ഒറ്റക്കല്ലില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ ബാഹുബലി പ്രതിമയുടെ നാടാണ് ശ്രാവണബലെഗോള. ശ്രാവണബലെഗോളെയിലെത്തും മുന്‍പ് തന്നെ ഈ കൂറ്റന്‍ ബാഹുബലി പ്രതിമ നിങ്ങളുടെ കാഴ്ചയെത്തേടിയെത്തും. 17.5 മീറ്റര്‍ നീളമുണ്ട് ഈ ബാഹുബലി പ്രതിമയ്ക്ക്. എ ഡി 978 ലാണ് ഈ പ്രതിമ സ്ഥാപിച്ചത്. പണ്ടുകാലം മുതല്‍ക്കേ തന്നെ ശ്രാവണബലെഗോള പ്രധാനപ്പെട്ട ഒരു ജൈനതീര്‍ത്ഥാടന കേന്ദ്രമായിരുന്നു എന്ന സൂചനകളാണ് ഈ കൂറ്റന്‍ ബാഹുബലി പ്രതിമ നല്‍കുന്നത്.
പ്രതിമകളും ശിലാലേഖനങ്ങളും
ഒറ്റക്കല്ലില്‍ തീര്‍ത്ത ബാഹുബലി പ്രതിമയാണ് ശ്രാവണബലെഗോളയിലെ പ്രധാന ആകര്‍ഷണം. ബാഹുബലി പ്രതിമയെ ഗോമേതേശ്വരന്‍ എന്നും വിളിക്കും. ബാഹുബലി പ്രതിമയ്‌ക്കൊപ്പം സവിശേഷമായ മറ്റുചില പ്രാധാന്യങ്ങളും ശ്രാവണബലെഗോളയ്ക്കുണ്ട്. തെക്കേ ഇന്ത്യയില്‍ ജൈനമതം പ്രചരിപ്പിക്കുന്നതില്‍ സവിശേഷ സ്ഥാനം വഹിച്ച ഭരണാധികാരിയായിരുന്നു ചന്ദ്രഗുപ്ത മൗര്യന്‍. നിരവധി യുദ്ധങ്ങള്‍ ജയിച്ച് നാടുകള്‍ വെട്ടിപ്പിടിച്ച ശേഷം ചന്ദ്രഗുപ്തമൗര്യന്‍ എല്ലാം ഉപേക്ഷിച്ച് ശ്രാവണബലെഗോളയിലെത്തി മോക്ഷം പ്രാപിക്കുകയായിരുന്നു.
എ ഡി 630 മുതല്‍ 1830 വരെയുള്ള കാലങ്ങളിലെ ശക്തമായ ചരിത്രപാനൃരമ്പര്യം അവകാശപ്പെടാനുണ്ട് ശ്രാവണബലെഗോളയ്ക്ക്. ഗംഗന്മാര്‍, ചോളന്മാര്‍, ഹോയ്‌സാലന്മാര്‍, വോഡയാര്‍ എന്നുതുടങ്ങി നിരവധി രാജവംശങ്ങളുടേതെന്ന് കരുതപ്പെടുന്ന എണ്ണൂറോളം ശിലാന്യാസങ്ങളാണ് ചരിത്രത്തിലേക്ക് ശ്രാവണബലെഗോളയുടെ മുതല്‍ക്കൂട്ട്. ചെന്നാരായണ പട്ടണമാണ് ശ്രാവണബലെഗോളയ്ക്ക് സമീപത്തുള്ള ബസ് സ്റ്റേഷന്‍. മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് നിരവധി ബസ്സുകള്‍ ലഭ്യമാണ്. ചെന്നാരായണ പട്ടണത്തുനിന്നും ലോക്കല്‍ ബസ്സകളിലോ ടാക്‌സികളിലോ ശ്രാവണബലെഗോളയിലെത്താം.



Click it and Unblock the Notifications