യാത്രക്കാരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കേരളത്തിനുള്ള 20 കോച്ച് വന്ദേ ഭാരത് എക്സ്പ്രസ് വെള്ളിയാഴ്ച എത്തും. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച രീതിയിൽ സർവീസ് നടത്തുന്ന, യാത്രക്കാർ സ്ഥിരമായി ആശ്രയിക്കുന്ന തിരുവനന്തപുരം - കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് (20634/20633) സർവീസിനാണ് 20 കോച്ചുള്ള ട്രെയിൻ ലഭിക്കുക. നിലനിൽ 16 കോച്ചുള്ള ഈ സർവീസിന് പകരം 20 കോച്ച് ലഭിക്കുന്നതോടെ ടിക്കറ്റ് ലകൂടുതൽ പേർക്ക് യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും.
കേരളത്തിലേക്കുള്ള 20 കോച്ച് വന്ദേ ഭാരതിന് ചെന്നൈ സെൻട്രൽ ബേസിൻ ബ്രിഡ്ജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം വ്യാഴാഴ്ച പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകിയതിനെ തുടർന്ന് രാത്രിയോടെ കൊച്ചുവേളിയിലേക്ക് പുറപ്പട്ടു. വെള്ളിയാഴ്ച ഈ വന്ദേ ഭാരത് കേരളത്തിലെത്തുകയും തുടർന്ന് സർവീസ് നടത്തുകയും ചെയ്യും.

16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിൽ 1016 സീറ്റുകളാണ് ഉള്ളത്. എല്ലാ ദിവസവും ഫുൾ കപ്പാസിറ്റിയിലാണ് ഇത് സർവീസ് നടത്തുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവു കൂടുതൽ ഒക്യൂപൻസി റേറ്റ് ഉള്ള വന്ദേ ഭാരത് സർവീസാണിത്. ഏകദേശം 200 ശതമാനമാണ് ഇതിന്‍റെ ഒക്യൂപൻസി. അതായത് ഇതിലെ നൂറ്റ് സീറ്റിൽ ഒരു യാത്രയിൽ കയറിയും ഇറങ്ങിയും 200ഓളം യാത്രക്കാർ ഉപയോഗിക്കുന്നു എന്നതാണ് കണക്ക്.
നാല് അധിക കോച്ചുകൾ വരുന്നതോടെ 312 സീറ്റുകൾ ആണ് കൂടുന്നത്. അതായത് തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിന് ഇനി മുതൽ 1328 സീറ്റുകൾ ഉണ്ടായിരിക്കും. ഇതോടെ കൂടുതൽ പേർക്ക് ഇതിൽ യാത്ര ചെയ്യാനുള്ള അവസരവും കിട്ടും.
20 കോച്ച് വന്ദേ ഭാരത്
നിലവിൽ രണ്ട് ഇരുപത് കോച്ച് വന്ദേ ഭാരത് റേക്കുകളാണ് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങിയത്. ദക്ഷിണ-മധ്യ റെയിൽവേ, ദക്ഷിണ റെയിൽവേ എന്നിവയ്ക്കാണ് ഇത് നല്കിയിരുന്നത്. ഇതിൽ ദക്ഷിണ റെയിൽവേയ്ക്ക് ലഭിച്ചതാണ് ഇനി മുതൽ തിരുവനന്തപുരം - കാസർകോട് റൂട്ടിൽ സർവീസ് നടത്തുക.
20 കോച്ചുള്ള വന്ദേ ഭാരത് സർവീസ് തുടങ്ങിയാൽ 16 കോച്ചുള്ള പഴയ വന്ദേ ഭാരത് ദക്ഷിണ റെയിൽവേ അധിക വണ്ടിയായി ഉപയോഗിക്കും. മറ്റു വന്ദേ ഭാരതുകൾ അറ്റുകുറ്റപ്പണിക്കായും മറ്റും കയറ്റുമ്പോഴും സ്പെഷ്യൽ സർവീസിന് ആവശ്യം വരുമ്പോഴും ഇത് ഉപയോഗിക്കും. മൈസൂരു - ചെന്നൈ വന്ദേഭാരതിന് ഫെബ്രുവരിയിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഒരു മാസം നീണ്ട അറ്റുകുറ്റപ്പണിക്ക് കയറ്റുമ്പോൾ ഈ വണ്ടിയാവും പകരം കയറ്റുക.
അടുത്ത ഘട്ടത്തിൽ നിലവിൽ എട്ടു കോച്ചുകളുള്ള തിരുവനന്തപുരം- മംഗലാപുരം വന്ദേ ഭാതതിന് 20 കോച്ചുകൾ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













