പുന്നമട കായൽപ്പരപ്പിലെ ഓളങ്ങളെ ത്രസിപ്പിക്കുന്ന, മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി മത്സരം നാളെ. വള്ളങ്ങളും തുഴച്ചില്‍ക്കാരും ക്ലബ്ബുകളും അവസാന വട്ട ഒരുക്കങ്ങളാൽ തിരക്കിലാണ്. എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി ഈ വർഷം വയനാട് ചൂരൽമല ദുരന്തത്തെത്തുടർന്ന് മാറ്റിവെച്ചിരുന്നു. 70-ാംമത് നെഹ്‌റു ട്രോഫി വള്ളംകളിയാണ് ഈ വർഷം നടക്കുന്നത്.
ശനിയാഴ്ച രാവിലെ 11.00 മണിക്ക് നെഹ്‌റു ട്രോഫി വള്ളംകളി ആരംഭിക്കും. 19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരമാണ് ആദ്യം നടക്കുക. ഉദ്ഘാടനസമ്മേളനത്തിന് ശേഷം ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും.വൈകിട്ട് നാലുമുതലാണ് ഫൈനൽ മത്സരം.

ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിൽ അഞ്ച് ഹീറ്റ്‌സാണുള്ളത്. ആദ്യ നാല് ഹീറ്റ്‌സിൽ നാല് വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സിൽ മൂന്ന് വള്ളങ്ങളും മത്സരിക്കും. മികച്ച സമയത്തിൽ ആദ്യമെത്തുന്ന നാല് വള്ളമാണ് നെഹ്‌റുട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിന് ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.
ആലപ്പുഴയില്‍ ഗതാഗത നിയന്ത്രണം
നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിന്‍റെ പശ്ചാത്തലത്തിൽ രാവിലെ 9 മണി മുതൽ ആലപ്പുഴ നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ ആറുമണിമുതൽ ആലപ്പുഴ നഗരത്തിൽ ജനറൽ ആശുപത്രി ജങ്ഷന് വടക്കുവശം മുതൽ കൈചൂണ്ടി ജംഗ്ഷൻ, കൊമ്മാടി ജങ്ഷൻ വരെയുള്ള റോഡരികുകളിൽ പാർക്കിംഗ് അനുവദിക്കുന്നതല്ല. അനധികൃതമായി പാർക്കുചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതും. ഉടമയിൽ നിന്ന് പിഴ ഈടാക്കുന്നതുമായിരിക്കും.
രാവിലെ 7 മണിമുതൽ വൈകിട്ട് 7 മണിവരെ ജില്ലാ കോടതി വടക്കെ ജങ്ഷൻ മുതൽ കിഴക്കോട്ട് തത്തംപള്ളി കായൽ കുരിശടി ജങ്ഷൻ വരെ വാഹനഗതാഗതം അനുവദിക്കുന്നതല്ല. കൂടാതെ വൈഎംസിഎ തെക്കേ ജങ്ഷൻ മുതൽ കിഴക്ക് ഫയർഫോഴ്‌സ് ഓഫീസ് വരെയുള്ള ഭാഗം കെഎസ്ആർടിസി ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതവും അനുവദിക്കുന്നതല്ല.
നെഹ്റു ട്രോഫി വള്ളം കളി കാണാൻ ആലപ്പുഴ തണ്ണീർ മുക്കം റോഡിലൂടെ വടക്കുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ എസ്സ്ഡിവി സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. എറണാകുളം ഭാഗത്തു നിന്ന് നാഷണൽ ഹൈവേയിലൂടെ വരുന്ന വാഹനങ്ങൾ കൊമ്മാടി, ശവക്കോട്ടപ്പാലം വടക്കേ ജങ്ഷൻ വഴി എസ്സ്ഡിവി സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ചങ്ങനാശേരി ഭാഗത്ത് നിന്നും കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങൾ കാർമൽ സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
വള്ളംകളി കണ്ട് മടങ്ങുമ്പോൾ
വള്ളംകളി കഴിഞ്ഞ് നെഹ്റു പവലിയനിൽ നിന്നും തിരികെ പോകുന്നവർക്കായി ജലഗതാഗത വകുപ്പിൻ്റെ യാത്രാ ബോട്ട് ഏർപ്പാടാക്കിയിട്ടുണ്ട്. അപകടം ഒഴിവാക്കുന്നതിനായി ജനങ്ങൾ തിക്കുംതിരക്കും ഒഴിവാക്കേണ്ടതാണ്. വള്ളംകളിയുടെ തലേദിവസം മുതൽ വാഹനഗതാഗതവും പാർക്കിങ്ങും നിയന്ത്രിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











