കുംതാ ബീച്ച് ട്രക്ക്
സാധാരണ കാടുകയറി ഇറങ്ങിയുള്ള ട്രക്കിങ്ങുകളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ബീച്ച് ട്രക്കിങ്ങുകൾ. ഇവിടെ, കാടിനുള്ളിലൂടെ കയറിയിറങ്ങിയുള്ള യാത്രകൾ ചെന്നവസാനിക്കുക അതിമനോഹരമായ ബീച്ചിന്റെ കാഴ്ചകളിലേക്കാണ്. അത്തരത്തിലൊന്നാണ് കുംതാ ബീച്ച് ട്രക്ക്,ബാംഗ്ലൂരിൽ നിന്നും 460ൽ അധികം കിലോമീറ്റർ അകലെയുള്ള ഈ ബീച്ച് ബാംഗ്ലൂർ തിരക്കുകൾ മാറ്റിവെച്ച് രണ്ടു മൂന്നു ദിവസത്തേയേയ്ക്കൊരു യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ ഇടമാണ്. വൃത്തിയിൽ സംരക്ഷിക്കുന്ന അതിമനോഹരമായ ബീച്ചും കയറിപ്പോരുവാൻ തോന്നിപ്പിക്കാത്തത്ര ഭംഗിയിലുള്ള നീലവെള്ളവും ഒക്കെ ചേർന്ന് കുംതാ ബീച്ച്. ബീച്ചിനേക്കാളും ഭംഗി ഇവിടേക്കുള്ള യാത്രയ്ക്കാണ്. മണ്ണും പച്ചപ്പും മാറിമാറിച്ചവിട്ടി, കുന്നുകൾ കയറിയിറങ്ങി എത്തിച്ചേരുന്ന ഇവിടെ ട്രക്കിങ്ങിനു മാത്രമല്ല, മീൻ പിടിക്കുവാനും കക്ക പെറുക്കുവാനും സാധാരണക്കാരായ ആളുകളെ പരിചയപ്പെടുവാനും അവിടുത്തെ രുചികൾ ആസ്വദിക്കുവാനുമെല്ലാം സൗകര്യങ്ങളുണ്ട്. ഏകദേശം 18 കിലോമീറ്ററോളം വിസ്തൃതിയിൽ നിരവധി ബീച്ചുകളിലൂടെയുള്ള യാത്രയാണ് കുംതാ ട്രക്കിങ്ങിന്റെ ആകർഷണം. സാധാരണ ഗിതിയിൽ വാനല്ലി ബീച്ചിൽ നിന്നും തുടങ്ങി നിർവ്വാണ ബീച്ചിൽ അവസാനിക്കുന്ന വിധത്തിലാണ് ട്രക്കിങ് പ്ലാൻ ചെയ്യുക. നവംബർ മുതൽ ഫെബ്രുവരി വരെയാണ് കുംതാ ട്രക്കിങ്ങിനു പറ്റിയ സമയം.
കുറിഞ്ഞാൽ ട്രക്ക്
കുദ്രേമുഖ് ദേശീയോദ്യാനത്തിലെ സാഹസികത നിറഞ്ഞ ട്രക്കിങ്ങ് റൂട്ടാണ് കുറിഞ്ഞാൽ പീക്ക് ട്രക്കിങ്. എവിടെ നോക്കിയാലും പച്ചപ്പിൽ നിറഞ്ഞു നിൽക്കുന്ന കുറിഞ്ഞാൽ പ്രകൃതി സ്നേഹികളുടെ ഒരു താവളം കൂടിയാണ്. ബാംഗ്ലൂരിൽ നിന്നും ഏകദേശം 350 കിലോമീറ്ററിലധികം ദൂരത്തിലുള്ള കുറിഞ്ഞാലില്‍ അധികം ബുദ്ധിമുട്ടാതെ തീർക്കുവാൻ പറ്റിയ 16 കിലോമീറ്റർ ട്രക്കിങ്ങാണുള്ളത്. എന്നാൽ ഇവിടെ ട്രക്കിങ്ങ് നടത്തുന്നതിനു മുന്‍പായി കുദ്രേമുഖ് ദേശീയോദ്യാനം അധികാരികളിൽ നിന്നും ആവശ്യമായ അനുമതികൾ വാങ്ങിയിരിക്കണം.
നിഷാനിമൊട്ടെ ട്രക്ക്
കൂർഗിലെ അധികം അറിയപ്പെടാത്ത ട്രക്കിങ്ങ് ട്രയലുകളിലൊന്നാണ് നിഷാനിമൊട്ടെ ട്രക്ക്. പ്രകൃതിയെ മുഴുവനായി അറിഞ്ഞുകൊണ്ടു പോകുന്ന യാത്രയാണ് ഇതിന്റെ പ്രത്യേകത. കേരളത്തിനെയും കർണ്ണാടകയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തിയിൽ നിന്നുള്ള മനോഹരമായ കാഴ്ചകൾ ഈ ട്രക്കിങ്ങിൽ പരിചയപ്പെടാം. കാവേരി നദിയുടെ ഉത്ഭവ സ്ഥാനമായ തകക്കാവേരിയിൽ നിന്നും തുടങ്ങി 13-15 കിലോമീറ്റർ വരെ നീണിടു നിൽക്കുന്ന ട്രക്കിങ്ങ് പാതയാണ് ഇതിനുള്ളത്. രണ്ടു ദിവസമാണ് യാത്രയ്ക്കു വേണ്ടി വരുന്ന സമയം.
നഗലപുരം ട്രക്ക്
വെള്ളച്ചാട്ടങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഇടമാണ് നഗലപുരം. ഒരു കുന്നിൽ മാത്രമായി സ്ഥിതി ചെയ്യുന്ന മൂന്നു നാലു വെള്ളച്ചാട്ടങ്ങളാണ് നഗലപുരത്തിന് ഈ പേരു നല്കിയത്. പൂര്‍വ്വഘട്ടത്തിന്റെ ഭാഗമായ ഇവിടം ബാംഗ്ലൂരിൽ നിന്നും പോകുന്ന മറ്റു ട്രക്കിങ് ട്രയലുകളേക്കാൾ ഏറെ വ്യത്യസ്തം കൂടിയാണ്.
മാർച്ച്, നവംഹർ മാസങ്ങളാണ് നഗലപുരം ട്രക്കിങ്ങിനു പറ്റിയ സമയം.
കൊപാട്ടി ട്രക്കിങ്ങ്
കർണ്ണാടകയിലെ കൂർഗിലെ അറിയപ്പെടാത്ത ട്രക്കിങ് പാതകളിലൊന്നാണ് കൊപാട്ടി ട്രക്കിങ്ങ്. നടന്നു പോകുന്നതിനേക്കാളും ബൈക്കിൽ വരാൻ സാധിക്കുന്നത്രയും മനോഹമായ ഒരു പാതയാണ് ഇവിടുത്തേത്. വെറും എട്ടു കിലോമീറ്റർ ദൂരം മാത്രമുള്ളതിനാൽ ട്രക്കിങ്ങിൽ പിച്ചവച്ചു തുടങ്ങുന്നവർക്കും ഒരു സംശയവും കൂടാതെ ഇവിടേക്ക് പോകാം. വയലും കൃഷിത്തോട്ടവും വെള്ളച്ചാട്ടവും പിന്നെ കാടും ഒക്കെ ചേർന്നുള്ള യാത്രയാണ് ഇവിടെയുള്ളത്.
കൊട്ടെ ബേട്ടാ ട്രക്ക്
കൂർഗിലെ മറ്റൊരു അറിയപ്പെടാത്ത ട്രക്കിങ്ങ് പാതകളിലൊന്നാണ് കൊട്ടെ ബേട്ടാ ട്രക്ക്. കൂർഗിലെ ഏറ്റവും വലുപ്പം കൂടിയ മൂന്നാമത്തെ മലയായ കോട്ടെ ബേട്ട കുന്നും കോട്ടയും ചേരുന്ന ഇടം കൂടിയാണ്. കാപ്പിത്തോട്ടങ്ങളിലൂടെ കയറി വെള്ളച്ചാട്ടങ്ങളിലിറങ്ങി പുൽമേട്ടിലെത്തുന്ന ഈ റൂട്ട് മഴക്കാലത്താണ് ഏറ്റവും നന്നായി കാണുവാൻ പറ്റിയ സമയം.
ഡാബേ ഫാൾസ് ട്രക്ക്
ഷിമോഗയിലെ ശരാവതി സംരക്ഷിത വനം പേരുകേട്ടിരിക്കുന്നത് ഇവിടുത്തെ എണ്ണമറ്റ വെള്ളച്ചാട്ടങ്ങൾക്കാണ്. ഇതിലൊന്നാണ് ഡാബേ ഫാൾസ്. ഹൊസഗഡേ ഗ്രാമത്തിൽ നിന്നും തുടങ്ങി ഏതൊരു യാത്രകനും വേണ്ടുന്ന സംത്പിതി നിറഞ്ഞ കാഴ്ചകൾ സമ്മാനിച്ച് വെള്ളച്ചാട്ടത്തിൽ അവസാനിക്കുന്ന ഈ ട്രക്കിങിന്റെ അവസാന ഒരു കിലോമീറ്റർ ശരീരത്തിന്റെ ശേഷിയെ ശരിക്കും പരീക്ഷിക്കുന്ന ഒന്നാണ്. 80 ഡിഗ്രി വരെ കുത്തനെ ഇറങ്ങേണ്ടി വരുന്നത് പലരേയും ബുദ്ധിമുട്ടിലാക്കുമെങ്കിലും ശ്രമിച്ചാൽ ആർക്കും പൂർത്തിയാക്കുവാന്‍ പറ്റുന്ന ഒന്നാണിത്.
ചോമക്കുണ്ട്
കൂർഗിൽ വലിയ രീതിയിലൊന്നും അറിയപ്പെടാത്ത ട്രക്കിങ്ങ് റൂട്ടുകളിലൊന്നാണ് ചോമക്കുണ്ട് ട്രക്കിങ്. ചോമക്കുണ്ടിലേക്ക് ആറു കിലോമീറ്റർ ദൂരമുണ്ട് നടന്നു കയറുവാൻ. കണ്ണൂരിനും കുടകിനും ഇടയ്ക്കായാണ് ചോമക്കുണ്ട് സ്ഥിതി ചെയ്യുന്നത്. ഈ വഴി പോകുമ്പോൾ ചെലവറ എന്നൊരു അധികം അറിയപ്പെടാത്ത വെള്ളച്ചാട്ടം കഴിഞ്ഞു വേണം ഇവിടെ എത്തുവാൻ. വെള്ളച്ചാട്ടം കഴിഞ്ഞ് രണ്ടു കിലോമീറ്റർ ദൂരം കൂടി സഞ്ചരിച്ചാൽ ചോമക്കുണ്ടിലെത്താം. സാധാരണയായി ചെലവറയിൽ നിന്നുമാണ് ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത്.
ബവികൊണ്ടാ ട്രക്ക്
പശ്ചിമ ഘട്ടത്തിലെ അധികം വ്യാവസായികവത്ക്കരിക്കപ്പെടാത്ത ട്രക്കിങ്ങ് റൂട്ടാണ് ബവികൊണ്ടാ ട്രക്ക്. കുദ്രേമുഖ് കാടിനോട് ചേർന്ന് മുള്ളോടി ഗ്രാമത്തിൽ നിന്നുമാണ് ഈ ട്രക്കിങ് ആരംഭിക്കുന്നത്. സോമാവതി നദിയുടെ കരയിലൂടെ മുന്നേറുന്ന ഈ ട്രക്കിങ്ങ് യാത്രകളിലെ തുടക്കക്കാർക്ക് ഉപകാരപ്പെടുത്തുവാൻ പറ്റിയ പാതകളിലൊന്നാണ്. വെറും ആറര കിലോമീറ്റർ ദൂരം മാത്രമുള്ളതിനാൽ ക്ഷീണിക്കാതെ യാത്ര പൂർത്തിയാക്കുവാനും സാധിക്കും.