ഈ വർഷത്തെ അമർനാഥ് യാത്ര തീര്‍ത്ഥാടനത്തിന് ജൂലൈ 1 ശനിയാഴ്ച തുടക്കമാകും. അമരത്വത്തിന്‍റെ നാഥനായ മഹാദേവന്‍റെ സന്നിധിയിലേക്കുള്ള തീര്‍ത്ഥാടനം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ തീർത്ഥയാത്രകളിലൊന്നാണ്. തെക്കൻ കാശ്മീരിലെ ഹിമാലയൻ മലനിരകളിലൂടെ നടത്തുന്ന ഈ വിശുദ്ധ തീര്‍ത്ഥാടനം വിശുദ്ധമായ അമർനാഥ് ഗുഹയിലേക്കാണ് എത്തുന്നത്.
62 ദിവസം നീണ്ടുനിൽക്കുന്ന തീര്‌ത്ഥാടന കാലയളവിൽ പതിനായിരക്കണക്കിന് വിശ്വാസികളാണ് അമർനാഥ് ഗുഹയിലെത്തി ശിവലിംഗം ദർശിച്ച് സായൂജ്യമടയുന്നത്. എല്ലാ വർഷവും ശ്രാവണ മാസത്തിൽ അമർനാത് ഗുഹയിൽ പ്രത്യക്ഷമാകുന്ന സ്വയംഭൂ ശിവലിംഗം കണ്ട് ദർശനം നടത്തി പ്രാർത്ഥിച്ച് അനുഗ്രഹം നേടുകയാണ് ഇവിടെയെത്തുന്ന വിശ്വാസികളുടെ ലക്ഷ്യം. ഈ വര്‍ഷത്തെ തീർത്ഥാടനത്തിനുള്ള രജിസ്ട്രേഷൻ ഏപ്രിൽ 17ന് ആരംഭിച്ചിരുന്നു.

സ്കന്ദഷസ്‌തി ദിവസത്തിൽ ആരംഭിക്കുന്ന അമർനാഥ് യാത്രാ ശ്രാവണ പൂർണിമയിൽ അവസാനിക്കുന്ന വിധത്തിലാണ് ഓരോ വർഷവും നടത്തുന്നത്. ഒപ്പം കാലാവസ്ഥ, മഞ്ഞുവീഴ്ച തുടങ്ങിയ കാരണങ്ങളാലും വർഷാവർഷം തീർത്ഥാടനതിയതികളിൽ മാറ്റം വന്നേക്കാം. ഈ വർഷത്തെ അമർനാഥ് യാത്ര ഓഗസ്റ്റ് 31ന് സമാപിക്കും.
തീർത്ഥാടകരുടെ സുരക്ഷിതത്വവും സൗകര്യവും കണക്കിലെടുത്ത് ഒരു ദിവസം ഒരു റൂട്ടിൽ സഞ്ചരിക്കുവാൻ കഴിയുന്ന ആളുകളുടെ എണ്ണം പരമാവധി 7,500 ആക്കി നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ ഇതിൽ ഇതിൽ ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്ന തീർത്ഥാടകരുടെ എണ്ണം ഉൾപ്പെടുത്തിയിട്ടില്ല. ലഭ്യമായ രണ്ട് റൂട്ടുകളിലും 7500 പേർക്ക് വീതം ഒു ദിവസം യാത്ര നടത്താം.
അമർനാഥ് യാത്ര റൂട്ടുകൾ
അമർനാഥ് ഗുഹ തീർത്ഥാടനത്തിന് രണ്ടു റൂട്ടുകളാണ് ഉള്ളത്. പഹൽഗാമിൽ നിന്നാരംഭിക്കുന്ന 48 കിലോമീറ്റർ ദൈർഘ്യമുള്ള നുൻവാൻ റൂട്ടും ഗണ്ഡേർബാലിൽ നിന്നാരംഭിക്കുന്ന 14 കിലോമീറ്റര് ദൂരമുള്ള ബാൽതാൽ റൂട്ടുമാണിത്.
ശ്രാവണമാസത്തിലെ പൗർണ്ണമിയിൽ
അമൃതം നല്കി ദേവന്മാരെ ശിവൻ അമർത്യരാക്കിയെന്നും തുടർന്ന് അവരുടെ ആവശ്യപ്രകാരം ഹിമലിംഗമായി ശിവൻ അവിടെ താമസം ആരംഭിച്ചുവെന്നുമാണ് വിശ്വാസം. ശ്രാവണമാസത്തിലെ പൗർണ്ണമി നാളില്‍ ശിവൻ ഇവിടെ പ്രത്യക്ഷപ്പെട്ടെന്നു വിശ്വസിക്കപ്പെടുന്നു. അതിനാലാണ് ശ്രാവണ മാസത്തിൽ അമർനാഥ് തീർത്ഥാടനം നടത്തുന്നത്.

മാത്രമല്ല, ശിവൻ പ്രത്യക്ഷനായ പൗർണ്ണമി നാളിൽ ദർശനം നടത്തുവാൻ സാധിക്കുന്നത് ഏറ്റവും വലിയ പുണ്യമായാണ് വിശ്വാസികൾ കണക്കാക്കുന്നത്. തെക്ക് ദിശയിലേക്ക് ദർശനമുള്ള ഇത് ഹിമലിംഗം എന്നാണ് അറിയപ്പെടുന്നത്. അതോടൊപ്പം ശ്രാവണ മാസത്തിൽ തന്നെ അമർനാഥ് ഗുഹയ്ക്കുള്ളിൽ പാർവ്വതിയുടെയും ഗണപതിയുടെയും ഹിമരൂപങ്ങളും പ്രത്യക്ഷപ്പെടുമെന്നും വിശ്വസിക്കുന്നു.
മഞ്ഞിൽ രൂപം കൊള്ളുന്ന ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് അമർനാഥ് ഗുഹാ ക്ഷേത്രം. സമുദ്രനിരപ്പിൽ നിന്ന് 12,756 അടി ഉയരത്തിലാണ് ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിക്കിപീഡിയയിലെ വിവരങ്ങളനുസരിച്ച് ഏകദേശം 400 വര്‍ഷങ്ങൾക്കു മുൻപാണ് ഈ ഗുഹാ ക്ഷേത്രം കണ്ടെത്തുന്നതും പൂജകളും തീർത്ഥാടനവും ആരംഭിക്കുന്നതും. നൂറടി ഉയരവും നൂറ്റി അമ്പത് അടി ആഴവും അമർനാഥ് ഗുഹയ്ക്കുണ്ട്. ഗുഹയുടെ ചുവരുകൾ ചുണ്ണാമ്പുകല്ലുകൊണ്ടുള്ളവയാണ്.
അമാവാസിയിൽ അപ്രത്യക്ഷമാകുന്ന ഹിമലിംഗം
ഒട്ടേറെ വിശ്വാസങ്ങളും കൗതുകങ്ങളും അമർനാഥ് ഗുഹയിലെ ശിവലിംഗത്തിനുണ്ട്. എല്ലാ മാസവും വെളുത്തപക്ഷത്തിലെ ആദ്യ ദിനങ്ങളിൽ മഞ്ഞ് ശിവലിംഗത്തിന്റെ രൂപം പ്രാപിക്കുമെന്നും പൗർണ്ണമി നാളിൽ അത് പൂർണ്ണമായും ഒരു ശിവലിംഗത്തിന്റെ രൂപത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുമത്രെ.
തുടർന്ന് കൃഷ്ണപക്ഷത്തിലെ ആദ്യദിവസം മുതൽ മഞ്ഞ് ഉരുകുവാനാരംഭിക്കുകയും അമാവാസി ദിവസത്തിൽ ശിവലിംഗം പൂർണ്ണമായും അപ്രത്യക്ഷമാകുകയും ചെയ്യും. ഓരോ മാസത്തിലും ഇങ്ങനെ സംഭവിക്കുന്നുവെന്നാണ് വിശ്വാസം.

ശ്രാവണമാസത്തിലെ പൗർണമി മുതൽ കൃഷ്ണപക്ഷത്തിലെ അമാവാസി വരെ ശിവൻ ഈ ഗുഹയിൽ ദർശനം നല്കുന്നുവെന്നും ഇവിടെ ദർശനം നടത്തുന്നവരെ അനുഗ്രഹിക്കുന്നുവെന്നുമാണ് വിശ്വാസം. ദേവന്മാരുടെ ആഗ്രഹപ്രകാരം ആണത്രെ ഈ കാലയളവിൽ മഹാദേവന് ദർശനം നല്കുന്നത്.
ചിത്രങ്ങൾക്ക് കടപ്പാട്: Wikipedia
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














