ആറ്റുകാൽ പൊങ്കാല 2025: ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം ലക്ഷക്കണക്കിന് സ്ത്രീകളാണ് ആറ്റുകാലമ്മയ്ക്ക് അടുപ്പുകൂട്ടി പൊങ്കാലയർപ്പിക്കാൻ തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. ആറ്റുകാൽ ക്ഷേത്രവും പരിസരവും മാത്രമല്ല ക്ഷേത്രത്തിന് , 10 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലയടുപ്പുകള്‍ നീണ്ടു കിടക്കുകയാണ്. കോടി വസ്ത്രമുടുത്ത്, അടുപ്പിനു മുമ്പിൽ വിളക്കും നിറനാഴിയും വെച്ച് പ്രാർത്ഥിച്ച് തുടങ്ങുന്ന പൊങ്കാല ജീവിതത്തിൽ ഐശ്വര്യങ്ങള്‍ കൊണ്ടുവരുമെന്നാണ് വിശ്വാസം.
ആറ്റുകാലമ്മേ ശരണം എന്നുരുവിട്ട് വിശ്വാസികൾ കാത്തിരിപ്പിലാണ്. മുൻ വർഷങ്ങളിലേതിലേക്കാൾ തിരക്കാണ് ഇത്തവണയുള്ളത്. സുരക്ഷ കണക്കിലെടുത്ത് വലിയ ക്രമീകരണങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. കൂടാതെ, പൂർണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും പൊങ്കല ചടങ്ങുകൾ ഉണ്ടാവുക. പൊങ്കാല സമർപ്പണം നടത്തുന്നവർ നേരത്തെ തന്ന എത്തിക്കഴിഞ്ഞു.

ആറ്റുകാൽ പൊങ്കാല 2025
ഇന്ന് രാവിലെ 9:45ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെ ആറ്റുകാൽ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകും. 10:15നാണ് അടുപ്പുവെട്ട്. തുടർന്ന് പണ്ടാര അടുപ്പിൽ തീ പകരും. തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽനിന്നു ദീപം പകർന്നു ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകരും. ഉച്ചയ്ക്ക് 1:15ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും.
ആറ്റുകാൽ ക്ഷേത്രം ഇന്നത്തെ ചടങ്ങുകൾ
ആറ്റുകാൽ പൊങ്കാല ദിവസമായ ഇന്ന് ആറ്റുകാൽ ക്ഷേത്രത്തിലെ പ്രധാന പൂജകൾ, സമയം എന്നിവയറിയാം
രാവിലെ 4:30 : പള്ളിയുണർത്തൽ
5:00 : നിർമ്മാല്യദർശനം
5:30 : അഭിഷേകം
6:05 : ദീപാരാധന
6:40 : ഉഷഃപൂജ, ദീപാരാധന
8:30 : പന്തീരടിപൂജ, ദീപാരാധന
9:45 : ശുദ്ധപുണ്യാഹം
10:15 : അടുപ്പ്‌വെട്ട്, പൊങ്കാല
ഉച്ചയ്ക്ക് 1:15 : ഉച്ചപൂജ, പൊങ്കാല നിവേദ്യം, ദീപാരാധന
1:45 : ഉഷഃശ്രീബലി, ഉച്ചശ്രീബലി
വൈകുന്നേരം 6:45 : ദീപാരാധന
രാത്രി 7:45 : കുത്തിയോട്ടം ചുരൽകുത്ത്
11:15 : പുറത്തെഴുന്നള്ളിപ്പ്.
അടുത്ത ദിവസം രാവിലെ 5.00 മണിക്ക് പൂജയ്ക്കു ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 10.00 മണിക്ക് കാപ്പഴിക്കും. രാത്രി ഒന്നിനു നടക്കുന്ന കുരുതി സമർപ്പണത്തോടെ ഈ വര്‍ഷത്തെ പൊങ്കാല ഉത്സവം സമാപിക്കും.
പൊങ്കാലയിടാൻ വരുന്ന ഭക്തജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചൂട് കാലാണ്, അതുകൊണ്ടു തന്നെ പൊങ്കാല ഇടുവാൻ വരുന്നവർ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. വസ്ത്രങ്ങളുടെ കാര്യം മുതൽ പൊങ്കാല അടുപ്പുകളുടെ അകലം വരെ മുന്്‍കരുതൽ എടുക്കേണ്ടതാണ്. വകനത്ത വെയിൽ ആയതിനാൽ തന്നെ പ്രായാധിക്യം കൊണ്ടുള്ള അസ്വസ്ഥതകൾ ഉള്‌പ്പെടെയുള്ളവർ വെയിലേൽക്കാതെ മാറി നിൽക്കണം. കുട്ടികളെ ഒരു കാരണവശാലും പൊങ്കാല അടുപ്പിന് സമീപം നിൽക്കാൻ അനുവദിക്കരുത്.
പെട്ടെന്ന് തീ പിടിക്കാൻ സാധ്യതയുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക. കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
പൊങ്കാല അടുപ്പുകൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കാൻ ശ്രദ്ധിക്കുക.
അടുപ്പുകൾ ക്രമീകരിക്കുമ്പോൾ ഭക്തജനങ്ങൾ മുഖാമുഖമായി നിൽക്കുന്ന രീതിയിലായിരിക്കാൻ ശ്രദ്ധിക്കണം. പൊങ്കാലയിടുന്നവർ സാരിത്തുമ്പുകളും ഷാളും അയഞ്ഞ വസ്ത്രങ്ങളും ശരീരത്തോട് ചേർത്ത് ചുറ്റിവെക്കണം.
അടുത്തുള്ള അടുപ്പിൽ നിന്നും വസ്ത്രങ്ങളിലേക്കു തീ പടരാതിരിക്കാൻ കൂടുതൽ ജാഗ്രത പാലിക്കുക. അത്യാവശ്യ ഘട്ടത്തിൽ തീ അണയ്ക്കുന്നതിനായി അൽപ്പം വെള്ളം അടുത്ത് തന്നെ കരുതുക.
തങ്ങളുടെ അടുപ്പിൽ നിന്നും തീ പുറത്തേയ്ക്ക് പടരുന്നില്ല എന്നത് എല്ലാവരും ഉറപ്പാക്കണം.
വൈദ്യുതി പോസ്റ്റ്, പെട്രോൾ പമ്പുകൾ, ട്രാൻസ്ഫോർമറുകൾ തുടങ്ങിയവയ്ക്ക് സമീപത്ത് അടുപ്പ് കത്തിക്കരുത്.
പൊങ്കാലയ്ക്ക് ശേഷം അടുപ്പ് പൂർണമായി അണഞ്ഞെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം സ്ഥാനം വിട്ട് പോകണം. പൊള്ളലേറ്റാൽ ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകുക. സമീപത്തുള്ള പോലീസിൻറെയോ വോളണ്ടിയർമാരുടെയോ സഹായം തേടുക. ആവശ്യമെങ്കിൽ, വൈദ്യസഹായം തേടുക.
വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്ന സ്ഥലത്ത് നിന്നും സുരക്ഷിതമായ അകലം പാലിക്കണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












