സ്വാതന്ത്ര്യ ദിന നീണ്ട വാരാന്ത്യം കഴിഞ്ഞ് അവധിയുടെ ആലസ്യം മാറുന്നതിനു മുൻപേ അടുത്ത അവധി എത്തിക്കഴിഞ്ഞു. രാഖി അഥവാ രക്ഷാ ബന്ധൻ. ഈ വര്‍ഷം ഓഗസ്റ്റ് 19 തിങ്കളാഴ്ചയാണ് രക്ഷാ ബന്ധന് വരുന്നത്, പലരുംസ്വാതന്ത്ര്യ ദിന അവധിയുമായി ചേർത്ത് ഓഗസ്റ്റ് 14 വൈകിട്ട് മുതൽ 19 വൈകിട്ട് വരെ നീണ്ടു നിൽക്കുന്ന യാത്രകളും പ്ലാൻ ചെയ്തിരുന്നു, അങ്ങനെ എടുക്കാൻ പറ്റിയില്ലെങ്കിലും ശനിയും ഞായറും തിങ്കളും കൂട്ടി മൂന്നു ദിവസത്തെ അവധി ഇനിയും വരുന്നുണ്ട്.
ബെംഗളുരുവിൽ നിന്ന് രക്ഷാ ബന്ധന് ആഘോഷിക്കാൻ സഹോദരങ്ങളെയും കസിൻസിനെയും ഒക്കെ കൂട്ടി ഒരു യാത്ര പ്ലാൻ ചെയ്താലോ. എല്ലാവരും കൂടി ഒരുമിച്ച് ഒരു വണ്ടിയിൽ ആസ്വദിച്ച് ഒരു യാത്ര. സ്ഥലം കാണുക എന്നതിനേക്കാൾ എല്ലാവരും ഒരുമിച്ചുള്ള യാത്രയും വണ്ടിയിലെ ബഹളങ്ങളും സംസാരവും തമാശകളും ഒക്കെ ചേരുന്നതാണ് ഈ യാത്രയുടെ രസം. അപ്പോൾ അങ്ങനെ നിങ്ങൾക്ക് പോകാൻ പറ്റിയ സ്ഥലങ്ങളാണ് മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്.
കൂർഗ്
ബാംഗ്ലൂരിൽ നിന്നും 267 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കൂർഗ് സഹോദരങ്ങൾക്കും കസിൻസിനും ഒപ്പം പോകാൻ പറ്റിയ സ്ഥലമാണ്. നീണ്ട ഡ്രൈവ് ആണെങ്കിലും എല്ലാവരും ഒരുമിച്ചുള്ള യാത്രയും തമാശകളും ഭക്ഷണം കഴിക്കലും കളിയാക്കലും ഒക്കെയാകുമ്പോൾ ക്ഷീണം അറിയുകയേയില്ല. കൂർഗിൽ ചെന്നിട്ട് കാപ്പിത്തോട്ടത്തിന് നടുവിൽ ഒരു താമസസ്ഥലം കണ്ടെത്തി ഒരു രാത്രി എല്ലാവരും ഒരുമിച്ച് ആഘോഷിക്കാനും മറക്കരുതേ. കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് ഈ യാത്ര നിങ്ങളെ തിരികെ കൊണ്ടുപോകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ഇന്ത്യയുടെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന കൂർഗ് പശ്ചിമഘട്ടത്തിന്‍റെ ഭാഗമാണ്. വെള്ളച്ചാട്ടങ്ങൾ, മനോഹരമായ കുന്നുകളും മലകളും, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍, മടിക്കേരി കോട്ട, രാജാസീറ്റ് എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ ഇവിടെയുണ്ട്. ആബി വെള്ളച്ചാട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കാണാൻ മറക്കരുത്.
പോണ്ടിച്ചേരി
മികച്ച ഡ്രൈവും മനസ്സിൽ സൂക്ഷിക്കാൻ പറ്റുന്ന തരത്തിലുള്ള കാഴ്ചകളും ആണ് പോണ്ടിച്ചേരിയുടെ പ്രത്യേകത. ബാംഗ്ലൂരിൽ നിന്നും 311 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പോണ്ടിച്ചേരി ഫ്രഞ്ച് സ്മരണകൾ ഇന്നും നിറഞ്ഞു നിൽക്കുന്ന ഇടമാണ്. ഫ്രഞ്ച് വാസ്തുവിദ്യയിൽ നിർമ്മിച്ച വീടുകളും അതിനോട് ചാഞ്ഞു നിൽക്കുന്ന ബോഗൺവില്ല ചെടികളും തന്നെയാണ് ഇവിടുത്തെ പ്രധാന കാഴ്ച. ചായമടിച്ച് മനോഹരമാക്കിയ പോണ്ടിച്ചേരിയിലെ തെരുവുകൾക്ക് പ്രത്യേക മുഖവുര വേണ്ടല്ലോ. കഫേകൾ, റസ്റ്റോറന്‍റുകള്, ദേവാലയങ്ങള് എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്.
ഗോകർണ
കസിൻസ് എല്ലാവരും ഒന്നിച്ച് ഒരു ബീച്ച് യാത്ര.. കടലിലിറങ്ങിയും കളിച്ചും വഴക്കുണ്ടാക്കിയും ഒക്കെ ഒന്നോ രണ്ടോ പകൽ ചെലവഴിക്കാൻ പറ്റിയ സ്ഥലമാണ് ഗോർണ. ബാംഗ്ലൂരിൽ നിന്ന് 483 കിലോമീറ്റർ അകലെയാണ് ഗോകർണ സ്ഥിതി ചെയ്യുന്നത്. ഉത്തര കന്നഡ ജില്ലയുടെ ഭാഗമായ ഇവിടം ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരു പുരാതന നഗരം കൂടിയാണ്. ബീച്ച് യാത്ര, ബീച്ച് ട്രെക്കിങ്, യോഗ, ക്ഷേത്ര സന്ദർശനം എന്നിങ്ങനെ ഇവിടെ ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഇത് കൂടാതെ സാഹസിക വിനോദങ്ങളിൽ താല്പര്യമുണ്ടെങ്കിൽ സ്കൂബാ ഡൈവിങ്, സ്നോർക്കലിങ്, സർഫിങ് തുടങ്ങിയ കാര്യങ്ങൾക്കും ഇവിടെ അവസരമുണ്ട്.
ഡണ്ടേലി
ഒരു അഡ്വഞ്ചർ യാത്രയാണ് കസിൻസ് എല്ലാവരും കൂടി ഉദ്ദേശിക്കുന്നതെങ്കിൽ ബാംഗ്ലൂരിൽ നിന്ന് ഡണ്ടേലിക്ക് പോകാം. ബാംഗ്ലൂരിൽ നിന്നും ഡണ്ടേലിയിലേക്ക് 473 കിലോമീറ്റർ ദൂരമുണ്ട്. കര്‍ണ്ണാടകയുടെ സാഹസിക തലസ്ഥാനം എന്നറിയപ്പെടുന്ന ഡണ്ടേലിയില് നിങ്ങളെ കാത്ത് ഒത്തിരി കാഴ്ചകളും ആക്റ്റിവിറ്റികളും ഉണ്ട്. പശ്ചിമഘട്ട മലനിരകളോട് ചേർന്ന് കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എല്ലായ്പ്പോഴും പ്രസന്നമാ കാലാവസ്ഥയാണ്. ജംഗിൾ ക്യാമ്പിങ്, നദീതീരത്തെ രാത്രി ക്യാമ്പിങ്, വാട്ടർ റാഫ്റ്റിങ് തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications
















