ബാംഗ്ലൂർ പുതുവർഷത്തിന്‍റെ ആഘോഷങ്ങളിലേക്ക് കടന്നു കഴിഞ്ഞു നക്ഷത്രങ്ങൾ ന്യൂ ഇയർ 2024 ആശംസകൾക്കും അലങ്കാരങ്ങള്‍ക്കും വഴിമാറി, ഇനി പുതിയ വർഷമാകുവാനുള്ള കാത്തിരിപ്പിലാണ്. ബെംഗളുരുവിലെ പുതുവർഷാഘോഷം പാർട്ടികളും പബ്ബുകളും മാത്രമായി പലപ്പോഴും ചുരുങ്ങാറുണ്ട്. ഇത്തവണ വ്യത്യസ്തമായി 2024 നെ യാത്രകളിലൂടെ സ്വീകരിച്ചാലോ...
ബാംഗ്ലൂരിൽ നിന്നും പുതുവർഷ യാത്രകൾക്ക് പറ്റിയ സ്ഥലങ്ങൾ നിരവധിയുണ്ട്. കാടും മലയും കയറേണ്ടവർക്ക് ട്രെക്കിങ് സ്പോട്ടുകളും പുതുവർഷപ്പുലരിയെ സ്വാഗതം ചെയ്യാന്‍ നന്ജി ഹിൽസും വൈൽഡ് ലൈഫ് യാത്രകൾക്ക് കബനിയും പോലെ എണ്ണിയാൽ തീരാത്തത്ര ഇടങ്ങൾ. ഇതാ പുതുവര്‍ഷ വാരാന്ത്യത്തിൽ ബാംഗ്ലൂരിൽ നിന്നുള്ള യാത്രകൾക് പറ്റിയ അഞ്ചിടങ്ങൾ പരിചയപ്പെടാം.

1. ഗുഡിബണ്ടെ (Gudibande)
ബാംഗ്ലൂരിൽ നിന്നുള്ള ഒരു ചെറിയ യാത്രയ്ക്ക് ലക്ഷ്യസ്ഥാനം നോക്കുന്നവർക്ക് പരിഗണിക്കുവാൻ പറ്റിയ സ്ഥലമാണ് ഗുഡിബണ്ടെ. വാരാന്ത്യ ലക്ഷ്യസ്ഥാനം എന്നതിനേക്കാൾ ഒരു ഏകദിന യാത്രയാണ് ഇവിടേക്ക് നല്ലത്. 17-ാം നൂറ്റാണ്ടിൽ നിർമ്മിതമായ ഒരു കോട്ടയാണ് ഇവിടുത്തെ ആകർഷണം. പ്രദേശിക ഭരണാധികാരിയായിരുന്ന ബൈരെ ഗൗഡയാണ് ഇത് നിർമ്മിച്ചത്.
മധുഗിരി കോട്ടയുടെ അതേ രൂപത്തിലാണ് ഗുഡിബണ്ടെ കോട്ടയുമുള്ളത്. ഗുഡിബണ്ടയിലെ ട്രെക്കിങ് താരമ്യേന എളുപ്പമുള്ള ഒന്നാണ്. ഒരു മണിക്കൂറിനുള്ളില മുകളിൽ എത്തി തിരികെ ഇറങ്ങാന്‍ കഴിയും. മുകളിൽ കയറി താഴെയിറങ്ങാൻ രണ്ട് കിലോമീറ്റർ ദൂരമാണ് പോകേണ്ടത്. വർഷത്തിൽ എപ്പോൾ വേണമെങ്കിലും പോവുകയും ചെയ്യാം. ബാംഗ്ലൂരിൽ നിന്നും 91 കിലോമീറ്ററാണ് ഗുഡിബണ്ടെയിലേക്കുള്ള ദൂരം.
2. ഗലിബോരെ
പ്രകൃതിയും യാത്രകളുമാണ് നിങ്ങൾക്കിഷ്ടമെങ്കിൽ ന്യൂ ഇയർ യാത്രകൾക്കായി ഗലെബോരെയിലേക്ക് ബാഗ് പാക്ക് ചെയ്യാം. ബാംഗ്ലൂരിൽ നിന്നും 102 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗലിബോരെ. കാവേരി നദിയുടെ തീരത്തുള്ള ഗലിബോരെ നേച്ചര്‍ ക്യാംപിങ്ങിനും കാട്ടിലെ താമസത്തിനും പ്രസിദ്ധമാണ്. മലനിരകളും കാടും വന്യതയും ചൂഴ്ന്നു നിൽക്കുന്ന ഇടത്തിനു നടുവിലാണ് ഗലിബോരെയുള്ളത്.
മനുഷ്യരുടെ ബഹളങ്ങളില്ലാതെ, പ്രകൃതിയോട് ചേർന്നുള്ള സമയമാണ് ഇവിടം നിങ്ങൾക്കു തരുന്നത്. കുട്ടികളെയും കൂട്ടി ശാന്തമായ ഒരിടത്തേയ്ക്ക പോകാൻ ആഗ്രഹിക്കുന്നവർക്കും ഇവിടേക്ക് വരാം. കൂടാതെ, പക്ഷി നിരീക്ഷണം, ട്രക്കിങ്, റാഫ്ടിങ്, നേച്ചർ വാക്ക്, സൈക്ലിങ് തുടങ്ങിയവയ്ക്കും ഇവിടെ അവസരങ്ങളുണ്ട്.
3. കുന്തി ബേട്ടാ
സാഹസിക യാത്രയാണ് പുതുവർഷത്തിലെ ലക്ഷ്യമെങ്കിൽ നിങ്ങൾക്ക് കുന്തി ബേട്ട തിരഞ്ഞടുക്കാം. ബാംഗ്ലൂരിൽ നിന്നും 130 കിമി അകലെയാണ് കുന്തി ബേട്ടാ സ്ഥിതി ചെയ്യുന്നത്. സൂര്യോദയം കാണാനുള്ള യാത്രയാണ് ഇവിടെ നിങ്ങളെ ആകർഷിക്കുന്നത്. പാണ്ഡവപുര എന്ന പേരിൽ ഹിന്ദു പുരാണങ്ങളിൽ കുന്തി ബേട്ടയെ വിശേഷിപ്പിക്കുന്നു. പുലർകാല യാത്രകൾക്കാണ് ഇവിടം കൂടുതൽ അനുയോജ്യം.
4. ബൈലക്കുപ്പെ
നീണ്ട വാരാന്ത്യ യാത്രകൾക്ക് ധൈര്യമായി വണ്ടിയെടുക്കാന‍് പറ്റിയ സ്ഥലമാണ് ബൈലക്കുപ്പെ. ബാംഗ്ലൂരിൽ നിന്നും 218 കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന ബൈലക്കുപ്പെ മൈസൂരിനും ബാംഗ്ലൂരിനും ഇടയിലായി, കൂര്‍ഗിനോട് അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ ടിബറ്റൻ റെഫ്യൂജി സെറ്റിൽമെന്‍റായ ഇവിടെ ബൈലക്കുപ്പെ സുവര്‍ണ്ണ ക്ഷേത്രം ആണ് പ്രധാന ആകർഷണം.
കുശാല്‍നഗറിലെ ബൈലക്കുപ്പെ നംഡ്രോലിംഗ് മൊണാസ്ട്രി എന്ന സുവര്‍ണ്ണ ക്ഷേത്രം അതിന്‍റെ രൂപം മുതൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും വരെയുള്ള കാര്യങ്ങളിൽ നമ്മെ അത്ഭുതപ്പെടുത്തുന്നു. ദലൈലാമയുടെ ഭവനമായ ധർമ്മശാല കഴിഞ്ഞാൽ, ടിബറ്റിന് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടിബറ്റൻ സെറ്റിൽമെന്റാണ് ബൈലക്കുപ്പെയിലുള്ളത്.
5. കബനി
വൈല‍്ഡ് ലൈഫും പ്രകൃതിയും ഇഷ്ടമുള്ളവർക്ക് കബനി തിരഞ്ഞെടുക്കാം. ബാംഗ്ലൂരിൽ നിന്ന് 215 കിലോമീറ്റർ ദൂരത്തിൽ ബാംഗ്ലൂരിനും മൈസൂരിനും ഇടയിലായാണ് കബനി ഉള്ളത്. കബനി നദിയുടെ തീരവും ഇവിടുത്തെ വന്യജീവികളും ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട കാര്യങ്ങളാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














