ബാംഗ്ലൂർ യാത്രകൾ എവിടേക്ക് വേണമെന്ന് പ്ലാൻ ചെയ്യുമ്പോള്‍ പരമാവധി ഒന്നോ രണ്ടോ ദിവസത്തെ യാത്രകളാവും മിക്കവരും നോക്കുക. ഒരു ദിവസംകൊണ്ടു പോയി വരാവുന്ന യാത്രകൾക്കാണ് അപ്പോഴും ആവശ്യക്കാർ കൂടുതൽ. എന്നാൽ ഈ വർഷാവസാനത്തിൽ ബാക്കിയായ ലീവ് ഒക്കെ എടുത് ഒരു നീണ്ട യാത്ര പ്ലാൻ ചെയ്താലോ? അങ്ങനെയൊരു ആഗ്രഹം മനസ്സിലുണ്ടെങ്കിൽ ഒരു കിടിലൻ പാക്കേജ് ബാംഗ്ലൂരിൽ നിന്നും ഐആർസിടിസി അവതരിപ്പിച്ചിട്ടുണ്ട്!
ആർക്കും നോ പറയുവാൻ സാധിക്കാത്ത വടക്കു കിഴക്കൻ ഇന്ത്യയിലേക്കാണ് ഐആർസിടിസിയുടെ ഈ പാക്കേജ്. അസാമിലെയും മേഘാലയയിലെയും പ്രധാന സ്ഥലങ്ങളെല്ലാം കണ്ടുവരുന്ന യാത്ര വരുന്ന ഡിസംബർ മാസത്തിൽ പോകാൻ പറ്റിയ യാത്രകളിലൊന്നും കൂടിയാണ്. ഇതാ ഈ പാക്കേജിനെക്കുറിച്ചും തിയതി, പ്രത്യേകതകൾ, ചിലവ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം.

വണ്ടേഴ്സ് ഓഫ് അസാം ആൻഡ് മേഘാലയ പാക്കേജ്
ബാംഗ്ലൂരിൽ നിന്ന് ഒരു നീണ്ട യാത്ര ആഗ്രഹിക്കുന്നവർക്ക് പറ്റിയ പാക്കേജാണ് ഐആർസിടിസിയുടെ വണ്ടേഴ്സ് ഓഫ് അസാം ആൻഡ് മേഘാലയ പാക്കേജ് (Wonders of Assam & Meghalaya Ex Bengaluru).ഒരുപാടാളുകൾ അവരുടെ ബക്കറ്റ് ലിസ്റ്റില് ഉൾപ്പെടുത്തിയിട്ടുള്ള വടക്കു കിഴക്കൻ ഇന്ത്യയെന്ന ആഗ്രഹം പൂർത്തീകരിച്ചവർ കുറവാണ്. ഒരിക്കലും നിരാശപ്പെടുത്താത്ത ഇവിടം അതിന്‍റെ മലനിരകളാലും സമതലങ്ങളാലും വൈവിധ്യവും അപൂർവവും വിചിത്രവുമായ സസ്യജന്തുജാലങ്ങളാൽ അതിശയിപ്പിക്കും.
ബാംഗ്ലൂർ-വടക്കു കിഴക്കൻ ഇന്ത്യ യാത്ര
അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനിൽക്കുന്ന യാത്രയില്‍ ചിറാപുഞ്ചി, ഗുവാഹത്തി, കാസിരംഗ, മൗലിനോംഗ്, ഷില്ലോംഗ് എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. ബെംഗളുരുവിൽ നിന്ന് ഗുവാഹത്തിയിലേക്കും തിരിച്ചും വിമാനത്തിലായിരിക്കും യാത്ര. ഡിസംബർ 11 മുതൽ 16 വരെയാണ് യാത്രാ തിയതി.

PC: santanu misra/Unsplash
ഇൻഡിഗോ എയർലൈനിൽ എക്കണോമി ക്ലാസിൽ ബെംഗളുരു-ഗുവാഹത്തി-ബെംഗളുരു വിമാനയാത്ര, പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവുമടക്കം അഞ്ച് രാത്രി ഹോട്ടൽ താമസം, ട്രാവൽ ഇൻഷുറൻസ് എന്നിവയടക്കമാണ് പാക്കേജ്. മുപ്പത് പേര്‍ക്കാണ് യാത്രയിൽ പങ്കെടുക്കുവാൻ സാധിക്കുക.
ഡിസംബർ 11 ന് രാവിലെ 8.20ന് ബാംഗ്ലൂർ-ഗുവാഹത്തി യാത്ര ആരംഭിക്കും. 11.20ന് ഗുഹാഹത്തിയിലെത്തും. തുടർന്ന് നേരെ ഷില്ലോങ്ങിലേക്ക് പോയി അന്ന് ഹോട്ടലിൽ താമസിക്കും. രണ്ടാം ദിവസം അതിരാവിലെ ചിറാപുഞ്ചിയിലേക്ക് പോകും. നോഹ്കലികെ വെള്ളച്ചാട്ടം, മോസ്മായി ഗുഹകൾ എന്നിവിടങ്ങൾ കണ്ട് വൈകുന്നേരത്തൊടെ ഷില്ലോങ്ങിലേക്ക് വരും. വരുന്ന വഴിയിൽ എലിഫന്‍റാ വെള്ളച്ചാട്ടവും കാണും.
മൂന്നാം ദിവസം ഷില്ലോങ്ങിൽ നിന്നും ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായ മോവ്ലിനോങ് കാണാന് പോകും. ഒപ്പം ലിവിങ് റൂട്ട് ബ്രിഡ്ജ്, ധ്വാകി ലേക്ക് എന്നിവിടങ്ങൾ കൂടി സന്ദർശിച്ച് ഷില്ലോങ്ങിലേക്ക് പോകും. നാലാം ദിവസം ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് ഡോൺ ബോസ്കോ മ്യൂസിയം, ഉമിയം ലേക്ക് എന്നിവിടങ്ങൾ കണ്ട് കാസിരംഗയിലേക്ക് പോകും. അന്ന് രാത്രി കാസിരംഗയിൽ താമസിക്കും.
അഞ്ചാം ദിവസം രാവിലെ കാസിരംഗ ദേശീയോദ്യാനത്തിൽ ജീപ്പ് സഫാരി നടത്തും. തുടർന്ന് ഗുവാഹത്തിയിലേക്ക് മടങ്ങും. ആറാം ദിവസം അതിരാവിലെ കാമാഖ്യ ക്ഷേത്രം, ബാലാജി ക്ഷേത്രം, എന്നിവിടങ്ങള്‍ കണ്ട് തിരികെ ഗുവാഹത്തിയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോകും. വൈകിട്ട് 9.10ന് ബാംഗ്ലൂരിൽ എത്തിച്ചേരും.
ടിക്കറ്റ് നിരക്ക്
സിഗിൾ ഒക്യുപൻസിയിൽ .43,800 /- രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 37,150 /- രൂപ, ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 35,500 /- രൂപ, 5-11 പ്രായത്തിലുള്ള കുട്ടിക്ക് എക്സ്ട്രാ ബെഡ് വേണമെങ്കിൽ .32,150 /- രൂപ , ബെഡ് വേണ്ടെങ്കിൽ 28,650 /-രൂപ, 3-4 പ്രായത്തിലുള്ള കുട്ടിക്ക് 21,900 /- രൂപ എന്നിങ്ങനെയാണ് നിരക്ക്.
പാക്കേജിനെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














