ബാലി, പട്ടായ, ശ്രീലങ്ക, ദുബായ്....വിനോദ യാത്രകൾ വിദേശത്ത് ആഘോഷിക്കാൻ ആഗ്രഹിക്കുന്നവരുടെ പട്ടികയിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍ മിക്കപ്പോഴും ഇതൊക്കെ തന്നെയാണ്. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി സഞ്ചാരികളുടെ പ്രിയപ്പെട്ടെ വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നത് അസർബെയ്ജാൻ ആണ്. ടൂർ ഏജൻസികളുടെ കിടിലൻ പാക്കേജുകളും കൂടിയാകുമ്പോൾ മലയാളികൾ ഉൾപ്പെടെയുള്ള സന്ദർശകരുടെ ടോപ് ലിസ്റ്റിൽ ഇത് ഇടം നേടിയിട്ടുണ്ട്.
എന്തുകൊണ്ട് അസർബെയ്ജാൻ
എന്തുകൊണ്ട് അസർബെയ്ജാൻ സന്ദർശിക്കണം എന്നു ചോദിച്ചാൽ വെറും മൂന്നു കാരണങ്ങൾ മാത്രം മതി അടുത്ത യാത്ര ഇവിടേക്ക് പോകുവാൻ. കുറഞ്ഞ ചെലവിൽ വിദേശ യാത്ര, വെറും മൂന്ന് ദിവസത്തിൽ വിസ, പിന്നെ ഇഷ്ടം പോലെ കാഴ്ചകളും. ഇത്രയും മതിയല്ലോ ഏതൊരു സഞ്ചാരിയേയും ഒരു ലക്ഷ്യസ്ഥാനത്തെത്തിക്കുവാൻ. യൂറോപ്പിന്‍റെയും ഏഷ്യയുടെയും ഇടയിലായി സ്ഥിതി ചെയ്യുന്ന അസർബെയ്ജാൻ ട്രാൻസ്കോണ്ടിനെന്‍റൽ രാജ്യമാണ്.

യൂറോപ്യൻ രീതികളും ശൈലികളും ഇവിടെയുണ്ടെങ്കിലും ഒരു ഏഷ്യൻ ടച്ചും രാജ്യത്തെ കാഴ്ചകളിൽ നിങ്ങൾക്ക് കാണാം. ആകാശം മുട്ടി നിൽക്കുന്ന കെട്ടിടങ്ങളും പഴമയുടെ പ്രൗഢിയെ വിളിച്ചറിയിക്കുന്ന കോട്ട കൊട്ടാരങ്ങളും ചരിത്രയിടങ്ങളും മഞ്ഞുപെയ്യുന്ന ഗ്രാമങ്ങളും കേബിൾ കാണും പൗരാണിക ഗ്രാമങ്ങളും ഒക്കെ സഞ്ചാരികളെ ആകർഷിക്കാൻ പറ്റിയ കാഴ്ചകളാണ്.
വെറും മൂന്ന് ദിവസത്തിൽ വിസ
പെട്ടന്ന് ഒരു വിദേശ വിനോദ യാത്ര പ്ലാൻ ചെയ്യുമ്പോൾ വിസയും ടിക്കറ്റും താമസവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ശരിയാക്കി പോകാൻ കുറഞ്ഞത് ഒന്നോ രണ്ടോ ആഴ്ച വേണ്ടി വന്നേക്കാം. എന്നാൽ അസെർബൈജാനിലേക്കാണ് പോകുന്നതെങ്കില് വിസ ഇവിടെ ഒരു പ്രശ്നമല്ല. അപേക്ഷിച്ചാൽ വെറും മൂന്ന് ദിവസത്തിൽ ഇന്ത്യക്കാർക്ക് അസെർബെയ്ജാൻ ഇ-വിസ അനുവദിക്കും.
അസെർബെയ്ജാൻ ഇ-വിസ അപേക്ഷിക്കാൻ
അസെർബെയ്ജാൻറെ ഔദ്യോഗിക പോർട്ടലിൽ വിസയ്ക്കായി അപേക്ഷിക്കുകയാണ് ആദ്യ സ്റ്റെപ്പ്. തുടർന്ന് ആവശ്യമായ വിവരങ്ങള്‍ നല്കി പണം അടയ്ക്കുക. ഇന്ത്യക്കാർക്ക് അസെർബെയ്ജാൻ ഇ-വിസയ്ക്ക് 20 യുഎസ് ഡോളർ (ഏകദേശം 1,600 രൂപ) ആണ് ചെലവ്. വെറും മൂന്ന് ദിവസത്തിനുള്ളിൽ അസർബെയ്ജാൻ വിസ ലഭിക്കും.
കുറഞ്ഞ യാത്രാ ചെലവ്
വിമാന യാത്ര, ഹോട്ടൽ താമസം, സ്ഥല സന്ദര്‍ശനം, ഭക്ഷണം എന്നിവ ഉൾപ്പെടെയുള്ള എല്ലാ ചിലവുകളും ഉൾപ്പെടെ ഒരാള്‍ക്ക് 80,000 രൂപയ്ക്ക് പോയി വരാം. മൂന്നു രാത്രി ഉൾപ്പെടുന്ന പാക്കേജിനാണ് ഈ നിരക്ക്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പാക്കേജാണെങ്കിൽ 90,000 രൂപയ്ക്ക് പോയി വരാം. ഇതിലും കുറഞ്ഞ ചെലവിലും പോയി വരാൻ കഴിയും.
അസെർബെയ്ജാൻ തലസ്ഥാനമായ ബാകുവിലേക്ക് ഡൽഹിയിൽ നിന്നും നേരിട്ട് വിമാന സർവീസുകളും ലഭ്യമാണ്.
ചെലവ് പിന്നെയും കുറയും
സാധാരണ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്ന ചെലവ് വെച്ചുനോക്കുമ്പോൾ തീർത്തും കുറഞ്ഞ നിരക്കിൽ സന്ദർശിച്ചു വരാൻ സാധിക്കുന്ന രാജ്യം കൂടിയാണിത്. ഭക്ഷണത്തിന്‍റെ കാര്യത്തിലും വലിയ ബുദ്ധിമുട്ട് അനുഭവപ്പെടില്ല. നിരവധി ഇന്ത്യൻ റസ്റ്റോറന്‍റുകൾ രാജ്യത്തിന്‌റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നു.
തിരക്കില്ലാത്ത രാജ്യം
അസർബെയ്ജാന്‍റെ മറ്റൊരു പ്രത്യേകത തിരക്കില്ലാത്ത രാജ്യം എന്നതാണ്. സോഷ്യല് മീഡിയയിലെ റീൽസുകളിലൂടെയും വീഡിയോകളിലൂടെയും അറിഞ്ഞ് ഇവിടം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരാണ് അധികവും. എന്നിരുന്നാലും വലിയ തിരക്കോ ബഹളങ്ങളോ ഒന്നുമില്ലാതെ പോയി വരാൻ സാധിക്കും.
അസർബൈജാൻ സന്ദർശിക്കാൻ പറ്റിയ സമയം
അസർബൈജാനെ അതിന്‍റെ പകരം വയ്ക്കുവാനാകാത്ത ഭംഗിയിൽ കാണണമെങ്കിൽ ശൈത്യകാലത്തോ അല്ലെങ്കിൽ ശീതകാലത്തോ വരണം. മഞ്ഞുമൂടിയ കാഴ്ചകളാണ് വേണ്ടതെങ്കിൽ ജനുവരി, ഫെബ്രുവകി മാസങ്ങളാണ് യോജിച്ചത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സമയത്ത് ഇവിടം പച്ചപ്പിനാൽ മൂടും. സെപ്റ്റംബർ മുതൽ ഒക്‌ടോബർ വരെയും ഇവിടം സന്ദർശിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












