂപാ മുതൽ ഓണസദ്യ ചെന്നൈയിലെ വിവിധ ഹോട്ടലുകളിൽ ലഭ്യമാണ്. പ്രധാനമായും മലയാളി ഹോട്ടലുകളാണ് സദ്യ ഒരുക്കുന്നത്. ചുരുക്കം ചില ദക്ഷിണേന്ത്യൻ ഹോട്ടലുകളിലും ഓണസദ്യ ലഭ്യമാണ്. ടേക്ക് എവേയും ഡൈൻ ഇൻ സൗകര്യവും മിക്കയിടങ്ങളിലുമുണ്ട്. എന്നാൽ പല സ്ഥലങ്ങളിലും മുന്‍കൂട്ടി ബുക്കിങ് ആവശ്യമാണ്. തിരുവേണ ദിനത്തിലാണ് ഏറ്റവും കൂടുതൽ സ്ഥലങ്ങളില് ഓണസദ്യ ഒരുക്കുന്നത്.
ക്ലബ്ബുകളുടെ ഓണാഘോഷം
ചെന്നൈയിലെ ഓണത്തിന് സമാജങ്ങളുടെയും ക്ലബ്ബുകളുടെയും പരിപാടികള് നിർബന്ധമാണ്. വർഷങ്ങളായി ചെന്നൈയുടെ പലഭാഗത്ത് വസിക്കുന്ന പലരും ഒരുമിച്ച് കാണുന്നതും ഭക്ഷണം കഴിക്കുന്നതും കലാപരിപാടികളിൽ പങ്കെടുക്കുന്നതും ഒക്കെ ഓണക്കാലത്താണ്. ശിങ്കാരി മേളവും ഓണസദ്യയും പുലികളിയും മറ്റു പരമ്പരാഗത കലാരൂപങ്ങളും ഒക്കെയായി വലിയ ഓണാഘോഷമാണ് ഇവിടെ നടത്തുന്നത്. പ്രായഭേദമന്യേ ആളുകൾ ഇതിൽ പങ്കെടുക്കുവാൻ താല്പര്യം കാണിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ, മലയാളികൾ വസിക്കുന്ന പ്രധാന ഇടങ്ങളില് വിവിധ സംഘടനകൾ ചേർന്ന് ഓണച്ചന്തയും ഒരുക്കും..
ഓണ യാത്ര നിർബന്ധം
നാട്ടിൽ പോകാതെ ചെന്നൈയിൽ ഓണം ആഘോഷിക്കുന്നവർ മിക്കവരും ഓണത്തിന്‍റെ ഭാഗമായി ഒരു യാത്രയും കൂടി പ്ലാൻ ചെയ്യുന്നുണ്ട്. നീണ്ട യാത്രയല്ലെങ്കിൽപ്പോലും തിരുവോണത്തിന്‍റെയെന്ന് രാവിലെ പൂക്കളമിട്ട്, എല്ലാവരും ഒരുമിച്ച് കുറച്ച് സമയം ചെലവഴിച്ച് പുറത്ത് പോയോ അല്ലെങ്കിൽ വീട്ടിൽ പാഴ്സൽ കൊണ്ടുവന്നോ ഓണസദ്യ കഴിച്ച് ഉച്ചകഴിഞ്ഞ് ഒരു ചെറിയ യാത്ര എന്ന രീതിയിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












