ബെംഗളൂരു പുതുവർഷത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകളെയാണ് പുതുവർഷ തലേന്ന് നഗരത്തിലെ ആഘോഷങ്ങൾക്ക് പ്രതീക്ഷിക്കുന്നത്. പാർട്ടികളും ആഘോഷങ്ങളും പബ്ബുകളിലെ ഒത്തുചേരലുമടക്കം നിരവധി പ്രവര്‍ത്തനങ്ങളാണ് ഇവിടെയുള്ളത്. സാധാരണക്കാരടക്കം പലരും തിരഞ്ഞെടുക്കുന്ന ഇടം നന്ദി ഹിൽസ് ആണ്. എന്നാൽ ഈ വർഷത്തെ പുതുവത്സരാഘോഷങ്ങളിൽ നന്ദി ഹിൽസ് ഒഴിവാക്കേണ്ടി വരും.
പുതുവർഷാഘോഷ വേളയിലെ ക്രമസമാധാനപാലനം കണക്കിലെടുത്ത് ബെംഗളൂരു ജില്ലാ ഭരണകൂടം നന്ദി ഹിൽസിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. പുതുവർഷ തലേന്നായ ഡിസംബർ 31 ചൊവ്വാഴ്ച വൈകുന്നേരം 6.00 മണി മുതൽ 2025 ജനുവരി 1 ബുധനാഴ്ച രാവിലെ 7.00 മണി വരെ നന്ദി ഹിൽ സ്റ്റേഷനിലേക്ക് വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കില്ല.
നന്ദിഹിൽസിലെ ഗസ്റ്റ് ഹൗസുകളിൽ ഡിസംബർ 31-നുള്ള റൂം ബുക്കിങ്ങുകളും അധികൃതർ ഒഴിവാക്കിയിട്ടുണ്ട്. നന്ദി ഹിൽസിന് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ പോലീസ് വിന്യസിക്കും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തിലാണിത്.
എന്നാൽ ജനുവരി 1 ന് രാവിലെ 7.00 മണിക്ക് ശേഷം നിങ്ങൾക്ക് പകിവുപോലെ നന്ദി ഹിൽസിലേക്ക് യാത്രകൾ തുടരാം. എന്നാൽ നല്ല തിരക്ക് പ്രതീക്ഷിച്ച് മാത്രം പോവുക. ന്യൂ ഇയർ ഉൾപ്പെടെയുള്ള ആഘോഷ ദിവസങ്ങളോടനുബന്ധിച്ചാണ് ഇവിടെ ഏറ്റവുമധികം ആളുകൾ എത്തുന്നത്.
ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പുതുവർഷ ആഘോഷത്തോടനുബന്ധിച്ച് സുരക്ഷ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടവും പോലീസും കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അമിത തിരക്ക് ഒഴിവാക്കുക, ശബ്ദമലിനീകരണം നിയന്ത്രിക്കുക, ആഘോഷവേളയിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവ മുൻനിർത്തിയാണ് പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായും നഗരത്തിൽ പ്രത്യേക ക്രമീകരണങ്ങൾ നടത്തും. ബാറുകളും പബ്ബുകളും പുലർച്ചെ ഒരുമണി വരെ മാത്രമേ പ്രവർത്തിക്കൂ.
ഇത് കൂടാതെ പോലീസിന്‍റെ നേതൃത്വത്തിൽ ബെംഗളൂരുവിലെ പലയിടങ്ങളിലും പരിശോധന കേന്ദ്രങ്ങളും പോലീസ് പിക്കറ്റിംഗ് പോയിന്‍റുകളും സജ്ജമാക്കിയിട്ടുണ്ട്. എം ജി റോഡ്,
ബ്രിഗേഡ് റോഡ് ,റസിഡൻസി റോഡ് ,
സെന്‍റ് മാർക്ക്സ് റോഡ് , കബ്ബൺ പാർക്ക് ,ട്രിനിറ്റി സർക്കിൾ,
കോറമംഗല, ഇന്ദിരാനഗർ 100 ഫീറ്റ് റോഡ്
ഫീനിക്സ് മാൾ എന്നിവിടങ്ങളിലാണ് പരിശോധനാ കേന്ദ്രങ്ങളുള്ളത്.
ബെംഗളൂരു മെട്രോ അധിക സർവീസ് നടത്തും
ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്കും ആവശ്യകതയും പരിഗണിച്ച് ബെംഗളൂരു നമ്മ മെട്രോ ജനുവരി ഒന്നിന് പുലർച്ചെ 2.40 വരെ പ്രവർത്തിക്കും. ഡിസംബർ 31 ന് രാത്രി 11.00 മണി മുതൽ ജനുവരി 1 ന് പുലർച്ചെ 2.40 വരെ വരെ 10 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ സർവീസ് നടത്തും. മജസ്റ്റിക് മെട്രോ സ്റ്റേഷനില് നിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ 2.40 ന് പുറപ്പെടും. ടെർമിനൽ സ്റ്റേഷനുകളായ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, മടവര, ചള്ളഘട്ട, വൈറ്റ്ഫീൽഡ് (കടുഗോഡി) എന്നിവിടങ്ങളിൽ നിന്നുള്ള അവസാന ട്രെയിനുകൾ പുലർച്ചെ 2.00 മണിക്ക് പുറപ്പെടും
എംജി റോഡ് മെട്രോ സ്റ്റേഷൻ അടച്ചിടും
ന്യൂ ഇയര്‍ സമയത്തെ തിരക്ക് കണക്കിലെടുത്ത് എംജി റോഡ് മെട്രോ സ്റ്റേഷൻ അടച്ചിടും. യാത്രക്കാർക്ക് രാത്രി 8 മണിക്ക് ശേഷം എം ജി റോഡിലും ബ്രിഗേഡ് റോഡിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
ഈ സമയത്ത് . വൈറ്റ്ഫീൽഡ്, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷനുകളിലേക്ക് പോകുന്നവരോട് ട്രിനിറ്റി മെട്രോ സ്റ്റേഷനും ള്ളഘട്ട, മടവര ഭാഗത്തേക്ക് പോകുന്നവരോട് കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനും ഉപയോഗിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














